ജി.എസ്.ടി : റീട്ടെയിൽ ഭീമന്മാരുടെ  സുവർണകാലം

0
1890

വാൾമാർട് പോലുള്ള ഭീമന്മാർ ഇന്ത്യയോട് വലിയ പ്രതിപത്തി കാണിക്കുന്നില്ല. സംസ്ഥാന-കേന്ദ്ര നികുതികളുടെ ബാഹുല്യം മൂലം വ്യാപാരം കേന്ദ്രീകൃതമായി നടത്താനാകുന്നില്ലെന്നതാണ് ഇവരുടെ പ്രശ്‌നം

 
ജോർജ്ജ് ജോസഫ് പറവൂർ
ഇന്ത്യ ഇതഃപര്യന്തം കണ്ട ഏറ്റവും വലിയ നികുതി പരിഷ്‌ക്കരണമാണ് ജി.എസ്.ടി. സംസ്ഥാനത്തിന്റെ നികുതി നിർണ്ണയ അവകാശവും സ്വന്തമായ വരുമാനമാർഗവും ഇല്ലാതാക്കു ഈ രീതി, ഫെഡറൽ ഭരണ സമ്പ്രദായത്തെ തന്നെ  മാറ്റി മറിക്കുന്നതാണ്. ഇത്തരം അധികാര-അവകാശങ്ങൾ സംസ്ഥാനങ്ങൾക്ക് ഇല്ലാതാകുമ്പോൾ നികുതി വരുമാനത്തിലെ വിഹിതവും മേലിൽ കേന്ദ്രം കനിഞ്ഞു നൽകണം. കേന്ദ്ര ജി.എസ്.ടി, സംസ്ഥാന ജി.എസ്.ടി, ഇന്റഗ്രേറ്റഡ് ജി.എസ്.ടി എന്നിങ്ങനെ മൂന്നു തട്ടുകളിലായി സംസ്ഥാനത്തിനും ചില അധികാരങ്ങൾ ഉണ്ടാകുമെങ്കിലും വാണിജ്യ നികുതി പിരിവിന്റെ മുഖ്യ അധികാരസ്രോതസ് കേന്ദ്രം തന്നെയായിരിക്കും.മന്ത്രിമാർ അംഗങ്ങളായ, വിപുലമായ അധികാരങ്ങളോട് കൂടിയ ജി.എസ്.ടി കൌണ്‍സിൽ ഉണ്ടെങ്കിലും കേന്ദ്രം ഭരിക്കുന്ന കക്ഷി അല്ലെങ്കിൽ കക്ഷികൾക്ക്യാ തന്നെയാണ് കൂടുതൽ സംസ്ഥാനങ്ങളിലും അധികാരമെങ്കിൽ ഫലത്തിൽ ജി.എസ്.ടിയുടെ കാര്യങ്ങൾ കേന്ദ്ര നിയന്ത്രണത്തിലാകും. ഭാവിയിൽ വിപുലമായ അധികാരങ്ങൾ കേന്ദ്രത്തിൽ വന്നു ചേരുകയും ചെയ്യും. ഫിനാൻസ് കമ്മീഷൻ അവാർഡിനായി കാത്തിരിക്കുന്ന സംസ്ഥാനങ്ങളുടെ അവസ്ഥ ചരക്ക്-സേവന നികുതിയുടെ കാര്യത്തിലും വന്നു കൂടായ്കയില്ല. അത്രമേൽ പ്രസക്തമായ ഈ നികുതി മാറ്റം ദൗർഭാഗ്യവശാൽ പൊതു സമൂഹത്തിലും മാധ്യമങ്ങളിലും വലിയ ചർച്ചയാകുന്നില്ല.

