ഫയലിലെ ജീവിതത്തെ ഉറങ്ങാന്‍ വിട്ട് മുഖ്യമന്ത്രിയും; സ്വാതന്ത്ര്യം ആഘോഷമാക്കി സെക്രട്ടറിയേറ്റ് ജീവനക്കാരും

0
1910

മനോജ്‌

തിരുവനന്തപുരം: ഫയലുകളില്‍  ഉറങ്ങുന്ന ജീവിതത്തെ മുഖ്യമന്ത്രി പിണറായി വിജയനും വിസ്മരിച്ച് തുടങ്ങുന്നു. ഫയലുകളിലെ  ഉറങ്ങുന്ന ജീവിതത്തെ ചൂണ്ടിക്കാട്ടി    സെക്രട്ടറിയേറ്റ് ജീവനക്കാരെ എടുത്തു കുടഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍   ഇന്നലെ സെക്രട്ടറിയേറ്റിലെ ഏറ്റവും വലിയ ഇടത് സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം  ഉദ്ഘാടനം ചെയ്തു.
എകെജി സെന്ററില്‍ ആയിരുന്നു ഉദ്ഘാടനം. ഉദ്ഘാടനം പകല്‍ വേളയില്‍. എകെജി സെന്ററില്‍ അണിനിരന്നത് സെക്രട്ടറിയേറ്റില്‍ എല്ലാ ഫയലുകളും നോക്കുന്ന എല്ലാ ജീവനക്കാരും. മൂന്നു ദിവസത്തെ സംസ്ഥാന  സമ്മേളനത്തിന്നാണ് ഇന്നലെ അരങ്ങു ഉയര്‍ന്നത്. ഈ മൂന്നു ദിവസവും,നാളെ അടക്കം  സ്തംഭിക്കുന്നത് സെക്രട്ടറിയേറ്റ് ജോലികള്‍ ആണ്. ഫയല്‍ നോട്ടങ്ങള്‍ ആണ്. സെക്രട്ടറിയേറ്റ് ജീവനക്കാരുടെ ജോലി സമയത്തെ മുങ്ങലിനു മൂക്ക് കയര്‍ ഇടാനാണ് മുഖ്യമന്ത്രിയായി ചാര്‍ജ് എടുത്ത ഉടന്‍ പിണറായി വിജയന്‍ മുതിര്‍ന്നത്.
സെക്രട്ടറിയേറ്റ് ജീവനക്കാരെ വിളിച്ചു കൂട്ടി മുഖ്യമന്ത്രി പറഞ്ഞു. ഫയലുകളില്‍ ഉറങ്ങുന്നത് ജീവിതമാണ്. ഒരു കാരണവശാലും ഫയലുകള്‍ വൈകിക്കരുത്. ജോലി സമയത്ത് ഓഫിസില്‍ കാണണം. ചായ കുടിക്കാന്‍ പോലും അധിക സമയം എടുക്കരുത്.
ജോലി സമയത്ത് ഒരു കാരണവശാലും സംഘടനാ ജോലികള്‍ക്ക് മുതിരരുത്. ഇടത്  സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന നേതാക്കള്‍ക്ക് സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രിയെ കാണാന്‍ പോലും വിലക്ക് വന്നു. അവര്‍ക്ക് ജോലി സമയത്ത് മുഖ്യമന്ത്രിയെ കാണാന്‍ പോലും പ്രവേശനം നിഷേധിക്കപ്പെട്ടു. പക്ഷെ കോണ്‍ഗ്രസ് അനുകൂല സംഘടനാ നേതാക്കളെ കാണാന്‍ അന്ന് മുഖ്യമന്ത്രി സമയം കാണുകയും ചെയ്തു.
