പനാജി: നിയന്ത്രണ രേഖ മറികടന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണം 15 മാസം മുന്‍പ് ആസൂത്രണം ചെയ്തതാണെന്ന് മുന്‍ പ്രതിരോധമന്ത്രിയും ഗോവ മുഖ്യമന്ത്രിയുമായ മനോഹര്‍ പരീക്കര്‍. 15 മാസങ്ങൾക്ക് മുമ്പ് തന്നെ മിന്നാലാക്രമണത്തിനായി മുന്നൊരുക്കം നടത്തിയിരുന്നതായും പരീക്കർ അറിയിച്ചു.
കേന്ദ്ര വാർത്താവിതരണ സഹമന്ത്രി രാജ്യവർധൻ സിങ് റാത്തോഡിനോടുള്ള ടെലിവിഷൻ അവതാരകെൻറ ചോദ്യമാണ് മിന്നലാക്രമണത്തിന് പ്രേരിപ്പിച്ചതെന്ന് പരീക്കർ വ്യക്തമാക്കി. 2015ൽ മണിപ്പൂരിൽ എൻ.എസ്.സി.എൻ–കെ നടത്തിയ ഒളിയാക്രമണത്തിനു മറുപടിയായി ഇന്ത്യ നൽകിയ തിരിച്ചടിയെക്കുറിച്ച് വിവരിക്കുേമ്പാഴാണ് റാത്തോഡിനെ അവതാരകൻ പരിഹസിച്ചത്.
2015 ജൂൺ നാലിനാണ് ഭീകരഗ്രൂപ്പായ എൻഎസ്സിഎൻ–കെ മണിപ്പൂരിലെ ചന്ദൽ ജില്ലയിൽവച്ച് ഇന്ത്യൻ സൈനിക വ്യൂഹത്തിന് നേരെ ആക്രമണം നടത്തിയത്. ഈ ആക്രമണത്തിൽ 18 സൈനികരാണ് കൊല്ലപ്പെട്ടത്. 200 പേരുമാത്രമുള്ള ചെറിയൊരു ഭീകരസംഘടനയാണ് 18 ദോഗ്ര സൈനികരെ കൊലപ്പെടുത്തിയത്. ഇതറിഞ്ഞപ്പോൾ അപമാനിതനായ പോലെ തോന്നി. തുടർന്നാണ് മ്യാൻമർ അതിർത്തിയിൽ നടത്തിയ ആദ്യ മിന്നലാക്രമണത്തിനുള്ള തയാറെടുപ്പുകൾ ആരംഭിച്ചത്.
ജൂൺ എട്ടിന് ഇന്ത്യ–മ്യാൻമർ അതിർത്തിയിൽ മിന്നലാക്രമണം നടത്തി. 70 ,80 ഭീകരരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതിനായി ഹെലികോപ്റ്ററുകൾ ഉപയോഗിച്ചിരുന്നുവെന്ന റിപ്പോർട്ടുകൾ പരീക്കർ തള്ളി. ഹെലികോപ്റ്ററുകൾ ഉപയോഗിച്ചില്ല. എന്നാൽ അടിയന്തര സാഹചര്യമുണ്ടായാൽ ഉപയോഗിക്കുന്നതിനായി കോപ്റ്ററുകൾ ഒരുക്കി നിർത്തിയെന്നും പരീക്കർ പറഞ്ഞു.