
പുത്തന്‍പണം എന്ന സിനിമയിലൂടെ വീണ്ടും സജീവമായ ബൈജു സിനിമയിലെത്തിയിട്ട് 36 വര്‍ഷം തികഞ്ഞു. 1981ല്‍ മണിയന്‍പിള്ള അഥവാ മണിയന്‍പിള്ളയാണ് ആദ്യ ചിത്രം. മോഡല്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ ഒരു പ്രൊഡക്ഷന്‍ കണ്ട്രോളര് വന്ന് സിനിമയില്‍ അഭിനയിക്കാന്‍ കുറച്ച് പിള്ളേരെ വേണമെന്ന് പറഞ്ഞു. സ്കൂള്‍ നാടകങ്ങളില്‍ അഭിനയിച്ചിരുന്ന ബൈജുവിന് അങ്ങനെ അവസരം ലഭിച്ചു. പിന്നീട് പൂച്ചക്കൊരു മുക്കൂത്തി ഉള്‍പ്പെടെയുള്ള സിനിമകളില്‍ ബാലതാരമായി തിളങ്ങി. 90കള്‍ക്ക് ശേഷമാണ് ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തത്. സ്ത്രീധനം സിനിമ ഏറെ അവസരങ്ങള്‍ തുറന്നിട്ടു.
പക്ഷെ, എല്ലാവര്‍ഷവും ഇടിച്ചിടിച്ചാണ് പൊയ്ക്കൊണ്ടിരുന്നതെന്ന് ബൈജു പറഞ്ഞു. കുറച്ച് പടം ചെയ്യും ഇടവേള വരും. വീണ്ടും കുറച്ച് സിനിമകള്‍ വരും വീണ്ടും ഗ്യാപ്പ് വരും. കമ്മീഷണറിലെ വില്ലന്‍ വേഷം, മാട്ടുപ്പെട്ടി മച്ചാനിലെ കോമഡിയന്, ഉപ്പുകണ്ടം ബ്രദേഴ്സ്, കമ്പോളം, അരമനവീടും അഞ്ഞൂറേക്കറും അങ്ങനെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി. പക്ഷെ, എന്ത് കൊണ്ടാണ് ഗ്യാപ്പ് വരുന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ലെന്ന് താരം പറയുന്നു. ആരുടെയും മുന്നില്‍ പോയി ചാന്‍സ് ചോദിച്ചിട്ടില്ല. അത് ബുദ്ധിമുട്ടുള്ള കാര്യമാണ്. സ്പിരിറ്റില്‍ സുരാജ് വെഞ്ഞാറമൂട് ചെയ്ത കഥാപാത്രത്തിനായി ആദ്യം വിളിച്ചത് ബൈജുവിനെ ആയിരുന്നു. എന്നാല്‍ സമയത്ത് ചെല്ലാന്‍ പറ്റിയില്ല. ഇനിയെങ്കിലും കുറേ നല്ല സിനിമകളില്‍ അഭിനയിക്കണമെന്നും താരം പറഞ്ഞു.
ബൈജുവിന് സിനിമയില്‍ സൗഹൃദങ്ങള്‍ കുറവാണ്. മണിയന്‍പിള്ള രാജു, വിജയരാഘവന്, മുകേഷ്, ജഗദീഷ്, സംവിധായകന് രഞ്ജിത്ത് എന്നിവരാണ് സുഹൃത്തുക്കളായുള്ളത്. തിരുവനന്തപുരത്താണ് താരം ജനിച്ചതും വളര്‍ന്നതും. ഭാര്യ രഞ്ജിത വീട്ടമ്മയാണ്. മൂത്ത മകള്‍ ഐശ്വര്യ മെഡിസിന് പഠിക്കുന്നു. മകന് ലോക്നാഥ് ഏഴാം ക്ലാസിലും. മൈ നെയിം ഈസ് ഷാജി എന്ന സിനിമയില്‍ മൂന്ന് ഷാജിമാരില്‍ ഒരാളായി അഭിനയിക്കുന്ന വിവരവും താരം പറഞ്ഞു. തിരുവനന്തപുരത്തുകാരനായ ഷാജിയെയാണ് അവതരിപ്പിക്കുന്നത്.