ജിഎസ്ടിയുമായി ബന്ധപ്പെട്ട ഐടി സേവനങ്ങൾ സൗജന്യമാക്കും : തോമസ്‌ ഐസക് 

0
77

ചരക്ക് സേവന നികുതി ഉപഭോഗ സംസ്ഥാനമായ കേരളത്തിന് ഏറെ ഗുണകരമാകുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇരുപത് ശതമാനത്തോളം നികുതി വരുമാനം വർധിക്കും. ഇപ്പോൾ ചെലവ് 15% വർധിക്കുമ്പോൾ 10% മാത്രമാണ് നികുതി വരുമാനം വർധിക്കുന്നത്. ഈ നികുതി ചോർച്ച തടയാൻ ചരക്ക് സേവന നികുതി വഴി സാധിക്കുമെന്നാണ് പ്രതീക്ഷ. കൂടാതെ നാല് വർഷത്തിനുള്ളിൽ കമ്മി ഇല്ലാതാകുമെന്നും പ്രതീക്ഷിക്കാം. ഉപഭോഗ സംസ്ഥാനമായതിനാൽ ഉപഭോഗം നടക്കുന്ന സ്ഥലത്താണ് നികുതി വരിക. അതിനാൽ നികുതി വരുമാനം ഗണ്യമായി വർധിക്കും. ചരക്ക് സേവന നികുതി നടപ്പാക്കുമ്പോൾ കേരളത്തിൽ സർക്കാരിന്റെ ആഭിമുഖ്യത്തിൽ ജിഎസ്ടിയുമായി ബന്ധപ്പെട്ട ഐടി സേവനങ്ങൾ സൗജന്യമായി ലഭ്യമാക്കുന്നത് പരഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. എൻഐസിയുടെ സഹകരണത്തോടെ ജിഎസ്ടി ബൈക്ക് എൻഡ് മൊഡ്യൂൾ സോഫ്റ്റ്വെയർ സൗജന്യമായി ലഭ്യമാക്കുന്നത് സംബന്ധിച്ച് സർക്കാർ പരിശോധിച്ച് വരികയാണെന്നും അദ്ദേഹം അറിയിച്ചു. ചരക്ക് സേവന നികുതിയുമായി ബന്ധപ്പെട്ട സംശയങ്ങൾ പരിഹരിക്കാൻ ജിഎസ്ടി കൺസൾട്ടന്റ് കൗൺസിൽ സെല്ലും ജില്ലാടിസ്ഥാനത്തിൽ കൂട്ടായ്മകളും നടത്തുമെന്ന് മന്ത്രി അറിയിച്ചു.

നികുതിക്ക് മേലുള്ള നികുതി ഒഴിവായി ഒറ്റ നികുതി ഏർപ്പെടുത്തുന്നതോടെ നികുതി ഘടനയിലസെ സങ്കീർണ്ണതകൾ ഒഴിവാകും. 85% ചരക്കുകളുടെയും നികുതി കുറഞ്ഞിരിക്കുകയാണ്. ജിഎസ്ടി നടപ്പാകുന്നതോടെ ബിൽ എഴുത്ത് ശക്തമാകും. കാരണം മുൻപ് ചരക്കിന് നികുതി നൽകിയതാണെന്ന് കാണിച്ചാൽ മാത്രമേ ഓരോ ഘട്ടത്തിലുമുള്ള നികുതി കിഴിവ് ലഭിക്കുകയുള്ളൂ. ഇതുവഴി ബിൽ എഴുത്തും നികുതിയടവും ഓരോ കച്ചവടക്കാരന്റെയും ബാധ്യതയായി മാറുകയാണ്. നികുതി അടവിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുമ്പോൾ നികുതി വരുമാനത്തിലെ ചോർച്ച ഒഴിവാക്കാനാകും. ജിഎസ്ടി യുടെ ഗുണഫലങ്ങൾ മന്ത്രി അക്കമിട്ടു നിരത്തി. ആദ്യഘട്ടം മുതൽ നികുതിയിളവ് ലഭിക്കുന്നതിനാൽ കയറ്റുമതി രംഗത്തെ മത്സര ശേഷി വർധിക്കും, സംസ്ഥാനങ്ങൾ തമ്മിലുള്ള സാമ്പത്തിക അതിർത്തികൾ ഇല്ലാതാകും, നിക്ഷേപം എളുപ്പമാകും, രാജ്യത്തെ ഉത്പാദന വർധനവിന് കാരണമാകും-മന്ത്രി വ്യക്തമാക്കി.

