ഏഴുകോടിയുടെ കോഴ : കൃഷ്ണദാസ് പക്ഷത്തിനെതിരെ കുമ്മനവും മുരളീധരനും

0
8246

കേന്ദ്രഭരണം പണം കൊയ്യാനുള്ള വഴിയാണെന്ന തിരിച്ചറിവിൽ ബിജെപി നേതാക്കൾ

 7 കോടിയുടെ അഴിമതി ആരോപണം ബിജെപിക്കുള്ളിൽ നിന്നും പുകയുന്നു

കേന്ദ്രഭരണം പണം കൊയ്യാനുള്ള വഴിയാണെന്ന തിരിച്ചറിവിൽ ഒരു വിഭാഗം നേതാക്കൾ സഞ്ചരിക്കുകയും ആ വഴി അടച്ച് മറുവിഭാഗം നിലകൊള്ളുകയും ചെയ്തതോടെ ബിജെപിയുടെ മുന്നോട്ടുള്ള പോക്ക് പ്രതിസന്ധിയിലാകുന്നു. സ്വതവേ ഗ്രൂപ്പ് പോരുകൾ അശാന്തമാക്കുന്ന ബിജെപിയ്ക്ക് താങ്ങാനാകാത്ത ഒരാരോപണമാണ് തിരുവനന്തപുരത്തെ പ്രമുഖ മെഡിക്കൽ വിദ്യാഭ്യാസ ശൃംഖലയുടെ ഉടമയിൽ നിന്നും ഒരു നേതാവ്, അതും കൃഷ്ണദാസ് പക്ഷത്തെ പ്രമുഖൻ 7 കോടി കൈപറ്റിയെന്ന ആക്ഷേപം. അത് ഉന്നയിച്ചത് കേരളത്തിലെ ബിജെപിയുടെ ദേശീയ നേതാവായ വി.മുരളിധരൻ ആണെന്നുള്ളതും, ആ ആക്ഷേപം ഉന്നയിക്കുമ്പോൾ കേന്ദ്ര നേതാക്കൾ സന്നിഹിതരായിരുന്നു എന്നുള്ളതുമാണ് ആരോപണം പാർട്ടിക്കുള്ളിൽ വലിയ ചലനങ്ങൾ ഉണ്ടാക്കുന്നത്.
ബിജെപിയുടെ പാലക്കാട് യോഗത്തിലാണ് കൃഷ്ണദാസ് പക്ഷത്തെ പ്രമുഖനെതിരെ പാർട്ടി മുൻ സംസ്ഥാന അദ്ധ്യക്ഷൻ വി മുരളീധരൻ അഴിമതി ആരോപണം ഉന്നയിച്ചത്. ഊരാൻ പറ്റാത്ത വിധത്തിലുള്ള ആരോപണമായതിനാൽ പാർട്ടി അന്വേഷണ കമ്മിഷൻ വന്നിട്ടുണ്ട്. കെ.പി.ശ്രീശനും, എ.കെ.നസീറുമാണ് അന്വേഷണ കമ്മിഷൻ അംഗങ്ങൾ. ഇവർ അന്വേഷണം തുടങ്ങിയിട്ടുമുണ്ട്. തെളിവുകൾ ശക്തമാണ്. മെഡിക്കൽ കോളേജ് ഉടമയിൽ നിന്നും ഇവർ തെളിവെടുക്കുകയും ചെയ്തു. തെളിവെടുപ്പിൽ 7 കോടിയല്ല അഞ്ച് കോടിയാണ് നേതാവിന് നൽകിയതെന്ന് മൊഴി.
.മെഡിക്കൽ പി ജി കോഴ്‌സ് അനുവദിക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്താനാണ് നേതാവ് പണം കൈപറ്റിയെതെന്നും കമ്മീഷന് മുന്നിൽ അദ്ദേഹം വ്യക്തമാക്കി. അഴിമതി ആരോപണം നേരിടുന്ന നേതാവിന്റെ കുഴപ്പം കൊണ്ടല്ല പി ജി കോഴ്‌സ് ലഭിക്കാത്തതെന്നും തന്റെ തന്നെ ചില പ്രശ്‌നങ്ങൾ കാരണമാണെന്നും പണം