ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ അനന്ത്നാഗ് ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ലഷ്കര്‍ കമാന്‍ഡര്‍ ബഷിര്‍ ലഷ്കരി ഉള്‍പ്പെടെ മൂന്നു ഭീകരര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞമാസം അനന്ത്നാഗില്‍ ആറു പോലീസുകാരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന്റെ സൂത്രധാരനാണ് ലഷ്കരി. ഇയാളുടെ മരണം ഡിജിപി സ്ഥിരീകരിച്ചു. ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ടു പ്രദേശവാസികളും കൊല്ലപ്പെട്ടിരുന്നു.
അനന്ത്നാഗിലെ ബ്രന്തി-ബാത്പോറ മേഖലയില്‍ സുരക്ഷാ സേനയുടെ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ദൈല്‍ഗാമിലെ ഒരു വീട്ടില്‍ ലഷ്കര്‍ ഇ തൊയ്ബ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് സേന തെരച്ചില്‍ നടത്തിയത്. ഇതിനിടെ ഒളിച്ചിരിക്കുകയായിരുന്ന ഭീകരര്‍ സുരക്ഷാ സേനയ്ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തിരിച്ചും വെടിവയ്പുണ്ടായി. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍17 പ്രദേശവാസികളെ സുരക്ഷിത താവളങ്ങളിലേക്ക് മാറ്റി. മനുഷ്യരെ മറയാക്കിയാണ് ഭീകരര്‍ സേനയെ നേരിടുന്നതെന്ന് പോലീസ് പറഞ്ഞു.
ജൂണ്‍ 16ന് അനന്ത്നാഗില്‍ പോലീസ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിന്റെ മുഖ്യസൂത്രധാരനാണ് ലഷ്കരി. കാഷ്മീരി പോലീസ് ഉദ്യോഗസ്ഥന് ഫിറോസ് അഹമ്മദ് ഉള്‍പ്പെടെ ആറു പോലീസുകാര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനുശേഷം ലഷ്കരിയുടെ തലയ്ക്ക് ജമ്മു കാഷ്മീര്‍ പോലീസ് 12 ലക്ഷം രൂപ വിലയിട്ടിരുന്നു.