വിന്‍ഡീസിനെയും വീഴ്‌ത്തി ഇന്ത്യന്‍ വനിതകള്‍

0
124

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തകര്‍പ്പന്‍ ബാറ്റിംഗ്വ പുറത്തെടുത്ത സ്മൃതി മന്ദനയുടെ മികവില്‍ വനിതാ ലോകകപ്പില്‍ ഇന്ത്യക്ക് ജയം.നിലവിലെ രണ്ടാം സ്ഥാനക്കാരായ വെസ്റ്റിൻഡീസിനെ ഏഴ് വിക്കറ്റിനാണ് ഇന്ത്യ തകർത്തത്. ആദ്യം ബാറ്റ് ചെയ്ത് ബാറ്റിങ് തകർച്ച നേരിട്ട വിൻഡീസിന് ഇന്ത്യയ്ക്കെതിരെ 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 183 റൺസ് മാത്രമാണ് നേടാനായത്. തുടക്കത്തിൽ ഒന്ന് പതറിപ്പോയെങ്കിലും പെട്ടന്ന് തിരിച്ചുവന്ന ഇന്ത്യ 42.3 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു.
ആദ്യ ഓവറിൽ തന്നെ ഓപ്പണർ പൂനം റാവത്തിനെയും (0) എട്ടാം ഓവറിൽ ദീപ്തി ശർമയെയും (6) നഷ്ടപ്പെട്ട് വിറച്ചുപോയ ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത് തുടർച്ചയായ രണ്ടാം മത്സരത്തിലും മിന്നുന്ന ഫോം പ്രകടിപ്പിച്ച സ്മൃതി മന്ദനയുടെ സെഞ്ചുറിയാണ. 108 പന്തിൽ നിന്ന് പുറത്താകാതെ 106 റൺസാണ് മന്ദന നേടിയത്. ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിൽ 90 റൺസെടുത്തിരുന്നു മന്ദന. മന്ദനയ്ക്ക് ക്യാപ്റ്റൻ മിഥാലി രാജ് മികച്ച പിന്തുണ നൽകി. മിഥാലി രാജ് 88 പന്തിൽ പന്തിൽ നിന്ന് 46 റൺസ് നേടി. വിൻഡീസിനുവേണ്ടി കോണെൽ, ടെയ്ലർ, മാത്യൂസ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത വിൻഡീസിന്
ഒരിക്കൽപ്പോലും ഇന്ത്യയ്ക്കെതിരെ പിടിച്ചുനിൽക്കാനായില്ല. ഹെയ്ലി മാത്യൂസ് (43), ഡാലെ (33), ഫ്ളെച്ചർ (36 നോട്ടൗട്ട്) എന്നിവർ ഒഴികെ മറ്റുള്ളവർക്കാർക്കും കാര്യമായി റൺ സംഭാവന ചെയ്യാനായില്ല. ഒരൊറ്റ നല്ല കൂട്ടുകെട്ട് പോലും പടുത്തുയർത്താൻ വിൻഡീസ് താരങ്ങൾക്ക് കഴിഞ്ഞില്ല. വാൾട്ടേഴ്സ് (9), ക്യാപ്റ്റൻ ടെയ്ലർ (16), ഡോട്ടിൻ (7), അഗ്യുല്ലെരിയ (6) എന്നിവർ നിസാര സ്‌കോറിന് പുറത്തായതാണ് വിൻഡീസിന് തിരിച്ചടിയായത്.