നടിയെ ആക്രമിച്ച കേസ്: മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് പി.ടി.തോമസ് എം.എല്‍.എ.

0
103

നടിയെ ആക്രമിച്ച കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതായി സംശയിക്കുന്നതായും അന്വേഷണം സി.ബി.ഐക്ക് വിടണമെന്നും പി.ടി.തോമസ് എം.എല്‍.എ.

നടിയെ ആക്രമിച്ച സംഭവത്തില്‍ ദുരുഹത തുടരുകയാണ്. കേസില്‍ ഗൂഡാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ദുരൂഹമായി തുടരുന്നതായും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അമ്മ യോഗത്തില്‍ മുകേഷ് എം.എല്‍.എ. മാധ്യമങ്ങള്‍ക്ക് നേരെ നടത്തിയ പ്രതികരണത്തില്‍ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കണം. മാധ്യമങ്ങളുടെ വായടക്കാനാണ് എം.എല്‍.എയും എം.പിയും ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇക്കാര്യത്തില്‍ സി.പി.എം. നിലപാട് വ്യക്തമാക്കണമെന്നും പി.ടി തോമസ് ആവശ്യപ്പെട്ടു. ജനങ്ങളുടെ ചെലവിലാണ് ഇവര്‍ എം.എല്‍.എ., എം.പി. ബോര്‍ഡുകള്‍ വച്ച് അമ്മ സമ്മേളനത്തില്‍ പങ്കെടുത്തത്. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേത്. ഇപ്പോഴത്തേത് സവിശേഷമായ രാഷ്ട്രീയ സാഹചര്യമാണെന്നും കേസന്വേഷണം വഴിതിരിച്ചുവിടാന്‍ ശ്രമം നടക്കുന്നതായി സംശയിക്കുന്നതായും പിടി തോമസ് പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ മുഖ്യമന്ത്രി ഇടപെട്ടതാണ് കേസന്വേഷണം മന്ദഗതിയിലാകാന്‍ കാരണം. ആദ്യം പിന്തുണ നല്‍കിയതിന് ശേഷം നടിക്ക് വേണ്ടി അമ്മ മിണ്ടിയിട്ടില്ല. അമ്മയും മക്കളും തമ്മില്‍ ഒതുക്കി തീര്‍ക്കേണ്ട വിഷയമല്ല ഇതെന്നും അദ്ദേഹം പറഞ്ഞു.