ചാനൽ പ്രമോഷന് താരങ്ങൾ പ്രതിഫലം ചോദിക്കുന്നു

0
159

സിനിമകളുടെ ചാനൽ പ്രമോഷന് വേണ്ടി ചില താരങ്ങൾ പ്രതിഫലം ചോദിക്കുന്നെന്ന് ആക്ഷേപം. മുമ്പ് സിനിമകൾ റിലീസാകുമ്പോൾ ചാനലുകളിൽ ഉണ്ടായിരുന്ന തള്ളിക്കയറ്റം ഇപ്പോഴില്ലാത്തതും അതുകൊണ്ടാണ്. ടോക്ക് ഷോയ്ക്ക് പോലും വലിയ തുകയാണ് ആവശ്യപ്പെടുന്നത്. ചാനലുകളുടെ എണ്ണം വർദ്ധിച്ചതോടെയാണ് ഡിമാന്റ് കൂട്ടിയത്. അഭിനയിച്ച സിനിമകളുടെ പബ്ളിസിറ്റിക്ക് വേണ്ടിയല്ലേ എന്ന് ചോദിച്ചാൽ ഇവർക്ക് മറുപടിയുണ്ടാവില്ല. തമിഴിലും തെലുങ്കിലും കന്നടയിലും ഒന്നുമില്ലാത്ത കീഴ്വഴക്കമാണ് മലയാളത്തിൽ ഉടലെടുത്തിരിക്കുന്നത്.

പ്രമുഖ നടനും നടിയും അഭിനയിച്ച സിനിമ റിലീസാകും മുമ്പ് ഇവർക്കായി കൊച്ചി ആസ്ഥാനമായ ചാനൽ മൂന്ന് ദിവസമാണ് കാത്തിരുന്നത്. ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവിൽ വരാമെന്ന് ഏറ്റിട്ട് പറ്റിച്ചവരുമുണ്ട്. അതേസമയം കേരളത്തിൽ തമിഴ് സിനിമകൾ റിലീസ് ചെയ്യുമ്പോൾ വിജയ്, സൂര്യ, കാർത്തി, ശിവ കാർത്തികേയൻ തുടങ്ങിയവരെല്ലാം ചെന്നൈയിൽ നിന്ന് വിമാനം കയറി വരും പ്രമോഷന് വേണ്ടി മാത്രം. ബാഹുബലിയുടെ റിലീസിനോട് അനുബന്ധിച്ച് അനുഷ്‌കയും പ്രഭാസും റാണയും തമന്നയും എല്ലാം കൊച്ചിയിലെത്തി.

അതേസമയം ദുൽഖർ, നിവിൻ, ടോവിനോ എന്നിവർ പ്രമോഷന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യാറില്ല. ദുൽഖറുമായി താരതമ്യപ്പെടുത്തിയാൽ മമ്മൂട്ടി ഇക്കാര്യത്തിൽ രണ്ടാം സ്ഥാനത്താണെന്നാണ് ചാനലുകളിലുള്ളവർ വിലയിരുത്തുന്നത്. സഖാവ് റിലീസ് ചെയ്തപ്പോൾ നിവിൻ പോളി വടക്കൻ കേരളത്തിൽ തുറന്ന ജീപ്പിൽ പ്രചരണം നടത്തിയിരുന്നു. തലശേരി ബർണൻ കോളജിൽ ഉൾപ്പെടെ വലിയ രീതിയിലുള്ള പ്രചരണ പരിപാടികളാണ് നടത്തിയത്.