ദിലീപിനോടും നാദിര്‍ഷായോടും എറണാകുളം വിടരുതെന്ന് നിര്‍ദേശം

0
118

വീണ്ടും ചോദ്യം ചെയ്യല്‍ നടി ഉള്‍പ്പെട്ട ബിനാമി ഇടപാടിനെ കേന്ദ്രീകരിച്ച് ,

മഞ്ജു വാര്യരുടെ മൊഴിയെ കേന്ദ്രീകരിച്ച് ആകും ചോദ്യം ചെയ്യല്‍ 

by വെബ് ഡെസ്ക്

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പോലീസ്ദി ചോദ്യം ചെയ്ത നടന്‍ ദിലീപിനോടും നാദിര്‍ഷായോടും  അഞ്ചു ദിവസത്തേക്ക് എറണാകുളം ജില്ല വിടരുത് എന്ന് പോലീസ് നിര്‍ദേശം. ബാങ്ക് അക്കൗണ്ടുകളുടെ രേഖകളും പൊലീസ് മുമ്പാകെ ഹാജരാക്കണം. കേസിൽ കൂടുതൽ കാര്യങ്ങൾ ഇനിയും വ്യക്തമാക്കേണ്ടതുണ്ടെന്നും ദിലീപിന് ക്ലീൻ ചിറ്റ് നൽകി എന്നു പറയാനാവില്ലെന്നും റൂറൽ എസ്പി എവി ജോർജ്ജ് പറഞ്ഞു. ദിലീപിനെയും നാദിർഷയെയും പൊലീസ് വീണ്ടും ചോദ്യം ചെയ്യുംകൂടുതൽ അന്വേഷണങ്ങൾ നടക്കേണ്ടതുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

അന്വേഷണത്തിന്റെ ഭാഗമായി ഫെഡറൽ ബാങ്ക് , യൂണിയൻ ബാങ്ക് , എച്ച് ഡി എഫ് സി , എച്ച് സി ബി സി ബാങ്കുകളിലെ രേഖകൾ ദിലീപും എസ് ബി ഐ യിലെ രേഖകൾ നാദിർഷായും അഞ്ചു ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറണമെന്നും നിർദേശിച്ചിട്ടുണ്ട്. ബുധനാഴ്ച ആലുവ പൊലീസ് ക്ലബ്ബിൽ നടന്ന ചോദ്യം ചെയ്യൽ 13 മണിക്കൂറോളം നീണ്ടിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും ചോദ്യം ചെയ്യേണ്ടി വരുമെന്ന് പൊലീസ് അറിയിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 12.30 ഓടെ ആരംഭിച്ച ചോദ്യം ചെയ്യൽ പുലർച്ചെ 1.05 നാണ് അവസാനിച്ചത്.

ഗൂഢാലോചന കേസിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും അന്വേഷണ സംഘത്തിനു കൈമാറാമെന്നു പറഞ്ഞ തെളിവുകൾ നൽകാൻ അഞ്ചുദിവസത്തെ സമയം ദിലീപിനു അനുവദിക്കുകയും ചെയ്തു. ദിലീപിന്റെ ബിനാമി ഇടപാടുകൾക്ക് സാക്ഷിയായ മഞ്ജു വാര്യരുടെ മൊഴിയെ അടിസ്ഥാനപ്പെടുത്തിയാണ് ഇന്നലെ പൊലീസ് ചോദ്യം ചെയ്തത്. തന്റെ ദാമ്പത്യ ജീവിതം തകരാനിടയാക്കിയതിൽ ആക്രമിക്കപ്പെട്ട നടിക്ക് പങ്കുള്ളതായും ദിലീപ് ഇന്നലെ പൊലീസിനോട് പറഞ്ഞതായാണ് സൂചന, ബ്ലാക്ക് മെയിലിങ്ങിനെതിരെ താൻ നൽകിയ പരാതിയിൽ മൊഴി കൊടുക്കാനാണ് പൊലീസ് ക്ലബ്ബിൽ എത്തിയതെന്നാണ് ദിലീപ് ആദ്യം മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനയെ സംബന്ധിച്ച് ചോദ്യം ചെയ്യാനാണ് ഇവരെ വിളിച്ചു വരുത്തിയത്.ദിലീപിനെയും നാദിർഷയെയും കൂടാതെ ദിലീപിന്റെ മാനേജർ അപ്പുണ്ണിയെയും എഡിജിപി ബി സന്ധ്യ, ആലുവ റൂറൽ എസ്പി എവി ജോർജ്ജ്, അന്വേഷണ ഉദ്യോഗസ്ഥനായ പെരുമ്പാവൂർ സിഐ ബൈജു പൗലോസ് എന്നിവർ ചോദ്യം ചെയ്തിരുന്നു.

