മൂന്നാര്‍ ഉന്നതതലയോഗം ഇന്ന്,  സി.പി.ഐ-സി.പി.എം. ഭിന്നത പൊട്ടിത്തെറിയിലേക്ക്

0
103

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ഇന്നു നടക്കുന്ന മൂന്നാർ ഉന്നതതലയോഗത്തിൽ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ പങ്കെടുക്കില്ലെന്നു വ്യക്തമായതോടെ ഇടതുമുന്നണിയിലും സർക്കാരിലും പ്രതിസന്ധി രൂക്ഷമായി. മൂന്നാർ വിഷയം ചർച്ചചെയ്യാൻ ഇന്നു രാവിലെ തിരുവനന്തപുരത്തു സർവകക്ഷിയോഗം ചേരുമ്‌ബോൾ റവന്യൂ മന്ത്രി കോട്ടയത്തു പ്രോഗ്രസീവ് കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്റെ പരിപാടിയിലാകും. സംസ്ഥാന കമ്മറ്റിയുടെ വിമര്‍ശനം ഏറ്റുവാങ്ങിയ സി.എ കുര്യനും  മൂന്നാറിലെ  മറ്റു സി.പി.ഐ. നേതാക്കളും യോഗത്തിനെത്തില്ല.
മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കൽ ശക്തമായി തുടരുമെന്നും മുഖം നോക്കാതെ നടപടിയുണ്ടാകുമെന്നും മന്ത്രി ചന്ദ്രശേഖരൻ  പറഞ്ഞു.കൈയേറ്റമൊഴിപ്പിക്കലിനു നേതൃത്വം നൽകിയ സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമനടക്കമുള്ള ഉദ്യോഗസ്ഥരെ സർക്കാർ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശ്രീറാമിനെ മാറ്റണമെന്നാവശ്യപ്പെട്ടു മന്ത്രി എം.എം. മണിയടക്കമുള്ള സി.പി.എം. നേതാക്കൾ മുഖ്യമന്ത്രിക്കു കത്ത് നൽകിയതിനു പിന്നാലെയാണ് ഉദ്യോഗസ്ഥർക്ക് അനുകൂലമായി റവന്യൂ മന്ത്രി രംഗത്തെത്തിയത്.
ഭൂമി െകെയേറ്റവിഷയം ചർച്ചചെയ്യുമ്‌ബോൾ റവന്യൂ മന്ത്രി വിട്ടുനിൽക്കുന്നതു സർക്കാരിന്റെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടതിനു തെളിവാണെന്ന് ആരോപണമുയർന്നു. മുഖ്യമന്ത്രിയുടെ നിർദേശം അവഗണിച്ച റവന്യൂ മന്ത്രിയെ മാറ്റണമെന്നാണ് ഒരുവിഭാഗം സി.പി.എം. നേതാക്കളുടെ ആവശ്യം.
മന്ത്രിയുടെ എതിർപ്പവഗണിച്ച്, വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി നേരിട്ടു വിളിച്ച യോഗത്തിൽ പങ്കെടുക്കേണ്ടെന്ന നിലപാടാണ് സി.പി.ഐ. െകെക്കൊണ്ടത്. സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഇക്കാര്യത്തിലുള്ള അതൃപ്തി തുറന്നടിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിൽ, റവന്യൂ മന്ത്രിക്കെതിരേ നേരത്തേ രംഗത്തെത്തിയ സി.പി.എമ്മിലെ ഒരുവിഭാഗം അദ്ദേഹത്തെ മാറ്റണമെന്ന ആവശ്യം കടുപ്പിച്ചു.ഇതോടെ മൂന്നാർ വിഷയത്തിൽ സി.പി.എമ്മും സി.പി.ഐയുമായുള്ള തർക്കം പൊട്ടിത്തെറിയിലേക്കു നീങ്ങുകയാണ്. സബ് കലക്ടറെ മാറ്റണമെന്ന ആവശ്യം സർവകക്ഷിയോഗത്തിലും സി.പി.എം. ഉന്നയിച്ചാൽ സർക്കാർ പ്രതിസന്ധിയിലാകും.