ഉത്തരകൊറിയയ്ക്ക് മുന്നറിയിപ്പുമായി ട്രംപ്. ആണവ പരീക്ഷണങ്ങള്‍ നടത്തി നിരന്തരം പ്രകോപനം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു മുന്നറിയിപ്പുമായി ട്രംപ് രംഗത്ത് എത്തിയിരിക്കുന്നത്. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്നുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
ഉത്തരകൊറിയയുടെ കാര്യത്തില്‍ യുഎസിന്റെ ക്ഷമ നശിച്ചുവെന്നും, ഉത്തര കൊറിയ മനുഷ്യ ജീവിതത്തോട് യാതൊരു തരത്തിലുമുള്ള നീതിയും പുലര്‍ത്തുന്നില്ലെന്നും ട്രംപ് ആരോപിക്കുന്നു. മനുഷ്യജീവനു യാതൊരു വിലയും കല്‍പ്പിക്കാത്ത രാജ്യവുമായി നയതന്ത്ര ബന്ധത്തിനില്ലെന്നും ട്രംപ് ഉത്തരകൊറിയയെ ലക്ഷ്യമിട്ട് പറഞ്ഞു.
ക്ഷമകാണിക്കുകയെന്ന സ്ഥിതി ഉത്തരകൊറിയയുടെ കാര്യത്തില്‍ പരാജയപ്പെട്ടു. വര്‍ഷങ്ങളായി ഇക്കാര്യം പരാജയമാണ്. തുറന്നു പറഞ്ഞാല്‍, ക്ഷമ അവസാനിച്ചുവെന്നും ട്രംപ് തുറന്നടിച്ചു. 18 മാസത്തെ തടവിനുശേഷം ഉത്തരകൊറിയ മോചിപ്പിച്ച അമേരിക്കന്‍ വിദ്യാര്‍ഥി ഓട്ടോ വാംബിയര്‍ മരിച്ചതും യുഎസിനെ ക്ഷുഭിതമാക്കുന്നതിന് കാരണമാണ്.
യുഎസ് സന്ദര്‍ശനത്തിനിടെയാണ് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്‍ ട്രംപുമായി കൂടിക്കാഴ്ച നടത്തിയത്. ഈ വര്‍ഷം അവസാനം ട്രംപ് ദക്ഷിണ കൊറിയ സന്ദര്‍ശിക്കാമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്. ഉത്തരകൊറിയയ്ക്കെതിരായ നടപടിയില്‍ യുഎസും ദക്ഷിണ കൊറിയയും ഒറ്റക്കെട്ടാണെന്നും മൂണ്‍ പറഞ്ഞു.