ചെറുകിട കൈയേറ്റക്കാരോട് അനുകൂല നിലപാടെന്ന് മുഖ്യമന്ത്രി

0
60

കേരളത്തിലെ ചെറുകിട കൈയേറ്റക്കാരോട് സര്‍ക്കാരിന്റെ ഭാഗത്തു നിന്നു അനുകൂലമായ നിലപാടെടുക്കുമെന്ന് മുഖ്യമന്ത്രി. അതേസമയം വന്‍കിട കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് നടക്കുന്ന മൂന്നാര്‍ ഉന്നത തല യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കൂടാതെ ആദിവാസികള്‍ക്ക് ഉടന്‍ ഭൂമിയും രേഖയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കൈയേറ്റമെന്ന് തോന്നിക്കാവുന്ന വര്‍ഷങ്ങളായി താമസിച്ച് പോരുന്ന ഭൂമി സംസ്ഥാനത്തെ പലയിടത്തുമുണ്ട്. മറ്റ് ഭൂമിയില്ലെങ്കില്‍ അവര്‍ക്ക് ആ ഭൂമി നല്‍കുന്ന കാര്യവും പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

മൂന്നാര്‍ വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങള്‍ പലതും നടപ്പിലായിട്ടില്ല. എല്ലാ കക്ഷികളും ആവശ്യപ്പെട്ടതനുസരിച്ചാണ് മെയ് 27-ന് സര്‍വ കക്ഷിയോഗം വിളിച്ചത്. പക്ഷെ ഉദ്യോഗസ്ഥര്‍ യോഗത്തിലെ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതില്‍ വലിയ കാലതാമസമുണ്ടാക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

ഇടുക്കി ജില്ലാ കലക്ടര്‍ സി.ആര്‍ ഗോകുല്‍, ദേവികളും സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍, റവന്യൂ വകുപ്പ് സെക്രട്ടറി പി.എച്ച് കുര്യന്‍ എന്നിവര്‍ അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. മൂന്നാറില്‍ സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ കൈയ്യേറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടികളുമായി മുന്‍പോട്ട് പോകുന്ന സാഹചര്യത്തില്‍ പരാതിയുമായി പ്രാദേശിക സി.പി.എം, സി.പി.ഐ. നേതൃത്വം രംഗത്ത് എത്തിയിരുന്നു.

കൈയേറ്റ ഭൂമിയില്‍നിന്ന് കുരിശുനീക്കിയത് വിവാദമായപ്പോള്‍ മുഖ്യമന്ത്രിതന്നെ ഇടുക്കിയില്‍നിന്നുള്ള ജനപ്രതിനിധികളെക്കൂടി പങ്കെടുപ്പിച്ച് യോഗം നടത്തിയിരുന്നു. ഈ യോഗത്തിലെ തീരുമാനങ്ങള്‍ കളക്ടറും സബ്കളക്ടറും നടപ്പാക്കുന്നില്ലെന്ന് കാണിച്ചാണ് ഇടുക്കിയില്‍ നിന്നുള്ള സര്‍വകക്ഷിസംഘം മുഖ്യമന്ത്രിക്കും റവന്യൂമന്ത്രിക്കും പരാതിനല്‍കിയത്.

മന്ത്രി എം.എം. മണി, എസ്. രാജേന്ദ്രന്‍ എം. എല്‍.എ., കെ.പി.സി.സി. വൈസ് പ്രസിഡന്റ് എ.കെ. മണി തുടങ്ങിയ പ്രമുഖരും നിവേദനത്തില്‍ ഒപ്പിട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് യോഗം വിളിക്കാന്‍ മുഖ്യമന്ത്രി റവന്യൂ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയത്. എന്നാല്‍ റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ യോഗത്തില്‍ പങ്കെടുത്തില്ല.