ഗോസംരക്ഷണ കൊലകളിൽ അതൃപ്തി പ്രകടിപ്പിച്ച് രാഷ്ട്രപതി

0
132

 

ഗോസംരക്ഷണത്തിൻറെയും ബീഫിൻറെയും പേരിൽ രാജ്യത്ത് നടക്കുന്ന കൊലപാതകങ്ങൾക്കെതിരെ വിമർശനവുമായി രാഷ്ട്രപതി പ്രണബ് മുഖർജി. ഇത്തരം കൊലപാതകങ്ങളിൽ വേദനയുണ്ടെന്ന് രാഷ്ട്രപതി വ്യക്തമാക്കി. ഗോസംരക്ഷണത്തിന്റെ പേരിലുള്ള അക്രമങ്ങൾക്ക് എത്രയും വേഗം അറുതി വരുത്തണമെന്നും രാഷ്ട്രപതി ആവശ്യപ്പെട്ടു. നാഷനൽ ഹെറാൾഡ് ദിനപ്പത്രത്തിൻറെ സ്മരണിക പ്രകാശനവും വെബ്‌സൈറ്റിൻറെ ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.

ആൾക്കൂട്ടങ്ങൾ നടത്തുന്ന ആക്രമണങ്ങളും കൊലപാതകവും നിയന്ത്രണാതീതമായി വർധിച്ചുവരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് അവസാനിപ്പിക്കേണ്ടതാണ്. ആളുകൾ കൊല്ലപ്പെടുകയും ആൾക്കൂട്ടങ്ങൾ നിയന്ത്രണം വിട്ട് ആക്രമണങ്ങൾ നടത്തുന്നമായ വാർത്തകളാണ് ടിവിയിലും പത്രങ്ങളിലും ഉള്ളത്. രാജ്യത്തിൻറെ അടിസ്ഥാന പ്രമാണങ്ങൾ സംരക്ഷിക്കാൻ നമ്മൾ ജാഗ്രത പുലർത്തുന്നുണ്ടോയെന്ന് ചിന്തിക്കണമെന്നും രാഷ്ട്രപതി പറഞ്ഞു. അന്ധകാര ശക്തികളിൽനിന്ന് രാജ്യത്തെ രക്ഷിക്കാൻ പൗരൻമാരുടെയും മാധ്യമങ്ങളുടെയും നിതാന്ത ജാഗ്രത അത്യന്താപേഷിതമാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.

ഗോസംരക്ഷണത്തിന്റെ പേരിൽ നടക്കുന്ന അക്രമങ്ങളെ ചടങ്ങിൽ സംബന്ധിച്ച കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും വിമർശിച്ചു. ആൾക്കൂട്ടങ്ങൾ നടത്തുന്ന കൊലപാതകങ്ങൾ രാജ്യത്തു പതിവായി മാറിയെന്ന് ബിജെപിയെ വിമർശിച്ച് കോൺഗ്രസ് അധ്യക്ഷ പറഞ്ഞു. അസഹിഷ്ണുതയുടെ നാളുകൾ മടങ്ങിവരുന്നത് ആശങ്കപ്പെടുത്തുന്നുവെന്നും ഭരണകൂടം വേണ്ടവിധം പ്രവർത്തിക്കുന്നില്ലെന്നും സോണിയ ചൂണ്ടിക്കാട്ടി.

ഡൽഹിയിൽ നിന്നും ഹരിയാനയിലേക്കുള്ള യാത്രക്കിടെ ട്രെയിനിൽ ആൾക്കൂട്ടത്തിൻറെ ആക്രമണത്തിന് ഇരയായി ജുനൈദ് എന്ന പതിനാറുകാരൻ കൊല്ലപ്പെട്ടിരുന്നു. ഗോസംരക്ഷണത്തിൻറെ പേരിൽ മനുഷ്യരെ കൊല്ലുന്നത് അംഗീകരിക്കാനാകില്ലെന്ന് ഇതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവിച്ചെങ്കിലും, മോദിയുടെ പ്രസംഗത്തിന് മണിക്കൂറുകൾക്കകം ബീഫ് കടത്തിയെന്നാരോപിച്ച് ജാർഖണ്ഡിൽ ജനക്കൂട്ടം ഒരാളെ കൊലപ്പെടുത്തി.