കേരളത്തിലെ സമ്പൂര്‍ണ വിലമാറ്റപ്പട്ടിക ഇന്ന്

0
95

 

കേരളത്തിലെ നിത്യോപയോഗ സാധനങ്ങളുടെ സമ്പൂർണ വിലമാറ്റപ്പട്ടിക ഇന്നു കൊച്ചിയിലെ ജിഎസ്ടി സമ്മേളനത്തിൽ പ്രഖ്യാപിക്കും.സംസ്ഥാന വാണിജ്യനികുതി വകുപ്പു തയാറാക്കിയ പട്ടികയിലെ 15 ഇനങ്ങൾക്കു പുറമേയാണിത്.

ഇതിനിടെ, കർഷകർക്ക് ആശ്വാസമേകി രാസവളങ്ങളുടെ ജിഎസ്ടി നിരക്കു നേരത്തേ നിശ്ചയിച്ച 12 ശതമാനത്തിൽ നിന്ന് അഞ്ചു ശതമാനമാക്കി കുറച്ചു. ഒറ്റ ചരക്ക്, സേവന നികുതി നിലവിൽ വരുന്നതോടൊപ്പം മറ്റ് ഒട്ടേറെ മാറ്റങ്ങൾക്കും ഇന്നു തുടക്കമാകും.

കൂടുതൽ സേവനങ്ങൾക്ക് ആധാർ

ആദായ നികുതി ഫയൽ ചെയ്യാൻ ആധാർ കാർഡ് നമ്പർ നിർബന്ധം. കാർഡിന് അപേക്ഷിച്ചിരിക്കുകയാണെങ്കിൽ അപ്പോൾ ലഭിച്ച നമ്പർ രേഖപ്പെടുത്തണം.

പുതിയ പാസ്‌പോർട്ട് ലഭിക്കാനും പഴയതു പുതുക്കാനും ആധാർ നമ്പർ നിർബന്ധം.

പുതിയ പാൻ കാർഡിന് അപേക്ഷിക്കുമ്പോൾ ആധാർ നിർബന്ധം. ആധാറും പാൻ കാർഡും ഉള്ളവർ അവ തമ്മിൽ ബന്ധിപ്പിക്കണം. അല്ലാത്ത പാൻ കാർഡുകൾ ഭാവിയിൽ അസാധുവാകും.

റെയിൽവേയിൽ എല്ലാത്തരം സൗജന്യങ്ങൾക്കും ആധാർ നമ്പർ കാണിക്കണം.

പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടും ആധാർ കാർഡ് നമ്പറും തമ്മിൽ ബന്ധിപ്പിക്കണം. പിഎഫ് പെൻഷൻ വാങ്ങുന്നവരും അവരുടെ ജീവൻപ്രമാൺ രേഖകളിൽ ആധാർ നമ്പർ കൂടി ചേർക്കണം. ആധാർ നമ്പർ ചേർക്കുന്നതോടെ പിഎഫിൽനിന്നു പണം പിൻവലിക്കാൻ നിലവിൽ 20 ദിവസം വേണ്ടിവരുന്നതു 10 ദിവസമായി ചുരുങ്ങും.

പൊതുവിതരണ സംവിധാനം വഴി സബ്‌സിഡി ആനുകൂല്യം ലഭിക്കാൻ റേഷൻ കാർഡിനൊപ്പം ആധാർ നമ്പർ കൂടി നൽകണം.

സർവകലാശാല, കോളജ്, സ്‌കൂൾ വിദ്യാർഥികൾക്കു കേന്ദ്ര മാനവശേഷി വകുപ്പിന്റെ തുക ലഭിക്കാൻ ആധാർ നമ്പർ നിർബന്ധം.

യാത്രയിൽ മാറ്റങ്ങൾ

വിദേശത്തേക്കു പോകുന്ന ഇന്ത്യക്കാർ വിമാനത്താവളങ്ങളിൽ ഡിപ്പാർച്ചർ ഫോമുകൾ പൂരിപ്പിച്ചുനൽകേണ്ടതില്ല.

രാജധാനി, ശതാബ്ദി ട്രെയിനുകളിൽ കടലാസ് ടിക്കറ്റുകൾ ഇല്ല. റെയിൽവേ ബുക്കിങ് കൗണ്ടർ വഴി ബുക്ക് ചെയ്താലും ടിക്കറ്റ് മെബൈലിൽ മാത്രം

ട്രെയിനിൽ എസി, ഫസ്റ്റ് ക്ലാസ് ടിക്കറ്റ് നിരക്കിൽ നേരിയ വർധന.

ജൂൺ 30 വരെ ബുക്ക് ചെയ്ത ടിക്കറ്റുകൾക്കു ജിഎസ്ടി ബാധകമാകില്ല.

റെയിൽവേ കേറ്ററിങ്ങിനു 12 ശതമാനവും പാഴ്‌സൽ, ഗുഡ്‌സ്, സ്റ്റോറേജ്, വാഹന പാർക്കിങ്, എസി വെയ്റ്റിങ് ഹാൾ, ക്ലോക്ക് റൂം, പേ ആൻഡ് യൂസ് ടോയ്‌ലറ്റ് എന്നിവയ്ക്കു 18 ശതമാനവും ചരക്കു സേവന നികുതി.

ടിക്കറ്റില്ലാ ട്രെയിൻ യാത്രയ്ക്കുള്ള പിഴയിൽ 5% വർധന.

പുതിയ സോഫ്റ്റ്‌വെയർ പൂർണതോതിൽ നിലവിലാകും വരെ റെയിൽവേ ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റുകൾ നൽകില്ല.

ട്രെയിൻ യാത്രയിൽ തിരിച്ചറിയൽ രേഖയായി ഡൗൺലോഡ് ചെയ്‌തെടുക്കുന്ന ഇ-ആധാറും പരിഗണിക്കും.