5,1218,28 എിങ്ങനെ നാല് നിരക്കുകളായിരിക്കും ഉൽപ്പന്നങ്ങൾക്കുമേൽ നികുതി ചുമത്തപ്പെടുക. കേന്ദ്ര നികുതികൾക്കു പുറമെ, വിവിധ സംസ്ഥാനങ്ങൾ ചുമത്തുന്ന വ്യത്യസ്തമായ നികുതികളും മേലിൽ ഇല്ലാതാവുകയാണ്. ഒരു ഉൽപ്പന്നത്തിന് രാജ്യത്തെമ്പാടും ഒരേ നികുതി എന്ന രീതിയിലേക്ക് കാര്യങ്ങൾ മാറുമ്പോൾ നികുതി ഇളവുകൾ നേടുക എന്ന ലക്ഷ്യത്തോടെ അന്യ സംസ്ഥാനങ്ങളിൽ പോയി സാധനങ്ങൾ വാങ്ങുന്ന സമ്പ്രദായവും ഒഴിവാക്കപ്പെടും. അതായത്, കേന്ദ്ര ഭരണപ്രദേശങ്ങളിൽ നിന്നോ, അല്ലെങ്കിൽ നികുതി നിരക്ക് കുറവുള്ള സംസ്ഥാനങ്ങളിൽ നിന്നോ  ചരക്കുകൾ വാങ്ങുന്നത് ഇനിയങ്ങോട്ട് പ്രസക്തമല്ലാതാവുകയാണ്.

പുതിയ നികുതി സമ്പ്രദായം പൊതുവിൽ ഉൽപാദന സംസ്ഥാനങ്ങൾക്ക് ദോഷകരവും ഉപഭോക്തൃ സംസ്ഥാനങ്ങൾക്ക് നേട്ടവുമാണെന്ന വിലയിരുത്തലുമുണ്ട്. ഈ പൊതു നിഗമനം വച്ച് വിലയിരുത്തുമ്പോൾ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് ജി.എസ്.ടി ഗുണം ചെയ്യുമെന്ന് ന്യായമായും അനുമാനിക്കാം. കേരളത്തെ സംബന്ധിച്ചിടത്തോളം വാണിജ്യ നികുതിയാണ് ഒരുപ്രധാന ധനാഗമ മാർഗം. എന്നാൽ കഴിഞ്ഞ കുറെ വർഷങ്ങളായി ഇത് ശോഷിച്ച് വരുന്ന പ്രവണതയുണ്ട്. പരോക്ഷ നികുതി വരുമാനത്തിന്റെ വളർച്ച തോതിന്റെ ഗ്രാഫ് കഴിഞ്ഞ നാലഞ്ചുവർഷമായി താഴോട്ടാണ്. 22% വരെ വളർച്ച രേഖപ്പെടുത്തിയ സ്ഥാനത്ത് ഇപ്പോൾ 15 ശതമാനത്തിൽ താഴെ മാത്രമാണ്.

ബീവറേജസ് ഔട്ട്ലെറ്റുകൾ പലതും പൂട്ടിയതോടെ സംസ്ഥാന സർക്കാരിന്റെ വരുമാനത്തിൽ നടപ്പു വർഷം ഏകദേശം 3,000 കോടി രൂപയുടെ കുറവ് കണക്കാക്കുന്നു. എന്നാൽ, ജി.എസ്.ടി വരുന്നതോടെ കേരളത്തിന്റെ നികുതി വരുമാനത്തിൽ വളർച്ചയുണ്ടാകും. ഒരുപക്ഷെ ആദ്യ വർഷങ്ങളിൽ വളർച്ച പ്രവണത കാണിച്ചില്ലെങ്കിലും ഭാവിയിൽ ഇത് സംസ്ഥാനത്തിന് നേട്ടമാകും. പുതിയ നികുതി രീതി വാണിജ്യത്തിന്റെ വ്യാപ്തി ഉയർത്തുന്നതിന് കളമൊരുക്കുന്നു. നികുതിയിലെ ഏറ്റക്കുറച്ചിലില്ലാതെ ഏതു സംസ്ഥാനത്തും സുതാര്യമായി വ്യാപാരം ചെയ്യാൻ പറ്റുന്ന സാഹചര്യം തീർച്ചയായും കച്ചവടത്തിന്റെ തോത് ഉയർത്തും. വ്യാപാരത്തിന്റെ അളവിൽ വർധന പ്രകടമാകുമ്പോൾ അത് നികുതി വരുമാനത്തിലും പ്രതിഫലിക്കും.

