തലസ്ഥാനത്തുനിന്ന് ആ വിളി വന്നു; ദിലീപും നാദിര്‍ഷായും മോചിതരായി

0
241

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനേയും നാദിര്ഷായേയും അനന്തമായി ചോദ്യം ചെയ്തുകൊണ്ടിരുന്നത് അവസാനിപ്പിച്ചത് തിരുവനന്തപുരത്തുനിന്നും ലഭിച്ച നിര്‍ണായക ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന്. 13 മണിക്കൂറാണ് ഇരുവരേയും ചോദ്യം ചെയ്യല്‍ നീണ്ടത്. കേരളക്കരയാകെ ഉത്കണ്ഠയോടെ നോക്കിക്കണ്ട ഈ സംഭവത്തിന് അര്‍ധരാത്രിയെങ്കിലും ഒരു അവസാനമുണ്ടാകണമെന്ന ചിന്തയല്ല ഈ ഫോണ്‍വിളിക്കു പിന്നില്‍ ഉണ്ടായിരുന്നതെന്നാണ് പറയുന്നത്. ചോദ്യം ചെയ്യല്‍ അനന്തമായി നീളുന്നത് സിനിമാമേഖലയെയാകെ ആശങ്കയിലാഴ്ത്തുമെന്നും മറ്റുമുള്ള ചര്‍ച്ചയെ തുടര്‍ന്ന് ഉന്നതതല ഇടപെടലിലൂടെയാണ് ദിലീപിന്റെ ചോദ്യം ചെയ്യല്‍ ഉടന്‍ അവസാനിപ്പിച്ചതെന്നാണ് പറയുന്നത്. അഞ്ചു മണിക്കൂര്‍കൂടി ദിലീപിനെ ചോദ്യം ചെയ്യാനായിരുന്നു അന്വേഷണ സംഘത്തിന്റെ തീരുമാനം.

എന്നാല്‍, കേസില്‍ ഇതുവരെ പ്രതിയല്ലാത്ത പ്രമുഖ നടനെ വിട്ടയയ്ക്കാനായിരുന്നു പോലീസിനു ലഭിച്ച കര്‍ശന നിര്‍ദേശം. സിമനിമാ മേഖലയില്‍ ഉയര്‍ന്ന ആശങ്കക്കു പുറമേ ദിലീപിന്റെ മൊഴിയെടുപ്പ് അനന്തമായി നീളുന്നതു കേരളത്തിലെ തിയറ്റര്‍ ഉടമകളുടെ പുതിയ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരളയുടെ (എഫ്.ഇ.യു.ഒ.കെ.) ഉദ്ഘാടനം മുടങ്ങാന്‍ വഴിയൊരുക്കിയ സാഹചര്യവുമുണ്ടായിരുന്നു. ഈ സംഘടനയുടെ പ്രസിഡന്റാണ് ദിലീപ്.

ഈ സാഹചര്യത്തില്‍ ഗൂഡാലോചനക്കേസ് ഇനി മുന്നോട്ടുപോകുമോയെന്നതിലും സംശയമുയര്‍ന്നിട്ടുണ്ട്. ഉന്നതതല ഇടപെടല്‍ ഉണ്ടായത് സിനിമാ മേഖലയില്‍നിന്നുതന്നെയുള്ള ഇടപെടലിന്റെ ഭാഗമായാണെന്നു വിലയിരുത്തപ്പെടുന്നു. ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന അമ്മയുടെ ജനറല്‍ബോഡി യോഗത്തിനു ശേഷം നടത്തിയ പത്രസമ്മേളത്തിനും മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണ് ഭാരവാഹികളായിട്ടുള്ളവര്‍ പ്രതികരിച്ചതെന്നു കരുതുന്നു. പ്രധാന ഭാരവാഹികളല്ലാതെ മാധ്യമപ്രവര്‍ത്തകരെ കൂട്ടായി നേരിടുകയെന്ന തന്ത്രമാണ് അമ്മ പ്രതിനിധികള്‍ ഇന്നലെ പ്രയോഗിച്ചത്. അമ്മ പ്രസിഡന്റോ സെക്രട്ടറി അല്ല മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്, മറിച്ച് ഉത്തരം തോന്നുന്നവര്‍ വിളിച്ചുപറയുകയായിരുന്നു. ഈ സമയത്തെല്ലാം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നും പറയാതിരിക്കുകയും ചെയ്തു. മുകേഷ്, കെ.ബി.ഗണേഷ്‌കുമാര്‍ എന്നിവര്‍ രൂക്ഷമായ ഭാഷയില്‍ മറുപറയുകയും ചെയ്തു. ഇതെല്ലാം കാണിക്കുന്നത് മുന്‍കൂട്ടി തീരുമാനിച്ചതനുസരിച്ച് മാധ്യമപ്രവര്‍ത്തകരെ എതിര്‍ത്തുനില്‍ക്കുകയും അവരെ പ്രതിരോധത്തിലാക്കുകയും ചെയ്യുക എന്നതും മമ്മൂട്ടിയും മോഹന്‍ലാലും ഈ വിഷയത്തില്‍ പ്രതികരിക്കേണ്ടതില്ലെന്ന എന്നും അവര്‍ മുന്‍കൂട്ടി തീരുമാനിച്ചിരുന്നു എന്നതാണ്. മാത്രമല്ല ദിലീപിനെ രക്ഷിക്കുന്നതിനായി അമ്മ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയിരിക്കുകയാണെന്നും ഇതിലൂടെ കരുതണം. മാത്രമല്ല അമ്മ പുരുഷാധിപത്യത്തിന്റെ കേന്ദ്രമായി മാറിയിരിക്കുന്നതായിവേണം വനിതാ അംഗങ്ങളുടെ പ്രതികരണങ്ങളില്‍നിന്നും മനസിലാക്കാനും.

