മൂന്നാറില്‍ നടപ്പിലാക്കേണ്ടത് നിയമം, യോഗമല്ല: കാനം

0
75

മൂന്നാറിലെ കൈയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടപ്പിലാക്കേണ്ടത് നിയമമാണെന്നും, യോഗമല്ലെന്നും വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വിഷയവുമായി ബന്ധപ്പെട്ട് റവന്യു സെക്രട്ടറി വിളിച്ചുചേര്‍ത്ത യോഗം സംബന്ധിച്ച സര്‍ക്കാര്‍ നടപടിയോടാണ് അദ്ദേഹം ഇത്തരത്തില്‍ പ്രതികരിച്ചത്.

കോടതിയില്‍ കേസ് പരിഗണനയ്ക്കു വരുമ്പോള്‍ യോഗം ചേര്‍ന്നതുകൊണ്ട് പ്രയോജനമില്ലെന്നും കാനം പറഞ്ഞു. യോഗത്തിന് എന്ത് പ്രാധാന്യമാണുള്ളതെന്ന് മനസ്സിലാകുന്നില്ല. നിയപ്രകാരമുള്ള കാര്യങ്ങള്‍ ചെയ്യുകയാണ് മൂന്നാറില്‍ ഇനി വേണ്ടത്. ഇതു സംബന്ധിച്ച് നിയമം നിലവിലുണ്ട്. അതനുസരിച്ച് കാര്യങ്ങള്‍ നടക്കും. യോഗം ആര്‍ക്കും വിളിക്കാം. അതില്‍ ആര്‍ക്കും പങ്കെടുക്കാം. എന്നാല്‍ നിയമമനുസരിച്ചു മാത്രമേ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കൂ- കാനം കൂട്ടിച്ചേര്‍ത്തു.

കൈയ്യേറ്റം ഒഴിപ്പിക്കാന്‍ നോട്ടീസ് കൊടുത്തിട്ട് അത് റദ്ദ് ചെയ്യണമെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതിനോട് യോജിക്കാന്‍ പറ്റില്ല. ഹൈക്കോടതിക്കു മുന്നില്‍ നാലാം തീയതി കേസ് പരിഗണനയ്ക്ക് വരികയാണ്. ഇക്കാര്യത്തില്‍ യോഗം ചേര്‍ന്ന് എന്തെങ്കിലും തീരുമാനിച്ചതുകൊണ്ട് എന്താണ് പ്രയോജനം. അതാണ് അടിസ്ഥാനപരമായ പ്രശ്നമെന്നും കാനം പറഞ്ഞു.