നടി ആക്രമിക്കപ്പെട്ട കേസ്: ഇത്തവണ ട്വിസ്റ്റ് ജയില്‍വകുപ്പ് വക

0
88

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഓരോ ദിവസവും പുതിയ കാര്യങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന അവസരത്തില്‍ ഇത്തവണത്തെ ട്വിസ്റ്റ് ജയില്‍ വകുപ്പിന്റെ വക. പള്‍സര്‍ സുനിയെന്ന സുനില്‍കുമാര്‍ ജില്ലാ ജയിലില്‍നിന്ന് ഫോണ്‍ വിളിച്ചിട്ടില്ലെന്നാ് ജയില്‍ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്. നടിയെ ആക്രമിച്ച കേസില്‍ കാക്കനാട് ജില്ലാ ജയിലിലാണ് സുനി കഴിയുന്നത്. ഇവിടെനിന്നാണ് ബ്ലാക്ക്മെയിലിങ് വിളികള്‍ നടത്തിയതെന്ന് ആരോപണമുണ്ടായിരുന്നു. ഇതോടെ ഫോണ്‍വിളിയുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ക്ക് പുതിയമാനം ലഭിക്കുകയാണ്.

സഹതടവുകാരനായിരുന്ന വിഷ്ണു ജാമ്യത്തിലിറങ്ങി പോയശേഷം തിരിച്ച് ജയിലിലെത്തിയപ്പോള്‍ ഷൂസില്‍ ഒളിപ്പിച്ചാണ് ഫോണ്‍ എത്തിച്ചത്. ദിലീപിന്റെ പേരു വെളിപ്പെടുത്താതിരിക്കാന്‍ ഒന്നരക്കോടി രൂപ ആവശ്യപ്പെട്ട് ദിലീപിന്റെ മാനേജരെയും നാദിര്‍ഷയെയും പള്‍സര്‍ സുനിതന്നെ വിളിച്ചെന്നാണ് ആരോപണം ഉയര്‍ന്നത്. ദിലീപിന്റെ പേരു പറയാന്‍ പുറത്ത് ചിലര്‍ രണ്ടരക്കോടി വരെ തരാമെന്നു പറയുന്നുണ്ടെന്നായിരുന്നു. തന്നെ വിളിച്ചത് സുനിയുടെ സഹതടവുകാരന്‍ എന്നു പരിചയപ്പെടുത്തിയ ഇടപ്പള്ളിക്കാരന്‍ വിഷ്ണുവാണെന്നാണ് നാദിര്‍ഷ പറഞ്ഞത്. എന്നാല്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി പറയുന്നത് തന്നെ വിളിച്ചത് സുനിയാണെന്നാണ്.

ഈ വിളികളെല്ലാം മറ്റെവെടിനിന്നോ ആണ് വന്നത് എന്നാണ് ജയില്‍ വകുപ്പ് പറയുന്നത്. നേരത്തെ കണ്ടെടുത്ത ഫോണും സിം കാര്‍ഡും ഉള്‍പ്പെടെയുള്ളവ എവിടെനിന്നാണ് വന്നതെന്ന് പോലീസിനാകും തെളിയിക്കേണ്ടിവരിക. പള്‍സര്‍ സുനി ജയിലിലെ പാചകപ്പുരയിലുള്ള ചാക്കുകെട്ടുകള്‍ക്കിടയിലാണ് ഫോണ്‍ സൂക്ഷിച്ചിരുന്നതെന്നും സി.സി.ടി.വി. ക്യാമറയില്‍ പെടാതിരിക്കാന്‍ കക്കൂസിനുള്ളില്‍ കയറി തറയില്‍ കിടന്നാണ് ഫോണ്‍ വിളിച്ചിരുന്നതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. മാത്രമല്ല സുനിയുടെ ഫോണ്‍വിളി സമയത്ത് സഹതടവുകാര്‍ പുറത്ത് കാവല്‍നിരുന്നെന്നും പറഞ്ഞിരുന്നു. ഇതെല്ലാമാണ് ഒറ്റ റിപ്പോര്‍ട്ടുകൊണ്ട് ജയില്‍ അധികൃതര്‍ മറച്ചിരിക്കുന്നത്.

എന്നാല്‍ കുറ്റകരമായ അനാസ്ഥ ഉണ്ടായ സംഭവങ്ങളില്‍നിന്നും സ്വയം രക്ഷപ്പെടാനുള്ള റിപ്പോര്‍ട്ടാണ് വകുപ്പ് തയാറാക്കിയിരിക്കുന്നതെന്ന് ഇപ്പോഴത്തെ ആക്ഷേപം. ഫോണ്‍ ചെയ്തത് എവിടെനിന്നാണെന്ന് കണ്ടെത്താന്‍ നിലവില്‍ പ്രയാസമില്ല. ഇതില്‍ അന്വേഷണം നടത്താതെയാണ് റിപ്പോര്‍ട്ടെന്നും പറയുന്നു. സാങ്കേതികമായ പരിശോധനകള്‍ ഒന്നും നടത്താതെ ജയിലിനുള്ളില്‍ നടത്തിയതിനു ശേഷം റിപ്പോര്‍ട്ട് തട്ടിക്കൂട്ടയതാണെന്നുള്ള ആക്ഷേപം ശക്തമാണ്.