 ഫയലുകളിലെ ഉറങ്ങുന്ന ജീവിതം പാഴാകാന്‍ ഇതേ മുഖ്യമന്ത്രിഓണാഘോഷത്തിനു പോലും വിലക്ക് കല്‍പ്പിച്ചു. സെക്രട്ടറിയേറ്റില്‍ ഇദംപ്രഥമമായി ഓണത്തിനു പോലും വിലക്ക് വന്ന അവസ്ഥയായി. അതെ സമയത്ത് തന്നെ കെഎഎസ് മുഖ്യമന്ത്രി തന്നെ അനൌണ്‍സ് ചെയ്തു. സെക്രട്ടറിയേറ്റ് ജീവനക്കാരുടെ അവകാശങ്ങളില്‍ കൈകടത്തിയും, സെക്രട്ടറിയേറ്റ് സര്‍വീസിനു തന്നെ മരണമണി മുഴക്കുകയും ചെയ്ത കേരളാ അഡ്മിനിസ്ട്രെറ്റീവ് സര്‍വീസിനെതിരെ പ്രതിഷേധിച്ച എത്രയെത്ര സെക്രട്ടറിയെറ്റ് ജീവനക്കാരെയാണ് സര്‍ക്കാര്‍ സെക്രട്ടറിയേറ്റിന് വെളിയില്‍ കളഞ്ഞത്.
എത്രയോ പേര്‍ പണിഷ്മെന്റ് ട്രാന്‍സ്ഫറിന് വിധേയമായി സെക്രട്ടറിയേറ്റിനു പുറത്തേക്ക് തെറിച്ചു. ആര്‍ക്കും പിന്നീട് പഴയ ലാവണത്തിലേക്ക് തിരിച്ചെത്താന്‍ കഴിഞ്ഞില്ല. സര്‍ക്കാര്‍ അന്നും ആയുധമാക്കിയത് ജോലിയുള്ള സമയത്ത് സമരത്തിനു പോയാല്‍ ഫയലുകളിലെ ജീവിതം എന്നത് ആധാരമാക്കിയായിരുന്നു. കെഎഎസിന് എതിരായി സെക്രട്ടറിയെറ്റ്കാന്റീനിനു മുന്നില്‍ നില്‍പ്പ് സമരം നടത്തിയ ഏതാണ്ട് മുഴുവന്‍ പേരും ഫയലുകളിലെ ജീവിതത്തിന്റെ ചൂട് സ്വന്തം ജീവിതത്തിലേക്ക് ഏറ്റുവാങ്ങി പുറത്ത് ലാവണങ്ങളിലേക്ക് മടങ്ങി.
ഇപ്പോള്‍ മുഖ്യമന്ത്രി എല്ലാം മറക്കുന്നു. ഇതേ ഇടത് സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം എകെജി സെന്ററില്‍ മുഖ്യമന്ത്രി തന്നെ ഉദ്ഘാടനം ചെയ്യുന്നു. ഇന്നലെ, ഇന്ന്‍, നാളെ മൂന്നു ദിവസം സെക്രട്ടറിയെറ്റ് ജീവനക്കാര്‍ സെക്രട്ടറിയേറ്റില്‍ നിന്നും മാറി നില്‍ക്കുന്നു.
എല്ലാം ജോലിയുള്ള ദിവസം തന്നെ. ഓണാഘോഷത്തിനു വിലക്ക് കല്‍പ്പിച്ച, കെഎഎസിന് എതിരായ സമരത്തിനു വിലക്ക് കല്‍പ്പിച്ച്, ഫയലുകളിലെ ജീവിതത്തെ ഉയര്‍ത്തിയ മുഖ്യമന്ത്രി തന്നെ ഇതാ ഫയലുകളുടെ ജീവിതത്തിനു ഇടവേള നല്‍കുന്നു. ഇതേ സെക്രട്ടറിയേറ്റ്എം പ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു, സെക്രട്ടറിയേറ്റ് ജീവനക്കാരോ മൂന്നു ദിവസം എകെജി സെന്‍റര്‍ ഇടത്താവളമാക്കി ഓഫീസ് സമയം തന്നെ മുങ്ങുകയും ചെയ്യുന്നു.