കുല്‍ഭൂഷണ്‍ : ഇന്ത്യയുടെ ആവശ്യം 18-ാം തവണയും തള്ളി പാക്കിസ്ഥാന്‍

0
92

കുല്‍ഭൂഷണ്‍ ജാദവിനെ കാണണമെന്നുള്ള ഇന്ത്യയുടെ ആവശ്യം പതിനെട്ടാം തവണയും തള്ളി പാക്കിസ്ഥാന്‍. ജാദവ് ഒരു ‘സാധാരണ’ തടവുകാരനല്ലെന്ന യാഥാര്‍ഥ്യം ഇന്ത്യ മറച്ചുവയ്ക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയാണു പാക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടി.

പാക്ക് ജയിലിലുള്ള ഇന്ത്യന്‍ തടവുകാരായ ജാദവ്, ഹമീദ് നെഹാല്‍ അന്‍സാരി എന്നിവ കാണാന്‍ അനുമതി വേണമെന്നായിരുന്നു ഇന്ത്യയുടെ ആവശ്യം. ഇവരെ ഉടന്‍ കൈമാറണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ ‘റോ’യാണ് ജാദവിനെ പാക്കിസ്ഥാനിലേക്ക് അയച്ചതെന്നും, ഒട്ടേറെ പാക്ക് പൗരന്‍മാരുടെ മരണത്തിന് ഇയാള്‍ കാരണമായെന്നും പാക്ക് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

ജാദവിനു നയതന്ത്ര സഹായം എത്തിക്കാനുള്ള നീക്കത്തെ തടയുന്നുവെന്ന് ആരോപണം ഉന്നയിക്കുന്നതിനു പകരം, ഇത്തരം കാര്യങ്ങളില്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്നതു സംബന്ധിച്ച് ഇരുരാജ്യങ്ങളും എത്തിച്ചേര്‍ന്നിട്ടുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ മുന്നോട്ടുപോകാനും പാക്കിസ്ഥാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടു.

നേരത്തെ, ഇരു രാജ്യങ്ങളിലെയും ജയിലുകളില്‍ കഴിയുന്ന തടവുകാരുടെ പട്ടിക ഇന്ത്യയും പാക്കിസ്ഥാനും കൈമാറിയിരുന്നു. എല്ലാ വര്‍ഷവും ജനുവരി ഒന്നിനും ജൂലൈ ഒന്നിനും ഇരുരാജ്യങ്ങളും തടവുകാരുടെ പട്ടിക പരസ്പരം കൈമാറണമെന്ന കരാര്‍ പ്രകാരമാണിത്. പാക്കിസ്ഥാന്‍ നല്‍കിയ പട്ടികയില്‍ 494 മീന്‍പിടിത്തക്കാരടക്കം 546 ഇന്ത്യന്‍ പൗരന്മാരാണുള്ളത്. 77 മീന്‍പിടിത്തക്കാരെയും ഒരു സാധാരണ പൗരനെയും ജൂലൈ പത്തിനു കൈമാറുമെന്നും അറിയിച്ചിട്ടുണ്ട്.

ഏപ്രിലിലാണ് ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ ജാദവിനെ പാക്ക് സൈനിക കോടതി വധശിക്ഷയ്ക്കു വിധിച്ചത്. വധശിക്ഷ നടപ്പാക്കുന്നതു രാജ്യാന്തര കോടതി മേയില്‍ സ്റ്റേ ചെയ്തിരുന്നു.