കടൽ സമ്പത്ത് സുസ്ഥിരമായി ഉപയോഗിക്കുന്നതിന് സിഎംഎഫ്ആർഐയുടെ കർമ്മപദ്ധതി

0
126

ഈ മാസം നാല്,അഞ്ച് തീയതികളിൽ നടക്കുന്ന ദേശീയ വിദഗ്ധ സംഗമത്തിൽ കർമ്മപദ്ധതിയുടെ കരട് തയ്യാറാകും

കടൽ സമ്പത്ത് സുസ്ഥിരമായി ഉപയോഗിക്കുന്നതിനും സമുദ്ര ആവാസവ്യവസ്ഥയുടെ ശരിയായ പരിപാലനത്തിനും ദേശീയതലത്തിൽ കർമ്മ പദ്ധതി വരുന്നു. നീതി ആയോഗിന്റെ നിർദ്ദേശത്തോടെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് -ഇന്ത്യയുടെ സഹകരണത്തോടെയാണ് കർമ്മപദ്ധതി തയ്യാറാക്കുന്നത്.

കടൽ സമ്പത്തിന്റെ സുസ്ഥിരമായ വിനിയോഗത്തിലൂടെ സമുദ്ര ആവാസവ്യവസ്ഥയെ പരിക്കേൽക്കാതെ സംരക്ഷിക്കുകയും അതുവഴി ‘ബ്ലൂ ഇക്കോണമി’ വികസിപ്പിക്കുകയുമാണ് കർമ്മപദ്ധതിയുടെ ലക്ഷ്യം.കടൽ സമ്പത്ത് ഉപയോഗിക്കുന്നതിനുള്ള സുസ്ഥിരമായ പരിപാലന മാതൃകകൾ, ചെറുകിട മത്സ്യബന്ധന മേഖല ശക്തിപ്പെടുത്തുന്നതിനുള്ള മാർഗ്ഗങ്ങൾ, അമിതമത്സ്യബന്ധനം, തീരദേശ മലിനീകരണം എന്നിവ തടയുന്നതിനുള്ള വഴികൾ, മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ഉപജീവനം സംരക്ഷിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ തുടങ്ങിയവ കർമ്മപദ്ധതിയിലുണ്ടാകും.

ഐക്യരാഷ്ട്രസഭ തയ്യാറാക്കിയ സുസ്ഥിര വികസന ലക്ഷ്യങ്ങൾ ഇന്ത്യയിൽ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് സമുദ്രവിഭവവുമായി ബന്ധപ്പെട്ട കർമ്മപദ്ധതി സിഎംഎഫ്ആർഐ തയ്യാറാക്കുന്നത്.കർമ്മപദ്ധതി തയ്യാറാക്കുന്നതിനായി, നീതി ആയോഗ്, വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് -ഇന്ത്യ എന്നിവയുമായി സഹകരിച്ച് ദേശീയതലത്തിൽ ദ്വിദിന വിദഗ്ധ സംഗമം നാലിനും അഞ്ചിനും (ചൊവ്വ, ബുധൻ) സിഎംഎഫ്ആർഐയിൽ നടക്കും.

എല്ലാ തീരദേശ സംസ്ഥാനങ്ങളിൽ നിന്നും പ്രതിനിധികൾ സംഗമത്തിൽ പങ്കെടുക്കും. ബന്ധപ്പെട്ട കേന്ദ്രമന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥർ, സമുദ്രശാസ്ത്രജ്ഞർ, പരിസ്ഥിതി വിദഗ്ധർ, വിവിധ സംസ്ഥാനങ്ങളിലെ ഫിഷറീസ്, വനം, പരിസ്ഥിതി, തീരദേശ പരിപാലനം, വ്യവസായം, സമുദ്രവികസനം തുടങ്ങിയ വകുപ്പുകളിലെ മുതിർന്ന ഉദ്യാഗസ്ഥർ തുടങ്ങിയവർ സംഗമത്തിൽ പങ്കെടുക്കും.

രണ്ടുദിവസത്തെ ചർച്ചകളിലൂടെ കർമ്മപദ്ധതിയുടെ കരട് ഈ മാസം അഞ്ചിന് (ബുധൻ) തയ്യാറാകും. ഇന്ത്യയുടെ പരിധിയിൽ വരുന്ന സമുദ്രവിഭവങ്ങൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ഈ കർമ്മ പദ്ധതി രാജ്യത്തിന്റെ തുടർ നയരൂപീകരണങ്ങളിൽ നിർണായകമാകും.നീതി ആയോഗ് മെംബർ ഡോ രമേശ് ചന്ദ്, നീതി ആയോഗ് ഉപദേശകൻ ഡോ അശോക് ജെയിൻ, വേൾഡ് വൈൽഡ് ലൈഫ് ഫണ്ട്-ഇന്ത്യ പ്രോഗ്രാം ഡയറക്ടർ സേജൽ വോറ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകും.