മലയാള സിനിമയിലെ വനിതകളുടെ സംഘടനയ്ക്ക് അഭിവാദ്യമര്‍പ്പിച്ച് സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. ഒരു യുവനടി ഹീനമായ ആക്രമണത്തിന് വിധേയമായതാണ് ഇന്നത്തെ സംഭവവികാസങ്ങള്‍ക്ക് കാരണം. ആ പെണ്‍കുട്ടി ഈ ആക്രമണത്തെക്കുറിച്ച് പരാതിപ്പെടാനുള്ള ധീരത കാണിച്ചു. ഈ സംഭവത്തെത്തുടര്‍ന്നാണ് സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ ചേര്‍ന്ന് ഒരു കൂട്ടായ്മ രൂപീകരിക്കുന്നത്. വിമന്‍ ഇന്‍ സിനിമ കളക്ടീവ്. ഇത്തരത്തിലൊരു സംഘടന എന്ന ആശയം തന്നെ വിപ്ലവകരമാണ്. ഈ കൂട്ടായ്മയിലെ അംഗങ്ങള്‍ മാത്രമല്ല, അതിലില്ലാത്ത സ്ത്രീകളും സിനിമയിലെ പുരുഷ മേധാവിത്വത്തെ തങ്ങളുടെ പ്രവര്‍ത്തികളിലൂടെ വെല്ലുവിളിക്കാനാരംഭിച്ചിരിക്കുന്നതായി അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
മലയാള സിനിമയിലെ പുരുഷാധിപത്യം മുമ്പെങ്ങുമില്ലാത്തവിധം ചോദ്യം ചെയ്യപ്പെടുകയാണ്. സിനിമയില്‍ മാത്രമല്ല കേരള സമൂഹത്തിലാകെ ദീര്‍ഘകാലത്തേക്കുള്ള മാറ്റം വരുത്തുന്നതാണ് ഈ സംഭവവികാസങ്ങള്‍. ഇന്ന് സിനിമയിലേക്ക് വന്നിട്ടുള്ള പെണ്‍കുട്ടികള്‍ തങ്ങളുടെ വ്യക്തിത്വം സ്ഥാപിച്ചെടുക്കുന്നതില്‍ ആര്‍ക്കും പിന്നിലല്ല. സിനിമയിലിന്ന് സംവിധായകരായും സാങ്കേതിക വിദഗ്ധരായും ഒക്കെ സ്ത്രീകളുണ്ട്. അവരെ പണ്ടെപ്പോലെ കീഴടക്കി വയ്ക്കാമെന്ന് ആരും കരുതരുത്. സിനിമയിലെ മുന്‍ തലമുറ ഈ മാറ്റം കാണണമെന്നാണ് അഭ്യര്‍ഥനയെന്നും ബേബി പറയുന്നുണ്ട്.