കപ്പല്‍ ബോട്ടിലിടിച്ച് മത്സ്യതൊഴിലാളികള്‍ കൊല്ലപ്പെട്ട കേസ് : നാവീകര്‍ റിമാന്‍ഡില്‍

0
82

കൊച്ചിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടിലിടിച്ച് രണ്ടുപേരുടെ മരണത്തിന് കാരണമായ സംഭവത്തിൽ കപ്പലിന്റെ ക്യാപ്റ്റനടക്കം മൂന്നു പേരെ കോടതി റിമാൻഡ് ചെയ്തു. കപ്പലിന്റെ ക്യാപ്റ്റൻ ജോർജ് നാകീസ് ലോണീസ, സെക്കന്റ് ഓഫീസർ ഗ്യാലനോസ് അക്വാനിയോസ്, നിവാനോ എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത്.
കപ്പലിന്റെ ക്യാപ്റ്റനെതിരെ ഐപിസി 304 വകുപ്പു പ്രകാരം മനപൂർവ്വമായുള്ള നരഹത്യയ്ക്ക് കോസ്റ്റൽ പൊലീസ് കേസെടുത്തിരുന്നു. മത്സ്യബന്ധനത്തിനു പോയ കാർമാൽ മാത എന്ന ബോട്ട് ജൂൺ 11നാണ് കപ്പൽ ഇടിച്ചു തകർത്തത്. സംഭവത്തിൽ അസം സ്വദേശിയും കുളച്ചാൽ സ്വദേശിയുമാണ് മരിച്ചത്.ബോട്ടിൽ ഉണ്ടായിരുന്ന പതിനൊന്ന് തൊഴിലാളികളെ മറ്റൊരു ബോട്ടിലുണ്ടായിരുന്നവരാണ് രക്ഷിച്ചത്. സംഭവ ശേഷം കപ്പൽ നിർത്താതെ പോകുകയായിരുന്നു. പിന്നീട് നാവിക സേനയും തീരദേശ സേനയും ചേർന്നാണ പനാമ രജിസ്ട്രേഷനിലുള്ള ആംബർ എൽ എന്ന കപ്പൽ പിടികൂടിയത്.
ബോട്ടിൽ കപ്പൽ ഇടിച്ചത് അറിഞ്ഞില്ല എന്നാണ് ക്യാപ്റ്റൻ മൊഴി നൽകിയത്. എന്നാൽ കപ്പിത്താന്റെ വാദം വിശ്വസനീയമല്ല എന്ന് മറൈൻ ഡിപ്പാർട്ട്‌മെന്റ് തയ്യാറാക്കിയ റിപ്പോർട്ടിൽ പറഞ്ഞു. കപ്പലിൽ നിന്നും പിടിച്ചെടുത്ത വോയിസ് ഡാറ്റാ റെക്കോർഡർ അടക്കമുളള രേഖകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ടിലാണ് മറൈൻ ഡിപ്പാർട്ട്‌മെന്റ് ഇക്കാര്യം വ്യക്തമാക്കിയത്.