കത്ത് പുറത്തുവിട്ടതു താനല്ല, അമ്മയിലെ ഏതോ നെറികെട്ട അംഗം 

0
231

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ സിനിമാതാരങ്ങളുടെ സംഘടനയായ ‘അമ്മ’ ഫലപ്രദമായി ഇടപെട്ടില്ലെന്ന് ചൂണ്ടിക്കാട്ടി, പ്രസിഡന്റ് ഇന്നസെന്റിന് താൻ അയച്ച കത്തു പുറത്തായത് എങ്ങനെയെന്ന് അറിയില്ലെന്ന് എക്‌സിക്യുട്ടീവ് അംഗം കെ.ബി. ഗണേഷ് കുമാർ എംഎൽഎ. സംഘടനയിലെ നെറികെട്ട അംഗങ്ങളാരോ ആണ് കത്തു പുറത്തുവിട്ടത്. കത്തിൽ ഉന്നയിച്ച പരാതികൾക്കുതൃപ്തികരമായ മറുപടി ഇന്നസെന്റിൽനിന്നു ലഭിച്ചെന്നും ഗണേഷ് കുമാർ തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോടു പറഞ്ഞു.

ആക്രമണത്തിന് ഇരയായ നടിക്കു നീതി കിട്ടിയില്ലെന്ന വാദം തെറ്റാണെന്നും ഗണേഷ് കുമാർ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ ‘അമ്മ’ നേതൃത്വം ശ്രമിച്ചിട്ടില്ല. മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്ത കാര്യങ്ങളൊന്നുമല്ല ‘അമ്മ’യുടെ എക്‌സിക്യൂട്ടീവ് യോഗത്തിൽ ചർച്ച ചെയ്തത്. ഇന്നസെന്റിനു താൻ അയച്ച കത്തിലെ ഓരോ പാരഗ്രാഫും യോഗത്തിൽ ചർച്ച െചയ്തു. അതിൽ ഉന്നയിച്ച ആവശ്യങ്ങൾക്കു കൃത്യമായ മറുപടിയും പ്രശ്‌നങ്ങൾ അന്നുതന്നെ പരിഹരിക്കാമെന്ന ഉറപ്പും ലഭിച്ചു. ഇക്കാര്യം അന്നുതന്നെ യോഗതീരുമാനങ്ങൾക്കൊപ്പം എഴുതിവച്ചു. അതിനുശേഷമാണു പിറ്റേദിവസത്തെ ജനറൽ ബോഡി യോഗം ചേർന്നതെന്നും ഗണേഷ് വ്യക്തമാക്കി.

‘എനിക്കു ലഭിച്ച മറുപടിയുടെ അടിസ്ഥാനത്തിൽ, മറ്റ് അംഗങ്ങൾക്കു സംശയങ്ങളുണ്ടെങ്കിൽ ചോദിക്കാൻ ഞാൻ തന്നെയാണു ജനറൽ ബോഡി യോഗത്തിൽ ആവശ്യപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ടുയർന്ന ചോദ്യങ്ങൾക്കെല്ലാം വ്യക്തമായ മറുപടിയും നൽകി. ആദായനികുതിയുമായി ബന്ധപ്പെട്ടു സംഘടന നേരിടുന്ന പ്രശ്‌നങ്ങളാണ് അന്നു മുഖ്യമായും ചർച്ച ചെയ്തത്’- ഗണേഷ് കുമാർ അറിയിച്ചു.