നൽകിയതിൽ പരാതി ഇല്ലന്നുമാണ് മൊഴി. പരാതി ഇല്ലെങ്കിലും ഇക്കാര്യങ്ങൾ എഴുതി നൽകാൻ കമ്മീഷൻ ആവശ്യപ്പെട്ടു. ഇത് ഉടമ അനുസരിക്കുകയും ചെയ്തു. അടുത്ത ബിജെപി നേതൃയോഗത്തിൽ റിപ്പോർട്ട് അവതരിപ്പിക്കും. ഇത് ബിജെപി നേതാവിന്റെ തലയ്ക്ക് മുകളിലെ വാൾ പോലെ തൂങ്ങി നിൽക്കുന്നു. ഇത് കൃഷ്ണദാസ് പക്ഷത്തിനു ശക്തമായ തിരിച്ചടിയായി മാറുകയും ചെയ്യുന്നു.
ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ നിലപാടാണ് നിർണ്ണായകമാകുന്നത്. അദ്ദേഹം കേരളത്തിലെ നേതാക്കൾ അഴിമതി കാട്ടുന്നതിന് എതിര് നിൽക്കുന്നു. ശക്തമായ നിലപാടാണ് ഈ കാര്യത്തിൽ അദ്ദേഹം വെച്ചു പുലർത്തുന്നത്. കേരളത്തിൽ ഭരണത്തിൽ വരാതെ, തമ്മിലടിച്ച് നിൽക്കുന്ന ഇവർ കേന്ദ്ര ഭരണത്തിന്റെ നിഴലിൽ മിടുക്കരാകേണ്ട എന്നാണു അമിത് ഷായുടെ നിലപാട്. അതുകൊണ്ട് തന്നെയാണ് വളരെ വേഗം അഴിമതി കാര്യത്തിൽ പാർട്ടി കമ്മിഷൻ രൂപവത്ക്കരിക്കപ്പെട്ടത്.
പണം കൈപറ്റിയിട്ടും ഒന്നും ആകാത്തപ്പോൾ മെഡിക്കൽ കോളേജ് ഉടമ ചില ബിജെപി നേതാക്കളോടു പറഞ്ഞതാണ് മുരളീധര പക്ഷം ആയുധമാക്കിയത്. വിവിരം അമിതാഷായുടെ മുന്നിൽ വരെ എത്തിയതും പാർട്ടിയിലെ ഗ്രൂപ്പ് പോരിന്റെ കൂടി ഭാഗമാണ്. ബിജെപിയുടെ ഭാവി പ്രസിഡന്റുമാരിൽ ഒരാളായി പരിഗണിക്കപ്പെടുന്ന വ്യക്തിക്കെതിരെയാണ് മെഡിക്കൽ കോഴ ആരോപണം എത്തുന്നത്. ഇത് പാർട്ടിയെ വലിയ വെട്ടിലാക്കുന്നു. കോഴിക്കോട്ടെ ഒരു പ്രമുഖ ആശുപത്രിയിൽ നിന്നും കോഴ വാങ്ങിയതായി മുരളീധര പക്ഷത്തെ ഒരു പ്രമുഖനെതിരെയും ആരോപണം ഉയർന്നിരുന്നു, പിന്നീട് ആശുപത്രി അധികൃതർ തന്നെ ഇങ്ങനെയൊരു സംഭവമില്ലന്ന് പറഞ്ഞതോടെ ഈ വിവാദം കെട്ടടങ്ങി. ഇതിന് പിന്നാലെയാണ് പുതിയ വിവാദം.
കേരളത്തിലെ പ്രമുഖ നാല് സംസ്ഥാന നേതാക്കൾ അഴിമതിക്കാരെന്നുള്ള കേന്ദ്ര വിലയിരുത്തൽ 24 കേരള മുൻപ് പുറത്തുവിട്ടിരുന്നു. ആ വാർത്ത സാധൂകരിക്കും വിധമാണ് പുതിയ അഴിമതി ആരോപണങ്ങൾ ബിജെപിക്കുള്ളിൽ നിന്നും പുറത്തു വന്നുകൊണ്ടിരിക്കുന്നത്.