കോൺഗ്രസ്, ഇടത് പാർട്ടികൾക്ക് രാഷ്ട്രീയ തിമിരം : കുമ്മനം

0
81

കോഴിക്കോട്: ജി.എസ്.ടി പ്രഖ്യാപന പ്രത്യേക സമ്മേളനത്തിൽ പങ്കെടുക്കാത്ത കോൺഗ്രസ്, ഇടത് പാർട്ടികൾക്ക് രാഷ്ട്രീയ തിമിരം ബാധിച്ചത് കൊണ്ടാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഫേസ് ബുക്കിലൂടെയാണ് കുമ്മനത്തിന്റെ അഭിപ്രായപ്രകടനം

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
സ്വതന്ത്രഭാരതത്തിലെ ഏറ്റവും വലിയ സാമ്പത്തിക പരിഷ്കരണമാണ് ഇന്ന് മുതൽ രാജ്യത്ത് നടപ്പായ ജി.എസ്.ടി നിയമം. വാജ്പേയി സർക്കാർ തുടങ്ങി വെച്ച നടപടികള്‍ പൂർത്തിയാക്കിയത് മറ്റൊരു ബി.ജെ.പി സർക്കാരാണ് എന്നത് അഭിമാനകരമായ നേട്ടമാണ്. 2000 മുതലുള്ള 17 വർഷക്കാലം രാജ്യം ഭരിച്ച എല്ലാ സർക്കാരുകളും ഈ നടപടിക്ക് ആക്കം കൂട്ടുന്ന നിലപാടുകൾ സ്വീകരിച്ചിട്ടുണ്ട്. എങ്കിലും നിയമം നടപ്പാക്കണമെന്ന തീവ്ര ഇച്ഛാശക്തിയോടെ മുന്നോട്ട് പോയത് നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ എൻ.ഡി.എ അധികാരമേറ്റതിന് ശേഷമാണ്. വിവിധ സംസ്ഥാനങ്ങളെ കൂട്ടിയോജിപ്പിച്ച് ഇന്ത്യൻ യൂണിയൻ എന്ന ഒറ്റ രാഷ്ട്രം സാധ്യമാക്കിയ ഉരുക്കുമനുഷ്യൻ സർദാർ വല്ലഭായ് പട്ടേലിന്‍റെ സാഹസികതയ്കക്ക് തുല്യമാണ് നരേന്ദ്രമാദി സർക്കാർ നടപ്പാക്കിയ ഒറ്റ നികുതി വ്യവസ്ഥ.

ഒറ്റ രാഷ്ട്രം ഒറ്റ കമ്പോളം എന്നത് രാഷ്ട്രത്തിന്‍റെ വികസന കുതിപ്പിനുള്ള ഊർജ്ജമാണ്. ഒപ്പം നാനാത്വത്തിൽ ഏകത്വം എന്ന നമ്മുടെ സാംസ്കാരിക ദേശീയതയുടെ ഉദ്ഘോഷണവും.ഒറ്റ നികുതിയിലേക്ക് മാറുന്നതോടെ രാഷ്ട്രത്തിന്‍റെ വളർച്ചാ നിരക്കിൽ രണ്ടു ശതമാനത്തിന്‍റെ വർദ്ധനവാണ് ഉണ്ടാകാൻ പോകുന്നത്. അവശ്യ സാധനങ്ങളുടെ വിലക്കുറവിനും കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, നികുതി വെട്ടിപ്പ് എന്നിവയുടെ അന്ത്യത്തിനും ഇത് സഹായകമാകും. കള്ളപ്പണം ഇല്ലാതാക്കുമെന്ന ബി.ജെ.പിയുടെ നിലപാട് ഊട്ടിയുറപ്പിക്കുന്ന നടപടിയാണ് ഇത്. രാജ്യത്തിന് ഗുണകരമാകുന്ന ഈ നിയമം നടപ്പാക്കിയ ചരിത്ര സമ്മേളനം ബഹിഷ്കരിച്ച കോൺഗ്രസ്, ഇടത് കക്ഷികളുടെ നിലപാട് ദൗർഭാഗ്യകരമാണ്.

ദില്ലിയിൽ ഉണ്ടായിട്ടും സംസ്ഥാന ധനമന്ത്രി ഡോ. തോമസ് ഐസക് പരിപാടിയിൽ സംബന്ധിക്കാഞ്ഞത് പ്രതിഷേധാർഹമാണ്. തോമസ് ഐസക് നിർദ്ദേശിച്ച മാറ്റങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് ജി.എസ്.ടി നിലവിൽ വന്നത്. പരിഷ്കരണത്തോട് അദ്ദേഹത്തിന് എന്തെങ്കിലും വിയോജിപ്പ് ഉണ്ടായിരുന്നുവെങ്കിൽ അത് രേഖപ്പെടുത്താൻ നിരവധി അവസരങ്ങൾ ഉണ്ടായിരുന്നു. അത് അദ്ദേഹം ഉപയോഗപ്പെടുത്തുകയും ചെയ്തതാണ്. എന്നിട്ടും സമ്മേളനം ബഹിഷ്കരിച്ചത് രാഷ്ട്രീയ തിമിരം ബാധിച്ചതു കൊണ്ട് മാത്രമാണ്.

ക്വിറ്റ് ഇന്ത്യാ ദിനം, സ്വാതന്ത്ര്യ ദിനം, തുടങ്ങി അരുവിപ്പുറം പ്രതിഷ്ഠാ വാർഷികം വരെ ബഹിഷ്കരിച്ച് പാരമ്പര്യമുള്ള ഇടതുപക്ഷം അവരുടെ സഹജ സ്വഭാവം കാണിച്ചെന്നേയുള്ളൂ. അതേസമയം സി.പി.എം നേതാവും പശ്ചിമബംഗാൾ മുൻ ധനമന്ത്രിയുമായ അസീംദാസ് ഗുപ്ത പരിപാടിയിൽ പങ്കെടുത്തത് ശ്രദ്ധേയമായി.