സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിന്റെ അടിസ്ഥാനത്തില്‍ ജൂലായ് രണ്ട് ഞായറാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ച ബാറുകളിലെ പ്രവേശനോത്സവം അതിഗംഭീരമായി ആഘോഷിച്ചു. ചെണ്ട മേളം സംഘടിപ്പിച്ചും പടക്കം പൊട്ടിച്ചുമെല്ലാമാണ് ബാറുകള്‍ തുറന്നത് ആഘോഷിച്ചത്. മദ്യ നയത്തില്‍ പ്രതിഷേധിച്ചു കോണ്‍ഗ്രസുകാര്‍ മോരും വെള്ളം വിതരണം ചെയ്യുക കൂടി ചെയ്തതോടെ സന്തോഷവും പ്രതിഷേധവുമായി സമ്മിശ്ര വികാരങ്ങളുടെ മേളനമായി ആദ്യ ദിനം.
ഇന്ന് കഴിച്ചില്ലെങ്കില്‍ മദ്യ പാന ചരിത്രത്തില്‍ നിന്നും ഞാന്‍ മാഞ്ഞു പോകില്ലേ ? ഈ ഒരു ചോദ്യം മാത്രം മതി ബാര്‍ തുറക്കുന്ന ദിനത്തിനായി കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരുന്ന മദ്യപന്മാരുടെ മനസറിയാന്‍. 11 മണിയാകാന്‍ ബാറുകള്‍ക്ക് മുന്നില്‍ കാത്തു നില്ക്കുന്ന ഒരു കൂട്ടം ആളുകള്‍ റിലീസിംഗ് കേന്ദ്രത്തിനു മുന്നില്‍ സൂപ്പര്‍ താര ചിത്രത്തിന്റെ ആദ്യ ദിന തിരക്കിനെ ഓര്‍മിപ്പിച്ചു.77 ബാറുകളാണ് ജൂലായ് രണ്ട് മുതല്‍ തുറന്നത്. ആവശ്യത്തിന് സ്റ്റോക്ക് ലഭിക്കാത്തതിനാല്‍ ആദ്യ ദിവസം പല ബാറുകള്‍ക്കും പ്രവര്‍ത്തിക്കാനായില്ല. ഞായറാഴ്ച പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയാതിരുന്ന ബാറുകള്‍ എത്രയും പെട്ടെന്ന് സ്റ്റോക്ക് എത്തിച്ച് ചൊവ്വാഴ്ചയ്ക്കകം പ്രവര്‍ത്തനം ആരംഭിക്കാനാണ് പദ്ധതിയിടുന്നത്.
തിരുവനന്തപുരത്ത് തുറന്ന ബാറുകളില്‍ രാവിലെ മുതല്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ശിങ്കാരി മേളവും ആനയുമായെല്ലാമാണ് ബാറുകള്‍ ഉപഭോക്താക്കളെ സ്വീകരിച്ചത്. ഇനി മുതല്‍ ബീവറേജില്‍ വരി നില്‍ക്കാതെ രണ്ടെണ്ണം വീശാമെന്നതിന്റെ സന്തോഷത്തിലായിരുന്നു മിക്കവരും. രണ്ടെണ്ണം അടിച്ച് കൊട്ടിക്കയറിയ ശിങ്കാരി മേളത്തിനൊപ്പം ചുവടുവെച്ചാണ് പലരും ആദ്യ ദിനം ആഘോഷിച്ചത്.
അതേസമയം, കൊല്ലത്തെ ബാറിന് മുന്നില്‍ പടക്കം പൊട്ടിച്ച് പ്രവേശനോത്സവം ആഘോഷിച്ചവരെ പോലീസ് പിടികൂടി. നഗരത്തിലെ ബാറിന് മുന്നില്‍ രാവിലെ പടക്കം പൊട്ടിച്ച ഒരു സംഘമാളുകളെയാണ് പോലീസ് പിടികൂടിയത്. രാവിലെ 11 മണിക്ക് ബാര്‍ തുറന്ന സമയത്തായിരുന്നു ഇവര്‍ പടക്കം പൊട്ടിച്ചത്. കൊല്ലത്തെ ബാറിന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. മോരു വെള്ളം നല്‍കിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പുതിയ മദ്യനയത്തിനെതിരെ പ്രതിഷേധിച്ചത്.
ഏറ്റവും കൂടുതല്‍ ബാറുകളുള്ള എറണാകുളത്ത് ആവശ്യത്തിന് സ്റ്റോക്ക് എത്താത് കാരണം പല ബാറുകളും ആദ്യ ദിവസം തുറന്നില്ല. വടക്കന്‍ കേരളത്തിലും പുതുതായി ലൈസന്‍സ് ലഭിച്ച ബാറുകള്‍ ഞായറാഴ്ച തുറന്നെങ്കിലും ആഘോഷ പരിപാടികളില്ലായിരുന്നു. കോഴിക്കോട് ബീച്ച് ഹോട്ടലിലടക്കം രാവിലെ മുതല്‍ ആളുകളെത്തിയിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ സ്റ്റോക്ക് എത്തിച്ച് കച്ചവടം പൊടിപൊടിക്കാമെന്നാണ് ബാറുടമകളുടെ പ്രതീക്ഷ.