ഡി.എം.ആർ.സി കോഴിക്കോട്ടെ ഓഫീസ് അടച്ചു 

0
88

ലൈറ്റ് മെട്രോ നിർമാണം, നിലമ്പൂർ-നഞ്ചൻക്കോട് റെയിൽവേ ലൈൻ സർവേ എന്നിവ അനിശ്ചിതത്വത്തിൽ


by വെബ്‌ഡെസ്ക്

ഡി.എം.ആർ.സിയുടെ കോഴിക്കോട്ടെ ഓഫിസ് ഇനിയില്ല. ഡി.എം.ആർ.സിയെ ഏൽപിച്ച പദ്ധതികളുടെ ഭാവികാര്യങ്ങളെക്കുറിച്ച് സർക്കാറിൽനിന്ന് തുടർനടപടികളൊന്നുമില്ലാത്ത സാഹചര്യത്തിലാണ് കോഴിക്കോട്ടെ ഹൈലൈറ്റ് ബിസിനസ് പാർക്കിൽ പ്രവർത്തിച്ചിരുന്ന ഓഫിസ് വെള്ളിയാഴ്ച പൂട്ടിയത്.

2012 ഏപ്രിലിലാണ് ഡി.എം.ആർ.സിയുടെ വിവിധ പദ്ധതികൾക്കായി ചാലപ്പുറം പോസ്റ്റ് ഓഫിസിനടുത്ത് ഓഫിസ് തുറന്നത്. പിന്നീട് 2014ൽ ൈഹലൈറ്റ് ബിസിനസ് പാർക്കിലേക്ക് ഓഫിസ് മാറ്റുകയായിരുന്നു. ഡെപ്യൂട്ടി ചീഫ് എൻജിനീയർ, എക്‌സിക്യൂട്ടിവ് എൻജിനീയർ, രണ്ട് ജൂനിയർ എൻജിനീയർമാർ, മൂന്ന് ഓഫിസ് സ്റ്റാഫ് എന്നിവരടക്കം ഏഴു പേരാണ് ഇവിടെ േജാലിക്കുണ്ടായിരുന്നത്. ഇതിൽ മൂന്നു പേരുടെ സർവിസ് അവസാനിച്ചു. രണ്ടു പേർ കൊച്ചി മെട്രോയിലേക്ക് മാറും. മറ്റു രണ്ടുപേർ റെയിൽവേ സ്റ്റാഫുകളാണ്.

കോഴിക്കോട് ലൈറ്റ് മെട്രോ, നിലമ്പൂർ-നഞ്ചൻക്കോട് റെയിൽവേ ലൈൻ സർവേ, തലശ്ശേരി-മൈസൂർ റെയിൽവേ ലൈൻ സാധ്യത പഠനം തുടങ്ങിയവയായിരുന്നു ഡി.എം.ആർ.സിയെ പ്രധാനമായും ഏൽപിച്ചത്. പന്നിയങ്കര മേൽപാലത്തിന്റെ നിർമാണമായിരുന്നു ഡി.എം.ആർ.സി അവസാനമായി ഏറ്റെടുത്തത്. ഇത് മാതൃകാപരമായി പൂർത്തിയാക്കി ബാക്കി 10 കോടി സർക്കാറിന് തിരിച്ചു നൽകുകയും ചെയ്തു. എന്നാൽ, ലൈറ്റ് മെട്രോയുടെ  തുടർ നടപടികള്‍ ഒന്നും ഇതുവരെ സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.

വിശദ പദ്ധതി റിപ്പോർട്ട് തയാറാക്കൽ, സ്റ്റേഷനുകളുടെ സ്ഥലം കണ്ടെത്തൽ, അലൈന്മുെൻറ് തയാറാക്കൽ തുടങ്ങിയവ കഴിഞ്ഞ് പദ്ധതി കേന്ദ്രാനുമതിക്ക് അയച്ചിരുന്നു. എന്നാൽ, കേന്ദ്ര വകുപ്പുകളുടെ അനുമതി കിട്ടിയാലേ പദ്ധതി തുടങ്ങാനാവൂവെന്നതിനാലാണ് നിർമാണം തുടങ്ങാനാകാത്തത്. കേന്ദ്രാനുമതിക്കു കാത്തു നിൽക്കാതെ നിർമാണം തുടങ്ങാമെന്ന് സംസ്ഥാന സർക്കാറിേനാട് ഇ. ശ്രീധരൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അനുകൂല നിലപാട് ഇതുവരെ കിട്ടിയിട്ടില്ല. അതിനാൽതന്നെ കോഴിക്കോടിന്റെ വികസന സ്വപ്നങ്ങളിപ്പോഴും അനാഥമായി തുടരാനാണ് വിധി.