ഇന്ത്യയിൽ മൾട്ടി ബ്രാൻഡ് റീറ്റെയിൽ ഔട്ട്‌ലെറ്റുകൾ തുറക്കാൻ അനുവദിക്കണമെന്നത് അന്താരാഷ്ട്ര റീറ്റെയിൽ കമ്പനികളുടെ നിരന്തരമായ ആവശ്യമാണ്. ഈ ആവശ്യം അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും വാൾമാർട് പോലുള്ള ഭീമന്മാർ ഇന്ത്യയോട് വലിയ പ്രതിപത്തി കാണിക്കുന്നില്ല. സംസ്ഥാന-കേന്ദ്ര നികുതികളുടെ ബാഹുല്യം മൂലം വ്യാപാരം കേന്ദ്രീകൃതമായി നടത്താനാകുന്നില്ലെന്നതാണ് ഇവരുടെ പ്രശ്‌നം. ഒരൊറ്റ സോഫ്റ്റ്‌വെയറിൽ നികുതി കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്ന രീതി അവർക്കാവശ്യമാണ്. ഇത് ജി.എസ്.ടി നടപ്പാക്കുന്നതിന് പിന്നിലെ ഒരു പ്രധാന ആശയമാണ്. ലോകത്തെമ്പാടുമുള്ള വികസിത-മുതലാളിത്ത രാഷ്ട്രങ്ങൾ ജി.എസ്.ടിയാണ് പിന്തുടരുന്നത്. സ്വാഭാവികമായും വമ്പൻ റീറ്റെയിൽ കമ്പനികൾക്ക് പ്രവർത്തനം സുഗമമാക്കാൻ ഇന്ത്യയും അതിലേക്ക് മാറുന്നു. പക്ഷെ, പറയുന്നത് സാധാരണക്കാർക്ക് വേണ്ടി ഒരു പുതിയ സംവിധാനം വരുന്നു  എന്നാണ്. സാധാരണക്കാർക്ക് കുറച്ച് ആശ്വാസം ഉണ്ടാകുന്നതിന് സാധ്യതയുണ്ട്. പക്ഷെ, അതിന് രാജ്യത്തെ വൻകിട ഉൽപാദക കമ്പനികൾ കനിയണം. കമ്പനികൾ വില താഴ്ത്തിയാൽ മാത്രമേ പറയു രീതിയിലുള്ള നേട്ടം ജനങ്ങളിലേക്ക് കൈമാറാനാകൂ. അതിന് സര്‍ക്കാര്‍ തയ്യാറാകുമോ എന്ന ചോദ്യമാണ് ഏറ്റവും പ്രസക്തമാകുന്നത്.
ഇത്തരത്തിൽ വൻകിട സൂപ്പർ മാർക്കറ്റുകളുടെയും ഹൈപ്പർ മാർക്കറ്റുകളുടെയും ചങ്ങല കൂടുതൽ ശക്തമാക്കാനും അവ രാജ്യത്തെമ്പാടും വ്യാപിക്കാനും ജി.എസ്.ടി വഴിയൊരുക്കും. ഈ വഴിയൊരുക്കൽ ഒരു പക്ഷെ നമ്മുടെ സാധാരണ വ്യാപാര സമൂഹത്തെ അനതിവിദൂര ഭാവിയിൽ ഉന്മൂലനം ചെയ്‌തേക്കാം. പുതിയ നികുതി പൂർണമായും ഓണ്‍ലൈൻ അധിഷ്ഠിതമാണ്. വിദഗ്ദ സേവനം ചെറുകിട വ്യാപാരികൾക്ക് പോലും ആവശ്യമായി വരും. ജി.എസ്.