കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തില്‍ ഡി.ജി.പി ടി.പി.സെന്‍കുമാറിന് അതൃപ്തി. അന്വേഷണം ശരിയായ രീതിയലല്ല നടക്കുന്നതെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.
അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥന് കേസിനെ പറ്റിയുള്ള പല കാര്യങ്ങളും അറിയുന്നില്ല. എന്നാല്‍ മാധ്യമങ്ങള്‍ക്ക് പല കാര്യങ്ങളും ചോര്‍ന്ന് കിട്ടുന്നു. ഇത് ശരിയായ പ്രവണതയല്ല. പ്രൊഫഷണല്‍ രീതിയിലുള്ള അന്വേഷണമാണ് വേണ്ടതെന്നും പോലീസ് മേധാവി സ്ഥാനത്ത് നിന്നും വിരമിക്കുന്നതിന് തൊട്ട് മുമ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ സെന്‍കുമാര്‍ പറഞ്ഞിട്ടുണ്ട.
കേസിന്റെ അന്വേഷണം എ.ഡി.ജി.പി. ബി.സന്ധ്യ ഒറ്റയ്ക്കു നടത്തേണ്ടതില്ല. കൂട്ടായ അന്വേഷണമാണ് വേണ്ടത്. തെളിവുകള്‍ പങ്കുവച്ച് കൂട്ടായ അന്വേഷണം നടത്തണം. സുനി ബ്ളാക്ക്മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിക്കുന്നുവെന്ന് കാട്ടി ദിലീപ് ഏപ്രില്‍ 20 ന് അന്നത്തെ ഡി.ജി.പിയായ ലോക്നാഥ് ബെഹ്റയ്ക്ക് പരാതി നല്കി. നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന സംഘത്തിന്റെ തലവനായ ഐ.ജി ദിനേന്ദ്ര കാശ്യപിന് ഈ പരാതി കൈമാറി. തുടര്‍ന്ന് ജയിലിലെത്തി പള്‍സര്‍ സുനിയുടെ മൊഴിയെടുക്കുന്നത് വരെ അന്വേഷണ സംഘത്തില്‍ തലവനായ ദിനേന്ദ്ര കാശ്യപ് ഉണ്ടായിരുന്നു. എന്നാല്‍ നടിയുടെ മൊഴിയെടുക്കുമ്പോഴും ദിലീപിന്റെയും നാദിര്‍ഷായുടെയും മൊഴിയെടുക്കുമ്പോഴും കാശ്യപിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. പകരം അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതലയുള്ള ദക്ഷിണമേഖലാ എ.ഡി.ജി.പി ബി.സന്ധ്യയുടെ നേതൃത്വത്തിലാണ് ഇവരുടെ മൊഴിയെടുത്തത്. എന്നാല്‍ ഇങ്ങനെ സന്ധ്യ ഒറ്റയ്ക്ക് അന്വേഷണം മുന്നോട്ട് കൊണ്ടുപോകേണ്ടെന്നാണ് ഡി.ജി.പിയുടെ ഉത്തരവ്. തെളിവുകള്‍ കൂട്ടായി വിലയിരുത്തി അന്വേഷണം മുന്നോട്ട് കൊണ്ടു പോകണമെന്നും അദ്ദേഹം ഉത്തരവിട്ടു.
ഇതോടെ നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷണം സംബന്ധിച്ച് പോലീസിനുള്ളില്തന്നെയുള്ള അസ്വാരസ്യങ്ങള്‍ കൂടിയാണ് പുറത്തുവരുന്നത്. ദിനേന്ദ്ര കശ്യപിനെ കൂട്ടാതെ ബി.സന്ധ്യ നടത്തിയ അന്വേഷണം പോലീസിനുള്ളില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നുവേണം ഡി.ജി.പിയുടെ ഈ അവസാന സര്‍ക്കുലറില്‍നിന്നും വിലയിരുത്താന്‍. കൂട്ടായ അന്വേഷണത്തിലൂടെ വരും ദിവസങ്ങളില്‍ കേസില്‍ നിര്‍ണായക വഴിത്തിരിവുകള്‍ ഉണ്ടാകുമോയെന്ന് കണ്ടറിയണം. കേസ് അന്വേഷണം കൃത്യമായാണ് മുന്നോട്ടുപോകുന്നതെന്നാണ് ആക്രമിക്കപ്പെട്ട നടി കഴിഞ്ഞ ദിവസവും പറഞ്ഞത്. എന്നാല്‍ കൂട്ടായ അന്വേഷണത്തിലേക്കെത്തുമ്പോള്‍ ഇനി ഏതുവഴിയിലേക്കാകും നീങ്ങുകയെന്നതില് ആശങ്കയുണ്ട്.