നടി ആക്രമിക്കപ്പെട്ട കേസ്: കൂടുതല്‍പേരെ ചോദ്യം ചെയ്യും

0
103

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കൂടുതല്‍പേരെ ചോദ്യം ചെയ്യാനൊരുങ്ങുന്നു. കഴിഞ്ഞ ദിവസം നടന്‍ ദിലീപിന്റെയും സംവിധായകന്‍ നാദിര്‍ഷായുടെയും മൊഴി 13 മണിക്കൂറെടുത്ത് പോലീസ് രേഖപ്പെടുത്തിയിരുന്നു. ഇനിയും അഞ്ച് മണിക്കൂര്‍കൂടി ഇരുവരേയും ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനിച്ചിരുന്നതെങ്കിലും ഉന്നതതല ഇടപെടലിനെ തുടര്‍ന്ന് അര്‍ധരാത്രിയോടെ ചോദ്യം ചെയ്യല്‍ അവസാനിപ്പിക്കുകയായിരുന്നു. ആവശ്യമുണ്ടെങ്കില്‍ വിളിച്ചാല്‍ ഉടന്‍തന്നെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും ഇരുവരോടും നിര്‍ദേശിച്ചാണ് പോലീസ് വിട്ടയച്ചത്. ദിലീപിനേയും നാദിര്‍ഷായേയും ചോദ്യം ചെയ്തതിലൂടെ ലഭിച്ച വിവരങ്ങള്‍വച്ച് ഉടന്‍തന്നെ പള്‍സര്‍ സുനിയെ ചോദ്യം ചെയ്യുന്നതിനുള്ള നടപടികളിലേക്ക് പോലീസ് പോകും. ഇതുകൂടാതെ മൊഴിയുടെ അടിസ്ഥാനത്തില്‍ സിനിമാ മേഖലയില്‍ നിന്നുള്ള ചിലരെയടക്കം ചോദ്യം ചെയ്യുമെന്നതിലേക്കാണ് പോലീസ് പോകുന്നത്.

ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ ബിനാമി ഇടപാടുകള്‍ ഉണ്ടായിരുന്നെന്ന ആരോപണം നേരത്തെതന്നെ ഉയര്‍ന്നിരുന്നു. കേസില്‍ ആരോപണ വിധേയവരായവരുടെ പത്ത് വര്‍ഷത്തിനിടയിലുള്ള ഭൂമിയിടപാടുകളും പരിശോധിക്കുമെന്നും പോലീസ് വൃത്തങ്ങള്‍ പറയുന്നുണ്ട്. ദിലീപിന്റെയും നാദിര്‍ഷായുടെയും ഭൂമിയിടപാടുകളാണ് പ്രധാനമായും പരിശോധിക്കാന്‍ പോലീസ് ഉദ്ദേശിക്കുന്നത്.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനേയും നാദിര്‍ഷയേയും വീണ്ടും ചോദ്യം ചെയ്യുമെന്ന് കഴിഞ്ഞ ദിവസം ആലുവ റൂറല്‍ എസ്.പി എ.വി.ജോര്‍ജ് തന്നെ പറഞ്ഞിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വ്യക്തത വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. മുന്‍കൂട്ടി തയാറാക്കിയ ചോദ്യങ്ങളും ഈ ചോദ്യങ്ങള്‍ക്ക് ലഭിച്ച മറുപടികളില്‍നിന്നുള്ള ഉപചോദ്യങ്ങളുമാണ് ആലുവ പോലീസ് ക്‌ളബില്‍ നടന്‍ ദിലീപ്, മാനേജര്‍ അപ്പുണ്ണി, സുഹൃത്തും സംവിധായകനുമായ നാദിര്‍ഷ എന്നിവരെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തത്. നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഡാലോചനയുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യലെങ്കിലും താന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മൊഴിയെടുക്കലാണ നടന്നതെന്നാണ് നടന്‍ ദിലീപ് മാധ്യമങ്ങളോട് പറഞ്ഞത്.