ഗോസംരക്ഷണ കൊലകളെ ന്യായീകരിച്ച് അമിത്ഷാ

0
3649

മോദി വരുന്നതിനു മുന്‍പ് ആരും ചോദ്യം ചെയ്തില്ല, ഇന്ന് ചോദ്യം ചെയ്യുന്നതില്‍ ന്യായീകരണം ഇല്ല

ജനക്കൂട്ടം സ്വയം വിചാരണ നടത്തി മനുഷ്യരെ മർദിച്ചു കൊലപ്പെടുത്തുന്ന സംഭവങ്ങൾ 2011, 2012, 2013 കാലങ്ങളിലും ഉണ്ടായിരുന്നുവെന്നും അന്ന് ആരും അത് ചോദ്യം ചെയ്തില്ലെന്നും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടാകുന്ന സംഭവങ്ങളിൽ കേന്ദ്രസർക്കാരും ബിജെപിയും ഏറെ പഴികേൾക്കുന്ന സാഹചര്യത്തിലാണ് അമിത് ഷായുടെ പ്രതികരണം.

ജനക്കൂട്ടം ആളകളെ മർദിച്ചു കൊലപ്പെടുത്തുന്ന സംഭവത്തെ താരതമ്യത്തിലൂടെ കൂടുതൽ ഉറപ്പിക്കുന്നില്ല. പക്ഷേ, ഇവിടെ 2011, 2012, 2013 കാലത്ത് ഇപ്പോൾ (എൻഡിഎ ഭരണകാലം) ഉള്ളതിലും കൂടുതൽ ഇത്തരം സംഭവങ്ങൾ നടന്നിട്ടുണ്ട്. അന്ന് ആരും അതിനെ ചോദ്യം ചെയ്തില്ല. പിന്നെ, ഇപ്പോൾ എങ്ങനെയാണ് ചോദ്യം ചെയ്യുക?-അമിത് ഷാ ചോദിച്ചു. ഗോവൻ തലസ്ഥാനമായ പനജിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഉത്തർ പ്രദേശിൽ വീട്ടിൽ ബീഫ് സൂക്ഷിച്ചുവെന്ന് ആരോപിച്ച് ജനക്കൂട്ടം മുഹമ്മദ് അഖ്‌ലാഖ് എന്നയാളെ മർദിച്ചു കൊലപ്പെടുത്തിയത് സമാജ്‌വാദി പാർട്ടി അധികാരത്തിൽ ഇരിക്കുമ്പോഴാണ്. അത് അവരുടെ ഉത്തരവാദത്തിമാണ്. പക്ഷേ, അപ്പോഴും മോദി സർക്കാരിനെതിരെയാണ് പ്രതിഷേധം ഉയർന്നത്. ന്യൂനപക്ഷ വിഭാഗങ്ങൾക്കുനേരെ അതിക്രമം വർധിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചപ്പോൾ പാർട്ടിയും സർക്കാരും എല്ലാ വിഭാഗം ജനങ്ങളെയും ഒരുപോലെയാണ് കാണുന്നതെന്നും അമിത് ഷാ പ്രതികരിച്ചു.

ഗോവയിൽ ഗോവധനിരോധം വലിയ പ്രശ്‌നമാക്കുന്നുണ്ട്. പക്ഷേ, നിരോധനം കൊണ്ടുവന്നത് ബിജെപി അല്ല. നേരത്തെ തന്നെ ഗോവയിൽ ഗോവധ നിരോധനമുണ്ട്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ന്യൂനപക്ഷ വിഭാഗത്തിലെ ജനങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ ഗോവയിൽ ആകെയുള്ള ജനസംഖ്യയേക്കാൾ അധികമാണ് ഈ സംസ്ഥാനങ്ങളിലുള്ള ന്യൂനപക്ഷമെന്ന് ഷാ പറഞ്ഞു. അവിടെയുള്ളവർക്ക് യാതൊരു പ്രശ്‌നങ്ങളുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.