അമ്മയിലെ നിലപാട്; മുകേഷിനെതിരേ സി.പി.എം. കൊല്ലം ജില്ലാ കമ്മറ്റി

0
148

താരങ്ങളുടെ സംഘടനയായ അമ്മയുടെ യോഗത്തില്‍ കൊല്ലം എം.എല്‍.എകൂടിയായ നടന്‍ മുകേഷ് കൈക്കൊണ്ട നിലപാടിനെതിരേ സി.പി.എം. കൊല്ലം ജില്ലാ കമ്മിറ്റി. പ്രശ്‌നം ജില്ലാ കമ്മിറ്റിയില്‍ ഉന്നയിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. സംഭവങ്ങളില്‍ മുകേഷില്‍നിന്നു വിശദീകരണം തേടാനും ആലോചനയുണ്ട്.

അമ്മയുടെ ജനറല്‍ ബോഡി യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് ഇടത് എം.എല്‍.എ. മാരുമായ മുകേഷും കെ.ബി. ഗണേഷ്‌കുമാറും വളരെ അസഹിഷ്ണുതയോടെയാണ് മറുപടി നല്‍കിയത്. വേദിയിലുണ്ടായിരുന്ന മമ്മൂട്ടിയും മോഹന്‍ലാലും മൗനം പാലിച്ചപ്പോള്‍ എം.എല്‍.എമാര്‍ രണ്ടുപേരും ചേര്‍ന്ന് രൂക്ഷമായ ഭാഷയില്‍ പ്രതികരിക്കുകയായിരുന്നു.

ഇരയോടും ആരോപണ വിധേയനായ നടനോടും എങ്ങനെ ഒരേ നിലപാടു സ്വീകരിക്കുന്നുവെന്ന ചോദ്യമാണ് പ്രകോപനത്തിനിടയാക്കിയത്. ദിലീപിനെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങള്‍ അനുവദിക്കില്ലെന്നും വനിതാ സംഘടനയുടെ പ്രതിനിധികള്‍ പോലും യോഗത്തിനെത്തി അമ്മയ്ക്കു പിന്തുണ അറിയിച്ചിട്ടുണ്ടെന്നും മുകേഷ് പറഞ്ഞു. വനിതാ സംഘടനയുടെ ഭാരവാഹിക്കള്‍ക്കില്ലാത്ത പ്രശ്‌നം മാധ്യമങ്ങള്‍ക്കെന്തിനാണെന്നും അദ്ദേഹം ചോദിച്ചു. നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് യോഗത്തില്‍ ആരും പ്രതികരിച്ചിട്ടില്ലെന്നായിരുന്നു ഗണേഷ് കുമാറിന്റെ പ്രതികരണം. പരസ്യമായി സ്ത്രീവിരുദ്ധ നിലപാട് സ്വീകരിച്ചതാണ് ജനപ്രതിനിധിയായ മുകേഷിനെ കേന്ദ്രീകരിച്ച് സി.പി.എമ്മിനുള്ളില്‍ ചര്‍ച്ചയുയരാന്‍ കാരണമായിരിക്കുന്നത്. മുകേഷും ഗണേഷും ഇന്നസെന്റും അമ്മയുടെ സ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് ചെറിയാന്‍ ഫിലിപ്പ് രംഗത്തെത്തിയിരുന്നു. അമ്മയുടെ നടപടിയെ വിമര്‍ശിച്ച് പി.കെ.ശ്രീമതി എം.പിയും എം.എ.ബേബിയും രംഗത്തുവന്നിട്ടുണ്ട്.