ബലാത്സംഗത്തിനിരയായ 35വയസ്സുകാരിക്കു നേരെ ആസിഡാക്രമണം

0
76

ലക്‌നോ: ഒമ്പതു വര്‍ഷം മുമ്പ് കൂട്ട ബലാത്സംഗത്തിനിരയായ 35വയസ്സുകാരിക്കു നേരെ ആസിഡാക്രമണം. ഉത്തര്‍പ്രദേശിലെ ലക്‌നോവിലാണ് സംഭവം. ഇത് നാലാം തവണയാണ് ഇവര്‍ക്കു നേരെ ആക്രമണമുണ്ടായവുന്നത്.

വെള്ളമെടുക്കാനായി ഹോസ്റ്റലില്‍ നിന്ന് പുറത്തു വന്നപ്പോള്‍, ശനിയാഴ്ച രാത്രി എട്ടിനും ഒമ്പതിനും ഇടയിലായാണ് അക്രമികള്‍ ഇവര്‍ക്കു നേരെ ആസിഡ് എറിയുകയായിരുന്നു. മുഖത്തിന്റെ വലതു ഭാഗത്ത് പരുക്കേറ്റതായി പൊലിസ് പറഞ്ഞു. ആക്രമണത്തിന്റെ ആഘാതത്തില്‍ നിന്ന് യുവതി മോചിതയായിട്ടില്ല. ഹോസ്റ്റലിന് ചുറ്റും പൊലിസ് കാവലുണ്ടായിരിക്കെയാണ് ആക്രമണം നടത്തിയത്.

കഴിഞ്ഞ മാര്‍ച്ചിലും യുവതിക്കു നേരെ ആക്രമണമുണ്ടായിരുന്നു. തന്റെ ഗ്രാമമായ റായ്ബറേലിയില്‍ നിന്ന് മടങ്ങുമ്പോള്‍ തീവണ്ടിയില്‍ വെച്ച് ഒരു സംഘം ആളുകള്‍ ഇവരുടെ തൊണ്ടയിലേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെടുകയും രണ്ടു പേരെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു.

ആസിഡ് ആക്രമണത്തില്‍ അതിജീവിച്ചവര്‍ നടത്തുന്ന ഒരു കഫെയില്‍ ജോലിചെയ്യുകയാണ് യുവതി. രണ്ടു കുഞ്ഞുങ്ങളായ അമ്മയായ ഇവര്‍ 2008ലാണ് കൂട്ടബലാത്സംഗത്തിനിരയാവുന്നത്. രണ്ടു പേര്‍ അറസ്റ്റിലായ കേസിന്റെ വിചാരണ ഇപ്പോഴും തുടരുകയാണ്. സംഭവം നടന്ന മൂന്നു വര്‍ഷത്തിനു ശേഷം 2011ലാണ് ആദ്യ ആസിഡ് ആക്രമണമുണ്ടായത്. പിന്നീട് 2013ലും ഇവര്‍ ആക്രമണത്തിനിരയായി.

ബലാത്സംഗക്കേസിലെ പ്രതികളുമായി ബന്ധപ്പെട്ടവരാണ് ആക്രമണത്തിനു പിന്നിലെന്നാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്.