അസമത്വം വർധിക്കാൻ കാരണമാകുമെന്ന് ചരക്ക് സേവന നികുതിയുടെ ചില ദോഷവശങ്ങളായി മന്ത്രി ചൂണ്ടിക്കാട്ടി. ആഢംബര വസ്തുക്കൾക്ക് നികുതി കുറയുകയും അവശ്യവസ്തുക്കൾക്ക് നികുതി വർധിക്കുകയും ചെയ്തിട്ടുണ്ട്. വിലക്കയറ്റമുണ്ടാകാനും സാധ്യതയുണ്ട്. എന്നാൽ 28% ആയിരുന്ന നികുതി 18% ആകുകയാണ് ചെയ്തതെങ്കിലും 14% ത്തിൽ നിന്ന് 18 % ആയി വർധിച്ചെന്ന ധാരണയാണുള്ളത്. അതുകൊണ്ട് സൂക്ഷിച്ചില്ലെങ്കിൽ വിലക്കയറ്റത്തിനു കാരണമാകും.

നികുതി ഘടന പരിഷ്‌ക്കാരത്തിന്റെ നാലാം ഘട്ടമാണിതെന്ന് മന്ത്രി വ്യക്തമാക്കി. കൊളോണിയൽ കാലത്ത് തുടങ്ങിയ ഭൂനികുതി സമ്പ്രദായത്തിൽ നിന്നും ജിഎസ്ടിയിലെത്തുമ്പോൾ ഉദ്യോഗസ്ഥ കേന്ദ്രീകൃത നികുതി സംവിധാനത്തിന് അവസാനമാകുകയാണെന്ന് മന്ത്രി വ്യക്തമാക്കി. നികുതി നിർണ്ണയം ഉദ്യോഗസ്ഥർ വിവേചിച്ച് തീരുമാനിക്കുന്ന അവസ്ഥയിൽ നിന്ന് നികുതി അടവ് ഓരോരുത്തരുടെയും ഉത്തരവാദിത്തമായി മാറുന്നുവെന്നതാണ് ജിഎസ്ടിയുടെ പ്രത്യേകത. സുദീർഘമായ നികുതി ചരിത്രത്തിലെ ഏറ്റവും സുപ്രധാന അധ്യായമാണിതെന്നും മന്ത്രി പറഞ്ഞു.

നികുതി നിർണ്ണയവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ വിവേചനം അവസാനിക്കുന്നത് വ്യാപാരികൾക്ക് ഏറെ ആശ്വസമാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ജലവിഭവ മന്ത്രി മാത്യു ടി തോമസ് പറഞ്ഞു. സാധാരണക്കാരെ ചൂഷണം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ വിവേചനാധികാരം ഇല്ലാതാകുകയാണ്. തുടക്കത്തിൽ ന്യൂനതകളും ബുദ്ധിമുട്ടുകളും പരിഹരിച്ച് മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിനു ശേഷം മന്ത്രിയും വ്യാപാരികളും നികുതി വിദഗ്ധരും പങ്കെടുത്ത പാനൽ ഡിസ്‌കഷനും നടന്നു. എംഎൽഎമാരായ എം. സ്വരാജ്, ജോൺ ഫെർണാണ്ടസ്, സെൻട്രൽ ടാക്സ് ചീഫ് കമ്മീഷണർ പുല്ലേല നാഗേശ്വര റാവു, കൊമേഴ്സ്യൽ ടാക്സ് കമ്മീഷണർ ഡോ. രാജൻ ഖോബ്രഗഡെ, സെൻട്രൽ ടാക്സ് ചീഫ് കമ്മീഷണർ നാഗേന്ദ്ര കുമാർ, ജില്ല കളക്ടർ മുഹമ്മദ് വൈ സഫീറുള്ള തുടങ്ങിയവർ പങ്കെടുത്തു.