യുവമോര്‍ച്ചക്കാരുടെ കള്ളനോട്ടടി: അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു

0
118

കൊടുങ്ങല്ലൂർ എസ്എൻ പുരത്ത് ബിജെപി മണ്ഡലം നേതാക്കൾ വീട്ടിൽ യന്ത്രമുപയോഗിച്ച് കള്ളനോട്ടടിച്ച് വിതരണം ചെയ്ത കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഔദ്യോഗികമായി ഏറ്റെടുത്തു. ക്രൈംബ്രാഞ്ച് ഒസിഡബ്‌ള്യു വിഭാഗം പാലക്കാട് എസ്പി കെ വിജയന്റെ നേതൃത്വത്തിൽ മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി ടി ബാലനാണ് അന്വേഷണച്ചുമതല. കഴിഞ്ഞ നാലുദിവസമായി ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു.

ഇരിങ്ങാലക്കുട ഡിവൈഎസ്പി ഓഫീസ് കേന്ദ്രീകരിച്ച് ഡിസിആർബി ഡിവൈഎസ്പി പി അമ്മിണിക്കുട്ടന്റെ നേതൃത്വത്തിലായിരുന്നു ഇതുവരെ അന്വേഷണം. കേസ് ഫയൽ ശനിയാഴ്ച ക്രൈംബ്രാഞ്ച് ഏറ്റുവാങ്ങും. ബിജെപി കയ്പമംഗലം മണ്ഡലം ഒബിസി മോർച്ച സെക്രട്ടറി എസ്എൻ പുരം അഞ്ചാംപരത്തി ഏരാശേരി രാഗേഷ്, സഹോദരൻ ബിജെപി ബൂത്ത് കമ്മിറ്റി പ്രസിഡന്റ് ഏരാശേരി രാജീവ് എന്നിവരാണ് കേസിലെ മുഖ്യപ്രതികൾ. ഇവരെക്കൂടാതെ പ്രതി രാജീവിനെ ഒളിവിൽ താമസിപ്പിച്ച എൽത്തുരുത്ത് സ്വദേശി അലക്‌സിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

റിമാൻഡിലായിരുന്ന പ്രതികളിൽ രാഗേഷിനെയും രാജീവിനെയും പൊലീസ് കോടതി മുഖേന വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചൊവ്വാഴ്ചമുതൽ തെളിവെടുപ്പ് നടത്തുകയാണ്. വെള്ളിയാഴ്ച കസ്റ്റഡി കാലാവധി തീർന്നതിനെത്തുടർന്ന് രണ്ടാംപ്രതി രാജീവിനെ കോടതിയിൽ ഹാജരാക്കി വീണ്ടും റിമാൻഡ് ചെയ്തു. ഒന്നാംപ്രതി രാഗേഷിനെ ജൂലൈ മൂന്നുവരെയാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. അലക്‌സ് റിമാൻഡിലാണ്.

രാഗേഷും രാജീവും കള്ളനോട്ട് അച്ചടിച്ച് പലയിടത്തും വിതരണം ചെയ്തതായി ലോക്കൽ പൊലീസിന്റെ അന്വേഷണത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരും കംപ്യൂട്ടർ മുഖേനയാണ് വിദഗ്ധമായി കറൻസി തയ്യാറാക്കി കളർ പ്രിന്റർ മുഖേന പുറത്തിറക്കിയത്. കംപ്യൂട്ടറും പ്രിന്ററും മറ്റും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കൂടാതെ 1,37,000 രൂപയുടെ വ്യാജ നോട്ടും പിടിച്ചെടുത്തു ഈ പണം പെട്രോൾപമ്പുകളിലും ലോട്ടറിവാങ്ങാനും മറ്റും ഉപയോഗിച്ചതായും തെളിവു ലഭിച്ചു. ഇവർ നൽകിയ അമ്പതിന്റെ നോട്ട് ഇരിങ്ങാലക്കുടയിലെ ഒരു ലോട്ടറിക്കാരനിൽനിന്ന് പൊലീസിന് ലഭിച്ചു. കൊടുങ്ങല്ലൂർ പൊരിബസാറിലെ പെട്രോൾപമ്പിൽ ഇവർ 2000 രൂപ നോട്ട് നൽകാൻ ശ്രമിച്ചെങ്കിലും സംശയം തോന്നിയ പമ്പുകാർ സ്വീകരിച്ചില്ലെന്നും അന്വേഷണത്തിൽ വ്യക്തമായി. മറ്റുപലയിടത്തും വ്യാജ നോട്ടുകൾ വിതരണം ചെയ്തതിന്റെ സൂചനയും ലഭിച്ചിട്ടുണ്ട്.