ഏറ്റവും വലിയ ഗാന്ധി മ്യൂസിയം വിവാദത്തില്‍

0
122

ഗുജറാത്തില്‍ സ്ഥിതി ചെയ്യുന്ന രാജ്യത്തെ ഏറ്റവും വലിയ ഗാന്ധി മ്യൂസിയത്തില്‍ മഹാത്മാ ഗാന്ധിയുടെ ഘാതകനായ നാതുറാം ഗോഡ്‌സെയെക്കുറിച്ച് യാതൊരു പരാമര്‍ശവുമില്ല. അഹമ്മദാബാദില്‍ നിന്നും 25 കിലോമീറ്റര്‍ അകലെ ഗാന്ധിനഗറില്‍ സ്ഥിതി ചെയ്യുന്ന ദണ്ഡി കുതിറിലാണ് മഹാത്മാഗാന്ധിയുടെ ജീവിതവും നാള്‍വഴികളും വിശദമാക്കുന്ന മ്യൂസിയം സ്ഥിതി ചെയ്യുന്നത്.

ദണ്ഡി മാര്‍ച്ചിനെ അനുസ്മരിപ്പിക്കാനായി ഉപ്പുകൂനയുടെ ആകൃതിയില്‍ മൂന്ന് നില കെട്ടിടത്തിലാണ് മ്യൂസിയം പണികഴിപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നിര്‍മ്മിച്ച ഈ കെട്ടിടം 2015ല്‍ അദ്ദേഹം പ്രധാനമന്ത്രിയായപ്പോഴാണ് ഉദ്ഘാടനം ചെയ്തത്. ഈ മ്യൂസിയത്തിലാണ് ബാപ്പുജിയെ വധിക്കുകയും ഹിന്ദുരാഷ്ട്രത്തിന്റെ വക്താവുമായ ഗോഡ്‌സെയുടെ പേര് എവിടെയും പരാമര്‍ശിക്കാത്തത്.

4ഡി കാഴ്ചകളും ലേസര്‍ ഷോകളും 3ഡി ഹോളോഗ്രഫിയും എല്‍ഇഡി ഫ്‌ളോറുകളുമെല്ലാം ചേര്‍ന്ന് മ്യൂസിയം കാഴ്ചയുടെ പുതിയൊരു അനുഭവമാണ്. ഗാന്ധിജി കൊല്ലപ്പെട്ട 1948 ജനുവരി 30ലെ സംഭവങ്ങള്‍ ഇവിടെ വിശദമായി പരാമര്‍ശിക്കുന്നുണ്ട്. ‘വല്ലഭായി പട്ടേല്‍ രാവിലെ ഗാന്ധിജിയെ സന്ദര്‍ശിക്കുകയും 500ലേറെ ആളുകള്‍ കാത്തിരിക്കുന്നുവെന്ന് അറിയിക്കുകയും ചെയ്തു. ഗാന്ധിജി പുറത്തേക്ക് വന്നതോടെ ആള്‍ക്കൂട്ടത്തില്‍ നിന്നും ഒരാള്‍ മുന്നോട്ട് വരികയും അദ്ദേഹത്തിന്റെ കാല്‍പ്പാദം തൊടുകയും ചെയ്തു. ഗാന്ധിജിയുടെ സഹായിയായ മനു അദ്ദേഹത്തെ തടയാന്‍ ശ്രമിച്ചെങ്കിലും അയാള്‍ അവരെ തള്ളിമാറ്റി പിസ്റ്റള്‍ പുറത്തെടുത്തു..’ ശേഷം മൂന്ന് വെടിശബ്ദം ഓഡിയോയി കേള്‍പ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. അതേസമയം ഗാന്ധി വധത്തെക്കുറിച്ച് വിശദീകരിക്കുമ്പോള്‍ ഒരിടത്തുപോലും ഗോഡ്‌സെയുടെ പേര് പരാമര്‍ശിക്കുന്നില്ല. ഒരു വ്യക്തി എന്ന് മാത്രമാണ് എല്ലായിടത്തും പറയുന്നത്. ഗാന്ധിജിയുടെ ഘാതകന്‍ എന്ന പേരില്‍ ചരിത്രം രേഖപ്പെടുത്തിയ തീവ്രഹിന്ദുത്വവാദിയുടെ പേരാണ് മോദി സര്‍ക്കാര്‍ ഒഴിവാക്കിയിരിക്കുന്നത്. ഗാന്ധി വധത്തിന്റെ പേരില്‍ ഗോഡ്‌സെയെ പിന്നീട് തൂക്കിക്കൊന്നിരുന്നു.

ഗാന്ധി വധം ഇപ്പോഴും ഗവേഷണവിധേയമാണെന്നും അതിനാലാണ് ദണ്ഡി കുതിറില്‍ ഗോഡ്‌സെയെക്കുറിച്ച് പരാമര്‍ശമൊന്നുമില്ലാത്തതെന്നുമാണ് മ്യൂസിയം ഡയറക്ടര്‍ എംഎച്ച് ഭഗ്ദ പറയുന്നത്.