കോര്‍പ്പറേഷനുകളിലും നഗരസഭകളിലും സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ അനുമതി. ജോലിയിലെ അഴിമതി തടയുന്നതിനും, ഉദ്യോഗസ്ഥര്‍ കൃത്യമായി ജോലിയെടുക്കുന്നുണ്ടോ എന്നറിയാനും, ദൈനംദിന ഓഫീസ് കാര്യങ്ങള്‍ നിരീക്ഷിക്കുന്നതിനും വേണ്ടിയാണ് സി.സി. ടി.വി. ക്യാമറകള്‍ സ്ഥാപിക്കുന്നത്.
വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരമാണ് ക്യാമറകള്‍ സ്ഥാപിക്കുന്നത്. കോര്‍പ്പറേഷനുകളും നഗരസഭകളും ഇതുസംബന്ധിച്ച് പ്രോജക്ട് തയ്യാറാക്കണം. ഇതിനനുസരിച്ച് ക്യാമറകള്‍ സ്ഥാപിക്കും.
കൈക്കൂലി, ജോലിയിലെ ഉദാസീനത, ഉദ്യോഗസ്ഥരുടെ പെരുമാറ്റം എന്നിങ്ങനെയുള്ള നൂറു കണക്കിനു പരാതികളാണ് സര്‍ക്കാരിന് നിത്യേന ലഭിക്കുന്നത്. മണിക്കൂറുകളോളം സീറ്റില്‍ ഇരിക്കാത്ത ഉദ്യോഗസ്ഥര്‍ പരാതിവരുമ്പോള്‍ ഇതൊന്നും സമ്മതിക്കാറില്ല. ഇനി പരാതികളുണ്ടായാല്‍ ക്യാമറ തെളിവാകും.
ശിപായിമാര്‍ മുതല്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ വരെ മോശമായി പെരുമാറുന്നുവെന്നതാണ് കൂടുതലായി ലഭിക്കുന്ന പരാതി. കൈക്കൂലിയാണ് രണ്ടാമത്തെ ഏറ്റവും വലിയ പ്രശ്നം. ക്യാമറ സ്ഥാപിക്കുന്നതോടെ ഇവ രണ്ടും കൈയ്യോടെ കണ്ടെത്താം.
ഇതുകൂടാതെ ഉദ്യോഗസ്ഥര്‍ ഓഫീസുകളില്‍ ഹാജരാകുന്നത് മുതല്‍ പുറത്ത് പോകുന്നതുവരെയുള്ള എല്ലാ കാര്യങ്ങളും റെക്കോഡ് ചെയ്തുസൂക്ഷിക്കാനും ക്യാമറ സ്ഥാപിക്കുന്നത് കൊണ്ട് ലക്ഷ്യമിടുന്നു.