പ്ലാസ്റ്റിക്ക് കുപ്പി കളയാന്‍ മെട്രോയിലെത്തൂ, നേടാം ഡിസ്‌കൗണ്ട്

0
145

കൊച്ചിയുടെ മുഖച്ഛായ തന്നെ മാറ്റി മറിച്ച മെട്രോ പുതിയ ഒരു സംസ്‌ക്കാരത്തിനു കൂടി തുടക്കം കുറിച്ചിരിക്കുകയാണ്. കൊച്ചി നഗരത്തിനെ ഒരു ഹരിത നഗരമാക്കുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക് ബോട്ടില്‍ റിസൈക്കിളിംഗ് മെഷീനിന്റെ ഉദ്ഘാടനമാണ് കഴിഞ്ഞ ദിവസം നിര്‍വ്വഹിച്ചത്.

സൗത്ത് ഇന്ത്യന്‍ ബാങ്കുമായി ചേര്‍ന്നാണ് ഈ പദ്ധതി. പാലാരിവട്ടം സ്റ്റേഷനിലാണ് നിലവില്‍ മെഷീന്‍ സ്ഥാപിച്ചിരിക്കുന്നത്. കൊച്ചി മെട്രോയെ ലോകത്തിലെ തന്നെ ഏറ്റവും വ്യത്തിയുള്ള മെട്രോയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിലൊരു പദ്ധതിക്ക് തുടക്കം കുറിക്കുന്നതെന്ന കെ.എം.ആര്‍.എല്‍. എം.ഡി. ഏലിയാസ് ജോര്‍ജ് പറഞ്ഞു.

പാലാരിവട്ടത്തെ കൂടാതെ മറ്റു സ്റ്റേഷനുകളിലും ഇത്തരം മെഷീന്‍ സ്ഥാപിക്കാനുള്ള നടപടി ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ സംവിധാനം ഉപയോഗിക്കുന്ന ഓരോ ഉപയോക്താവിനും വിവിധ സ്ഥാപനങ്ങളില്‍ നിന്നും ഡിസ്‌കൗണ്ട് ലഭിക്കുന്ന പദ്ധതിയും ഇതിനോടൊപ്പമുണ്ട്. ഓരോ റീസൈക്ലിങിനും ശേഷം ലഭിക്കുന്ന കൂപ്പണ്‍ ആണ് നിഷ്‌കര്‍ഷിച്ചിരിക്കുന്ന കടകളില്‍ ഉപയോഗിക്കേണ്ടത്.