നികുതി വെട്ടിപ്പ്: 3 ലക്ഷം സ്ഥാപനങ്ങൾ നിരീക്ഷണത്തിലെന്ന് പ്രധാനമന്ത്രി

0
107

 

നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് രാജ്യത്തെ മൂന്ന് ലക്ഷത്തോളം സ്ഥാപനങ്ങൾ നിരീക്ഷണത്തിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജിഎസ്ടി ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ശുദ്ധീകരിക്കുകയും നവീകരിക്കുകയും ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു.ഇന്ത്യയെ ശുദ്ധമാക്കിയ ‘സ്വച്ഛ് ഭാരത്’ പദ്ധതിക്കു ശേഷം, ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ശുദ്ധീകരിക്കുന്നതിനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാരെന്ന്  നരേന്ദ്ര മോദി പറഞ്ഞു.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ് ഓഫ് ഇന്ത്യ (ഐസിഎഐ)യുടെ സ്ഥാപകദിനത്തോട് അനുബന്ധിച്ച് ഡൽഹി ഇന്ദിരാ ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏറെക്കാലത്തെ കാത്തിരിപ്പിനുസേഷം ചരക്ക്, സേവന നികുതി (ജിഎസ്ടി) നിലവിൽ വന്നതിനു പിന്നാലെയാണ് സമ്പദ് വ്യവസ്ഥയെ ശുദ്ധീകരിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ പ്രതിബദ്ധത പ്രധാനമന്ത്രി ഏറ്റുപറഞ്ഞത്. ലളിതവും കൂടുതൽ മികവുറ്റതുമായ പുതിയ നികുതി സംവിധാനം, ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് പുതിയൊരു തുടക്കമാണ് സമ്മാനിച്ചിരിക്കുന്നതെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.. ജിഎസ്ടി ഏറ്റവും ഫലപ്രദമായി നടപ്പാക്കുന്നതിന് ആവശ്യമായ എല്ലാവിധ പിന്തുണയും നൽകണമെന്ന് സമ്മേളനത്തിൽ പങ്കെടുത്ത ചാർട്ടേർഡ് അക്കൗണ്ടന്റുമാരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ആശുപത്രികളുടെ ബിസിനസ് മെച്ചപ്പെടുത്തുന്നതിന് ആളുകൾ രോഗികളായി മാറണമെന്ന് ഡോക്ടർമാർ ആഗ്രഹിക്കാത്തതുപോലെ, സമൂഹത്തിന്റെ ‘സാമ്പത്തിക ആരോഗ്യം’ ഏറ്റവും സുരക്ഷിതമാക്കുന്നതിന് ചാർട്ടേർഡ് അക്കൗണ്ടന്റുമാരും ശ്രമിക്കണമെന്ന് പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടു.

സ്വിസ് ബാങ്കുകളിൽ കള്ളപ്പണം നിക്ഷേപിച്ചിട്ടുള്ള ഇന്ത്യക്കാരുടെ പട്ടിക സ്വിറ്റ്‌സർലൻഡ് സർക്കാർ ഇന്ത്യയ്ക്ക് കൈമാറാൻ ആരംഭിക്കുന്നതോടെ, കള്ളപ്പണക്കാരുടെ കാര്യം കൂടുൽ കഷ്ടമാകുമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പു നൽകി. കള്ളപ്പണത്തിനെതിരെ കേന്ദ്ര സർക്കാർ സ്വീകരിച്ച നടപടി നിമിത്തം സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപത്തിൽ വൻ ഇടിവാണുണ്ടായിട്ടുള്ളതെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. സ്വിസ് ബാങ്കുകളിലെ കള്ളപ്പണ നിക്ഷേപത്തിൽ 45 ശതമാനം വരെ ഇടിവുണ്ടായിട്ടുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കള്ളപ്പണം സൂക്ഷിക്കുന്നവർ പിടിക്കപ്പെടുമെന്ന കാര്യം എല്ലാവരെയും ഓർമിപ്പിക്കാനും പ്രധാനമന്ത്രി ചാർട്ടേർഡ് അക്കൗണ്ടന്റുമാരോട് ആവശ്യപ്പെട്ടു.

കഴിഞ്ഞവർഷം നവംബർ എട്ടിനു പ്രഖ്യാപിച്ച നോട്ടുനിരോധനത്തിനു ശേഷം, രാജ്യത്താകെ റജിസ്റ്റർ ചെയ്തിട്ടുള്ള മൂന്നു ലക്ഷത്തിലധികം കമ്പനികൾ സർക്കാർ നിരീക്ഷണത്തിലാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. 37,000ൽ അധികം ഷെൽ കമ്പനികളെ സർക്കാർ തിരിച്ചറിഞ്ഞിട്ടുണ്ട്. കള്ളപ്പണം ഒളിപ്പിക്കുന്നവരെ വെളിച്ചത്തുകൊണ്ടുവരുന്നതിന് കൂടുതൽ കഠിനമായ നടപടികൾ സർക്കാർ സ്വീകരിക്കും. അതിന്റെ രാഷ്ട്രീയമായ പ്രത്യാഘാതങ്ങളെ സർക്കാർ ഭയക്കുന്നില്ല. വൻ ശമ്പളം വാങ്ങുന്ന കോടിക്കണക്കിന് ആളുകളുള്ള രാജ്യത്ത്, 10 ലക്ഷത്തിനു മുകളിൽ വരുമാനമുള്ളതായി സമ്മതിച്ചിട്ടുള്ളത് കേവലം 32 ലക്ഷം പേർ മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.