ടി വരുമ്പോൾ വ്യാപാരം പൂർണമായും മാറും. നികുതി ഒഴിവാക്കുക എന്നത് താരതമ്യേന അപ്രസക്തമാകും. സാധനങ്ങൾ സ്റ്റോക്ക് എടുക്കുന്നത് രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളിൽ നിന്ന്മാത്രമാകണം. ഇതൊക്കെ ചെറുകിട-ഇടത്തരം കച്ചവടക്കാർക്ക് പ്രയാസങ്ങൾ സൃഷ്ടിക്കും. ഇത്തരം പ്രശ്‌നങ്ങൾ ചെറുകിട വ്യാപാരികളുടെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യുന്നുണ്ട്. അതുകൊണ്ട് ചെറുകിട-ഇടത്തരം വ്യാപാര രംഗം തങ്ങളുടെ വ്യാപാര രീതികളെ കുറിച്ച് വ്യക്തമായ വിലയിരുത്തലിലൂടെ മാറേണ്ട സമയം സമാഗതമാവുകയാണ്. ഒരു വലിയ റീറ്റെയിൽ ചെയിൻ ആയി രൂപാന്തരപ്പെടുതിനെ കുറിച്ച് ചിന്തിക്കുക. അല്ലെങ്കിൽ വമ്പൻ റീറ്റെയിൽ ശൃംഖലകൾക്ക് മുന്നില്‍ അടിപെട്ട്‌ പോകാനുള്ള എല്ലാ സാധ്യതയും ജി.എസ്.ടി തുറക്കുന്നുണ്ട്.
സെയിൽസ് ടാക്‌സ് ചെക് പോസ്റ്റുകൾ, സംസ്ഥാനാതിർത്തികളിലെ നികുതി പരിശോധനകൾ എന്നിവ ഒഴിവാക്കപ്പെടുന്നതോടെ ചരക്കു നീക്കം സുഗമമാകുന്നതും നേട്ടമാണ്.പൊതുവിൽ വിലക്കയറ്റവും പണപ്പെരുപ്പവും കുറയുതിന് ജി.എസ്.ടി സഹായകരമാകുമെന്ന് ഒരു നിഗമനം ഉണ്ട്. ജി.എസ്.ടി കൌണ്‍സിൽ നിത്യോപയോഗത്തിനുള്ള ഒട്ടു മിക്ക ഭക്ഷ്യ സാധനങ്ങളെയും നികുതിയിൽ നിന്ന്പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് കണക്കാക്കുന്നതിനുള്ള ഉൽപ്പന്നങ്ങളുടെ ലിസ്റ്റിൽ 50 ശതമാനത്തോളം ഉൽപ്പന്നങ്ങളും ഇങ്ങനെ നികുതി ഒഴിവാക്കപ്പെട്ടതോ, കുറഞ്ഞ നികുതി ഉള്ളവയോ ആണ്. ഇത്തരത്തിൽ പണപ്പെരുപ്പനിരക്ക് നിയന്ത്രണ വിധേയമാകുന്നത് കൂടുതൽ ചെലവഴിക്കുന്ന പ്രവണതയുള്ള മലയാളികൾക്ക് നേട്ടമാകും. പക്ഷെ നികുതി കുറയുന്നതിലെ നേട്ടം കൈമാറാന്‍ കമ്പനികൾ തയ്യാറാകണം. ഈയിടെ സിമന്റ് കമ്പനികൾ ഒന്നിച്ചു ചേര്‍ന്ന് വില കൂട്ടിയത്   ആവർത്തിച്ചാൽ ജി.എസ്.ടിയുടെ നേട്ടം ജനങ്ങൾക്ക് ലഭ്യമാകാതെ പോകും. നികുതി കുറവിന്റെ ആനുകൂല്യം ഫലപ്രദമായി വിനിയോഗിച്ചാൽ അത് ഏറ്റവും കൂടുതൽ ഗുണം ചെയ്യു സംസ്ഥാനങ്ങളിൽ ഒന്നാകും കേരളം.