ചോദ്യം ചെയ്യലിൽ ആക്രമണത്തിന് ഇരയായ നടിയുമായി ഇപ്പോൾ ഒരുസൗഹൃദവുമില്ലെന്ന് ദിലീപ് സമ്മതിച്ചു.നടിയുമായി അകലാനുള്ള കാരണങ്ങളും ദിലീപിന്റെ റിയൽ എസ്റ്റേറ്റ് ബന്ധങ്ങളെക്കുറിച്ചും പൊലിസ് ചോദിച്ചതായാണ് വിവരം .അനധികൃത സ്വത്തു സമ്പാദ്യമാണ് പ്രധാനമായും പൊലീസ് ഇന്നലെ ചോദിച്ചറിഞ്ഞത്. ദിലീപ്,കാവ്യ,ഭാവന,നാദിർഷ, എന്നിവരും സിനിമയിലില്ലാത്ത മറ്റൊരാളും ചേർന്ന് ഒരു റിയൽ എസ്റ്റേറ്റ് കമ്പനി ഉണ്ടാക്കിയിരുന്നു. കളമശ്ശേരിയിൽ ഇതിനായി ഓഫീസ് തുറക്കുകയും ചെയ്തിരുന്നു. 62 കോടിയുടെ ഭൂമി ഇവർ വാങ്ങിയിരുന്നു. ഇത് വിൽക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടായിരുന്നതായും ദിലീപ് പോലീസിനോട് പറഞ്ഞു. കൂടാതെ ട്വന്റി 20 സിനിമയിലൂടെ തനിക്കുണ്ടായ പ്രശസ്തിക്ക് അപകീർത്തികരമായ തരത്തിൽ പലരോടും നടി തന്നെകുറിച്ചു പറയുകയും പ്രതിച്ഛായ തകർക്കാൻ ശ്രമിച്ചിരുന്നുവെന്നും ദിലീപ് അന്വേഷണ ഉദ്യാഗസ്ഥരോട് പറഞ്ഞു.

ചോദ്യം ചെയ്യലിന് ശേഷം തനിക്ക് ആത്മവിശ്വാസം വർധിച്ചെന്നും സത്യം പുറത്ത് വരേണ്ടത് ഇനി തന്റെയും ആവശ്യമാണെന്നും പുറത്തുവന്ന ദിലീപ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.മുൻകൂട്ടി തയാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. മൂവരും പൊലിസുമായി സഹകരിച്ചെന്നു പൊലിസ് പറഞ്ഞു.പൾസർ സുനി ജയിലിൽവച്ച് ദിലീപിന് നൽകാൻ എഴുതിയ കത്തിനെ കുറിച്ചും ഈ കത്തിൽ പറയുന്ന വിശദാംശങ്ങളെപ്പറ്റിയും പൊലിസ് ആരാഞ്ഞു. തന്റെ കരിയർ തകർക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും ഇവരാണ് ഇതിനൊക്കെ പിന്നിൽ പ്രവർത്തിക്കുന്നതെന്നും ദിലീപ് പൊലിസിനോട് പറഞ്ഞു. പൾസർ സുനിയെ ചോദ്യം ചെയ്ത അതേ സംഘം തന്നെയാണ് ദിലീപിനെയും ചോദ്യം ചെയ്തത്.