ആക്രമണത്തിന് ഇരയായ നടിയെ അപമാനിച്ച സംഭവത്തില്‍ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നാണ് മലയാള സിനിമയിലെ വനിതകളുടെ സംഘടന ‘വിമന്‍ ഇന്‍ സിനിമ കലക്ടീവ്'(ഡബ്ല്യുസിസി) പ്രതികരിച്ചിരിക്കുന്നത്. വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡബ്ല്യു.സി.സി. വനിതാ കമ്മിഷന് പരാതി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. സ്വന്തം നിലയില്‍ നടിക്ക് പിന്തുണ നല്‍കാന്‍ കഴിവുണ്ടെന്ന കൂട്ടായ്മയുടെ അഭിപ്രായം തന്നെ അമ്മയും അമ്മയുടെ വനിതാ അംഗങ്ങളും തമ്മിലുള്ള സംഘര്‍ഷത്തെയാണ് കാണിക്കുന്നത്.

ഞങ്ങളുടെ അംഗവും സഹപ്രവര്‍ത്തകയും ഉള്‍പ്പെട്ട കേസ് അമ്മയുടെ യോഗത്തില്‍ ചര്‍ച്ച ചെയ്തില്ലെന്ന് സമൂഹമാധ്യമത്തില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ വനിതാ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കേസ് ആയതിനാല്‍ വിഷയം ഉന്നയിക്കേണ്ടെന്ന നിലപാടാണ് സ്വീകരിച്ചതെങ്കിലും വിമന്‍ ഇന്‍ സിനിമ കലക്ടീവ് ഉന്നയിച്ചാല്‍ മാത്രം ചര്‍ച്ചചെയ്യേണ്ട കേസാണിതെന്ന് കരുതുന്നില്ല. ഒരു സംഘടനയെന്ന നിലയില്‍ ഞങ്ങളുടെ സഹപ്രവര്‍ത്തകയ്ക്ക് എല്ലാ പിന്തുണ നല്‍കും. ഇര വീണ്ടും ഇരയാക്കപ്പെടുന്നതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കും. ‘അമ്മ’യ്ക്ക് അവരുടേതായ നിലപാട് ആവാം. എന്നാല്‍ അപമാനത്തിന് ഇരയായത് ‘അമ്മ’യിലെ അംഗം തന്നെയായതിനാല്‍ ‘അമ്മ’ അവള്‍ക്കൊപ്പം നില്‍ക്കുമെന്നും നീതിപൂര്‍വമായ വിചാരണയ്ക്ക് വഴിയൊരുക്കുമെന്നുമാണ് പ്രതീക്ഷിക്കുന്ന സനിമാ മേഖലയിലെ വനിതകളുടെ നിലപാട് മലയാള സിനിമയില്‍ നിര്‍ണായകമായ സംഭവവികാസങ്ങള്‍ക്ക് കാരണമാകുമെന്നാണ് കരുതുന്നത്.