 

കൈത്തറി, കരകൗശല ഉൽപങ്ങൾ അടക്കം ഒട്ടെറെ സാധനങ്ങൾക്ക് പൂർണ്ണമായും നികുതി ഒഴിവുണ്ട്. ഇതിന്റെ നേട്ടവും സംസ്ഥാനത്തിന് ലഭിക്കും. ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളെ സേവന നികുതിയിൽ നിന്നും  ഒഴിവാക്കിയിരിക്കുന്നതും ഈ രംഗങ്ങളിൽ മുന്നിട്ടു നിൽക്കുന്ന കേരളത്തിന് ഗുണകരമാകും. 80 ശതമാനത്തോളം വരുന്ന ഉൽപ്പന്നങ്ങൾ 5,12,18 നികുതി നിരക്കുകളിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവയിൽ പലതിനും കേന്ദ്ര-സംസ്ഥാന നികുതികൾ ചേര്‍ന്നു വരുമ്പോൾ നിലവിൽ ഇതിനേക്കാൾ കൂടുതൽ നികുതിയുണ്ട്. അതുകൊണ്ട് പല സാധനങ്ങളുടെയും നികുതി നിരക്കുകൾ കുറയുന്നത് വിലയിൽ പ്രതിഫലിക്കുമെന്ന്ന്യാ യമായും കരുതാം. മെട്രോ, ലോക്കൽ ട്രെയിൻ യാത്ര, തീർത്ഥാടന യാത്രകൾ തുടങ്ങിയവയെ സേവന നികുതിയിൽ നിന്നും  ഒഴിവാക്കിയിട്ടൂണ്ട്. ഹജ് യാത്ര നികുതി വിധേയമാകില്ല. അഭ്യന്തര വിമാന സർവ്വീസുകളിലെ ഇക്കോണമി ക്‌ളാസുകൾക്ക് അഞ്ച് ശതമാനമായിരിക്കും നികുതി. ഇത് വിമാനയാത്രാ നിരക്ക് കുറയുന്നതിന് സാധ്യതയൊരുക്കുന്ന്.

മരുന്നുകളുടെ നികുതികളും കാര്യമായി കുറയുമെന്നാണ് പ്രതീക്ഷ. പുതിയ നികുതി വരുമ്പോൾ അവശ്യ മരുന്നുകളെയും ജീവൻ രക്ഷാമരുന്നുകളെയും നികുതി വിമുക്തമാക്കാമായിരുന്നു. എന്നാൽ നല്ല ഒരു പങ്ക് നികുതിപ്പണം കയ്യൊഴിയാൻ ഒരു സംസ്ഥാന-ധനകാര്യ മന്ത്രിക്കും താൽപര്യമില്ല തന്നെ.ദീപസ്തംഭം മഹാശ്ചര്യം തന്നെ എല്ലാ ധനമന്ത്രിമാർക്കും. ഇടത്തരം റെസ്റ്റോറന്റുകളെയും സർവ്വീസ് ടാക്‌സിന്റെ പരിധിയിൽ കൊണ്ട് വരാനുള്ള നീക്കം ഹോട്ടല്‍ വ്യവസായത്തെ പ്രതികൂലമായി ബാധിക്കാന്‍ ഇടയുണ്ട്. 50 ലക്ഷത്തിനു താഴെ  വിറ്റുവരവുള്ള റെസ്റ്റോറന്റുകൾക്ക് അഞ്ച് ശതമാനം നികുതി നിർദേശമുണ്ട്. നേരത്തെ സ്റ്റാർ പദവിയുള്ള ഹോട്ടലുകള്‍ക്കും  വൻകിടയിൽ പെട്ട റെസ്റ്റോറന്റുകൾക്കുമായിരുന്നു നികുതിയെങ്കില്‍ പുതിയ  സാഹചര്യത്തിൽ ഇടത്തരം ഹോട്ടലുകളും നികുതിക്ക് വിധേയമാകുന്ന അവസ്ഥയുണ്ട്.