മദ്യത്തിൽ മാത്രം ക്രൈസ്തവ സഭകൾക്കെന്താ വേവലാതി

0
2348

തണ്ണീർത്തടം നികത്തുന്നതും അനധികൃത മണ്ണെടുപ്പും പ്ലാസ്റ്റിക് ഉപയോഗവുമൊന്നും എതിർക്കാൻ തയ്യാറാവാത്ത ഇവരുടെ ലക്ഷ്യം മദ്യം ഇല്ലാതാക്കി സമൂഹത്തിൽ നന്മ കൊണ്ടുവരുകയാണെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്.

by അനീഷ്‌

കേരളത്തിൽ മദ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് നെടുനായകത്വം വഹിക്കുന്നത് ക്രൈസ്തവ സംഘടനകളാണ്. സഭയുടെ സ്വന്തം സംഘടനകളിലൂടെയുള്ള പ്രവർത്തനങ്ങൾക്കൊപ്പം മിക്ക മദ്യവിരുദ്ധ സംഘടനകളുടെയും നേതൃനിരയിലും ഉള്ളത് സഭാ നേതാക്കൾ തന്നെ. സഭയോടും വൈദിക നേതൃത്വത്തോടുമുള്ള ബഹുമാനം നിലനിർത്തിക്കൊണ്ട് തന്നെ ഒരുകാര്യം പറയാതെ വയ്യ; ഭാവിതലമുറയുടെ നിലനിൽപിനെ തന്നെ ബാധിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ താൽപര്യസംരക്ഷണം നടത്തുന്ന സഭാ നേതൃത്വം ഇവയെല്ലാം കണ്ടില്ലെന്ന് നടിച്ച് മദ്യത്തിന്റെ കാര്യത്തിൽ മാത്രം പൊതുസമൂഹത്തിന്റെ സംരക്ഷകരാകുന്നത് കാപട്യമാണ്.  ഇതേ പോലെ തന്നെ മദ്യത്തിന്റെ കാര്യത്തിൽ കോടതി ഉത്തരവിനെ പരിശുദ്ധ പ്രഖ്യാപനമായി കാണുന്ന സഭാ നേതൃത്വം തങ്ങൾക്കെതിരായ വിധികളുടെ അടിസ്ഥാനത്തിൽ ചർച്ചപോലും അനുവദിക്കാറുമില്ല.

യു.ഡി.എഫ് സർക്കാർ കൊണ്ടുവന്ന മദ്യനയത്തെ എതിർത്തവരെല്ലാം കേരളത്തിൽ മദ്യം ഒഴുക്കണമെന്ന നിലപാടുകാരാണെന്ന വ്യാഖ്യാനത്തോട് യോജിക്കാനാവില്ല. മദ്യലഭ്യത കുറച്ചുകൊണ്ടുവരണമെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകുമെന്നും കരുതാനാവില്ല. ബാറുകൾ ഒറ്റയടിക്ക് നിർത്തിയാൽ മദ്യഉപയോഗം കുറയുമെന്നോ ലഭ്യതകുറയുമെന്നോ കരുതാനുമാവില്ല. എന്നിട്ടും പ്രായോഗികത ഒരിക്കലും ചർച്ച ചെയ്യപ്പെട്ടില്ല.  ബോധവൽക്കരണത്തിന്റെ പ്രസക്തിയെക്കുറിച്ച് പറഞ്ഞവരെയെല്ലാം കൂട്ടായി അക്രമിക്കുകയാണ് മദ്യനിരോദനത്തിന്റെ പ്രയോക്താക്കളായി അവകാശപ്പെടുന്നവരെല്ലാം ചെയ്തത്.

മദ്യം ഇന്ന് കേരളത്തിൽ സാമൂഹിക വിപത്തായി മാറിയിട്ടുണ്ട്. പക്ഷെ, മാനവരാശിയുടെ നിലനിൽപ്പിനെ അപകടപ്പെടുത്തുന്ന വിഷയങ്ങളിൽ മൗനം പുലർത്തി മദ്യമെന്ന വിഷയത്തിൽ ഉറച്ചു നിൽക്കുന്ന രീതി ശരിയാണോ?  ലോകത്ത് ഒരേ ഇനം വസ്ത്രം വർഷം മുഴുവൻ ഉപയോഗിക്കാൻ കഴിയും വിധം അനുഗൃഹീത കാലാവസ്ഥയുള്ള അപൂർവ്വ ഇടങ്ങളിൽ ഒന്നാണ് കേരളം. കാലാവസ്ഥാ വ്യതിയാനം വരുത്തിയ മാറ്റങ്ങൾ കാലാവസ്ഥയെ സ്വാധീനിച്ച് തുടങ്ങിയിട്ടുണ്ടെങ്കിലും ഇവിടം ഇന്നും അനുഗൃഹീത നാടുതന്നെയാണ്.  എന്നാൽ, പരിസ്ഥിതി തകർക്കുന്ന രീതിയിലുള്ള ഇന്നത്തെ പ്രവർത്തനങ്ങൾ നിർബാധം തുടർന്നാൽ ദൈവത്തിന്റെ സ്വന്തം നാടും പരിവർത്തനപ്പെടുമെന്ന് ഉറപ്പാണ്.

