വിൻഡീസിനെതിരെ ഇന്ത്യയ്ക്കു 93 റൺസ് ജയം 

0
89

 

അർധ സെഞ്ചുറി നേടി പുറത്താകാതെനിന്ന മുൻ ക്യാപ്റ്റൻ എം.എസ് ധോണിയുടെയും (78) ഫോം തുടർന്ന ഓപ്പണർ അജിങ്ക്യ രഹാനെയുടെയും (72) മികവിൽ വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്കു 93 റൺസിന്റെ ഗംഭീര വിജയം. ഇന്ത്യ കുറിച്ച 251 റൺസിനെതിരെ ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് 38.1 ഓവറിൽ 158 റൺസിന് എല്ലാവരും പുറത്തായി. ഇതോടെ അഞ്ചു മൽസര പരമ്പരയിൽ ഇന്ത്യയ്ക്ക് 2-0ന്റെ ലീഡായി. ഒരു മൽസരം മഴയിൽ നഷ്ടപ്പെട്ടിരുന്നു. സ്‌കോർ: ഇന്ത്യ- 50 ഓവറിൽ നാലിന് 251. വിൻഡീസ്- 38.1 ഓവറിൽ 158.

ജേസൻ മുഹമ്മദ് (40), റോമാൻ പവൽ (30), ഷായ് ഹോപ് (24) എന്നിവർക്കു മാത്രമേ വിൻഡീസ് നിരയിൽ ഭേദപ്പെട്ട ബാറ്റിങ് നടത്താനായുള്ളു. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ കുൽദീപ് യാദവും ആർ.അശ്വിനും ചേർന്നാണ് ആതിഥേയ ബാറ്റിങ്ങിനെ കീറിമുറിച്ചത്. ഹാർദിക് പാണ്ഡ്യ രണ്ടു വിക്കറ്റെടുത്തു. ധോണിയാണ് മാൻ ഓഫ് ദ് മാച്ച്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം മെല്ലെയായിരുന്നു. മൂന്നാം ഓവറിലെ നാലാം പന്തിൽ ശിഖർ ധവാൻ തേഡ്മാനിൽ ചേസിന്റെ കയ്യിലൊതുങ്ങി. ഇടയ്ക്കിടെയുള്ള ബൗണ്ടറികളിലൂടെ രഹാനെ സ്‌കോർ നിരക്ക് താഴാതെ കാത്തപ്പോൾ വിരാട് കോഹ്ലി പിന്തുണ നൽകി. പത്താം ഓവറിൽ ഹോൾഡറിന്റെ പന്തിൽ കോഹ്ലിസ്ലിപ്പിൽ കൈൽ ഹോപ്പിന്റെ കയ്യിലെത്തി.

20 ഓവറിൽ രണ്ടിന് 74 എന്ന നിലയിലായിരുന്നു ഇന്ത്യ. 27-ാം ഓവറിൽ ടീം സ്‌കോർ നൂറു കടന്നതോടെ യുവരാജ് (55 പന്തിൽ 39) പുറത്തായി. രഹാനെയും പോയതോടെ കേദാർ ജാദവും ധോണിയും ഒത്തുചേർന്നാണ് ഇന്ത്യയുടെ റൺറേറ്റ് ഉയർത്തിയത്. അപരാജിതമായ അഞ്ചാം വിക്കറ്റിൽ ധോണിയും ജാദവും ചേർന്ന് 81 റൺസ് കൂട്ടിച്ചേർത്തു. ധോണി പന്തിൽ നാലു ഫോറും ഒരു സിക്‌സും അടിച്ചു. ജാദവ് നാലു ഫോറും ഒരു സിക്‌സും അടക്കം 26 പന്തിൽ 40 റൺസെടുത്തതോടെ ഇന്ത്യ 250 കടന്നു.