കോൺഫെഡറേഷൻസ് കപ്പ്: ഇഞ്ചുറി ടൈം ഗോളുകളിലൂടെ പോർച്ചുഗൽ മൂന്നാമത്

0
97

ഇഞ്ചുറി ടൈമിലെ രണ്ട് ഗോളുകൾ തുണച്ചതോടെ ഒരു സെൽഫ് ഗോൾ വഴങ്ങിയിട്ടും മെക്സിക്കോയെ മറികടന്ന് പോർച്ചുഗൽ കോൺഫെഡറേഷൻസ് കപ്പ് ഫുട്ബോളിൽ മൂന്നാം സ്ഥാനക്കാരായി. പ്ലേഓഫിൽ ഒന്നിനെതിരെ രണ്ട് ഗോളിനാണ് പോർച്ചുഗലിന്റെ ജയം. 54-ാം മിനിറ്റിൽ ലൂയിസ് നെറ്റോയുടെ സെൽഫ് ഗോളിൽ മെക്സിക്കോയാണ് ആദ്യം മുന്നിലെത്തിയത്. ഈ ഗോളിൽ അവർ യൂറോ ചാമ്പ്യന്മാരായ പോർച്ചുഗലിനെ അട്ടിമറിച്ച് മൂന്നാം സ്ഥാനം സ്വന്തമാക്കുമെന്ന് ഏതാണ്ട് ഉറപ്പിച്ചതായിരുന്നു. എന്നാൽ, ഇഞ്ചുറി ടൈമിൽ കാര്യങ്ങളെല്ലാം മാറിമറിഞ്ഞു. ഒന്നാം മിനിറ്റിൽ പെപ്പെയാണ് പോർച്ചുഗലിന് ആശ്വാസം പകർന്ന് സമനില ഗോൾ നേടിയത്. ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റിൽ വീണുകിട്ടിയ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് അഡ്രിയൻ സിൽവ പോർച്ചുഗലിന് ജയം സമ്മാനിക്കുകയും ചെയ്തു. മെക്സിക്കോ സമ്മർദം ചെലുത്തിക്കൊണ്ടിരിക്കെ കളിയുടെ ഗതിക്ക് വിപരീതമായാണ് പോർച്ചുഗൽ ഗോൾ നേടിയത്.
പോർച്ചുഗൽ ലീഡ് നേടിയതോടെ കളി കൈവിട്ട മട്ടായി. പന്ത്രണ്ട് മിനിറ്റ് നീണ്ട ഇഞ്ചുറി ടീമിൽ ഇരു ടീമിലെയും ഓരോ ആൾക്കാർ ചുവപ്പ് കാർഡ് കണ്ട് പുറത്തായി. ആദ്യം പോർച്ചുഗലിന്റെ നെൽസൺ സെമഡോയെയും ആറു മിനറ്റ് കഴിഞ്ഞ് മെക്സിക്കോയുടെ റൗൾ ജിമെനെസിനെയുമാണ് റഫറി പുറത്താക്കിയത്. ഇതാദ്യമായാണ് ലോകകപ്പിലും കോൺഫെഡറേഷൻസ് കപ്പിലും ഇഞ്ചുറി ടൈമിൽ രണ്ട് പേർ ചുവപ്പ് കാർഡ് കണ്ട് പുറത്താകുന്നത്. സൂപ്പർതാരം ക്രിസ്റ്റ്യനോ റൊണാൾഡോ ഇല്ലാതെയാണ് പോർച്ചുഗൽ കളിച്ചത്.