പശ്ചിമഘട്ടത്തിലെ കൈയ്യേറ്റം, നെൽവയലുകളും തണ്ണീർത്തടങ്ങളും വ്യാപകമായി നികത്തപ്പെടുന്നത് അനധികൃത മണ്ണെടുപ്പ് നിയന്ത്രിത പാറപ്പൊട്ടിക്കൽ, പ്ലാസ്റ്റിക്-ഫ്‌ളെക്‌സ് ഉപയോഗം എന്നിവയെല്ലാം പരിഹരിക്കാനാകാത്ത മുറിവാണ് പ്രകൃതിക്ക് ഏൽപ്പിക്കുന്നത്.  ആവാസ വ്യവസ്ഥയെ തകിടം മറിക്കുന്ന ഇക്കാകര്യങ്ങളിലൊന്നും സഭകൾക്കും, മദ്യവിഷയത്തിൽ തെരുവിലിറങ്ങിയിട്ടുള്ളവർക്കും ആശങ്കയില്ലെന്നത് ഞെട്ടിപ്പിക്കുന്നതാണ്.  ഇടുക്കി ജില്ലയിൽ കൈയ്യേറ്റം ഒഴിപ്പിക്കുന്നതിൽ മുഖ്യതടസ്സം സഭകളാണെന്ന സത്യവും ഓർക്കേണ്ടതുണ്ട്. പശ്ചിമഘട്ട സംരക്ഷണം ലക്ഷ്യമിട്ട് തയ്യാറാക്കിയ ഗാഡ്ഗിൽ റിപ്പോർട്ട് ചർച്ച ചെയ്യാൻ പോലും സഭ അനുവദിച്ചില്ല. ഇതിൽ വെള്ളം ചേർത്ത് തയ്യാറാക്കിയ കസ്തൂരി രംഗൻ റിപ്പോർട്ട് അലമാരയിൽ നിന്നെടുക്കാനും സമ്മതിക്കുന്നില്ല. തണ്ണീർത്തടം നികത്തുന്നതും അനധികൃത മണ്ണെടുപ്പും പ്ലാസ്റ്റിക് ഉപയോഗവുമൊന്നും എതിർക്കാൻ തയ്യാറാവാത്ത ഇവരുടെ ലക്ഷ്യം മദ്യം ഇല്ലാതാക്കി സമൂഹത്തിൽ നന്മ കൊണ്ടുവരുകയാണെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്.  മദ്യനിരോധനമെന്ന ലക്ഷ്യത്തോടൊപ്പം ഈ വിഷയങ്ങളും ഏറ്റെടുത്തിരുന്നെങ്കിൽ ആത്മാർഥത അംഗീകരിക്കാനാവുമായിരുന്നു.  മദ്യവിരുദ്ധ സംഘടനകൾ ഏക ലക്ഷ്യമുള്ളവയായതിനാലാണ് സമര രംഗത്തുള്ള സഭാ നേതൃത്വത്തോട് ഇത് ചൂണ്ടിക്കാട്ടേണ്ടി വരുന്നത്.

ഒരു മദ്യശാല മാറ്റിസ്ഥാപിക്കാൻ കഴിയാത്ത വിധം ശക്തമാണ് കേരളത്തിൽ ഉയർന്ന് വരുന്ന സമരങ്ങൾ.  ഈ സമര വീര്യം അംഗീകരിക്കപ്പെടേണ്ടതാണ്.  പരിസ്ഥിതി സംരക്ഷണത്തിന് പുറമെ അഴിമതി, മാലിന്യ പ്രദർശനം തുടങ്ങിയ സാമൂഹിക വിപത്തുകൾക്കെതിരെ പോലും ഇത്തരം ശക്തമായ സമരം ഉയർന്നു വരാറില്ല.  അപ്പോൾ ഇത്തരം സംഘടിത ശക്തി ഇക്കാര്യങ്ങളിൽ കൂടി ഉപയോഗപ്പെടുത്തേണ്ടതല്ലേ?  ഇതിനെല്ലാം നേതൃത്വം നൽകാൻ മടിച്ച് മദ്യത്തിൽ മാത്രം പോരാട്ടം തളച്ചിടുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിക്കണം.