ജി.എസ്.ടി  :സിമന്റ് വില കുറയ്ക്കാതിരിക്കാൻ കമ്പനികളുടെ കരുനീക്കം

0
319

ചരക്കുസേവന നികുതി (ജിഎസ്ടി) നിലവിൽ വന്നതോടെ സിമന്റ് വില കുറയുന്നതും കാത്ത് നിർമാണ മേഖല. നിലവിൽ 360 മുതൽ 410 വരെയാണ് സിമന്റിന്റെ ചില്ലറവില. സിമന്റ് അടക്കമുള്ള അസംസ്‌കൃത വസ്തുക്കളുടെ വിലവർധന മൂലം പ്രതിസന്ധിയിലായ നിർമാണ മേഖല ജിഎസ്ടി നടപ്പാക്കിയത് പ്രതീക്ഷയോടെയാണ് കാണുന്നത്. എന്നാല്‍ വില കുറയാതെ ഇരിക്കാന്‍ സിമന്റ് കമ്പനികള്‍ കരുനീക്കം നടത്തുന്നത് നിര്‍മാണ മേഖലയുടെ പ്രതീക്ഷകള്‍ക്ക് മേല്‍ മങ്ങല്‍ ഏല്‍പ്പിക്കുന്നുണ്ട്.

സിമന്റിന് ജിഎസ്ടി അനുസരിച്ച് 28 ശതമാനമാണ് നികുതി. നേരത്തെ 30 ശതമാനം നികുതി കൊടുത്ത സ്ഥാനത്താണിത്. രണ്ടുശതമാനം നികുതിയിനത്തിൽ കുറവ് വന്നതിനാൽ വിലയിൽ അത് പ്രതിഫലിക്കണം. ഒരു ബാഗിന് ചുരുങ്ങിയത് എട്ടുരൂപയെങ്കിലും കുറയണം. എന്നാൽ വൻകിട സിമന്റ് കമ്പനിക്കാർ വില കുറയ്ക്കാതിരിക്കാൻ നീക്കംതുടങ്ങി. പഴയ വില തന്നെ നിലനിർത്താനാണ് കമ്പനികളുടെ തീരുമാനം. ഫലത്തിൽ ജിഎസ്ടി വന്നാലും അതിന്റെ ഗുണം ഉപഭോക്താക്കൾക്ക് ലഭിക്കില്ല.

ഇതുവരെ സിമന്റിന് 14.5 ശതമാനമായിരുന്നു സംസ്ഥാന വാറ്റ്. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് സിമന്റ് കൊണ്ടുവരുമ്പോൾ കേന്ദ്ര എക്‌സൈസ് ഡ്യൂട്ടിയും സ്‌പെഷ്യൽ എക്‌സൈസ് ഡ്യൂട്ടിയും വേറെ അടയ്ക്കണം. വാറ്റ് അടക്കം പലവിധ നികുതിയിനത്തിൽ 30 ശതമാനമാണ് കമ്പനികൾ അടച്ചുകൊണ്ടിരുന്നത്. വാറ്റിന്റെ ഇരട്ടിയായി ജിഎസ്ടി വർധിച്ചു എന്ന പ്രചാരണം നടത്തി വില കുറയ്ക്കാതിരിക്കാനാണ് കമ്പനികളുടെ നീക്കം.

ജിഎസ്ടി ജൂലൈ ഒന്നുമുതൽ നടപ്പാക്കുമെന്ന് വ്യക്തമായതോടെ സിമന്റ് ഡീലർമാർ സ്റ്റോക്കെടുക്കുന്നത് ഒരാഴ്ചയായി നിർത്തിയിരിക്കുകയാണ്. ഓർഡർ അനുസരിച്ച് മാത്രം സിമന്റ് എത്തിക്കും. സ്റ്റോക്ക് ചെയ്താൽ ശനിയാഴ്ച മുതൽ ജിഎസ്ടി കൂടി അടയ്‌ക്കേണ്ടിവരും. അത് നഷ്ടമാകുമെന്നുകണ്ടാണ് സ്റ്റോക്ക് എടുക്കൽ നിർത്തിയത്. അതുപ്രകാരം ഭൂരിഭാഗം ഡീലർമാരുടെയും വെള്ളിയാഴ്ചയിലെ നീക്കിയിരിപ്പ് പൂജ്യമാണ്. അതിനാൽ നികുതിയിലെ കുറവ് ശനിയാഴ്ച മുതൽ തന്നെ പ്രതിഫലിക്കണം. എന്നാൽ വൻകിട കമ്പനികൾ അതിന് തയാറാകാത്തതാണ് പ്രശ്‌നം. ഡീലർമാരിൽനിന്ന് പഴയ നിരക്കിൽ തന്നെ വില ഈടാക്കാനാണ് കമ്പനികളുടെ നീക്കം.