ബിജെപി നേതാവിനെതിരെ നടപടി: വനിതാ പൊലീസിന് ട്രാൻസ്ഫർ

0
92

ലക്നോ: മതിയായ രേഖകളില്ലാതെ വാഹനം ഓടിച്ച ബിജെപി നേതാവിനെതിരെ നടപടി സ്വീകരിച്ച വനിതാ പോലീസ് ശ്രേഷ്ഠ താക്കൂറിനെ സ്ഥലം മാറ്റി. ശനിയാഴ്ചയാണ് ശ്രേഷ്ഠയെ ബാറെയ്ച്ചിലേക്ക് സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് എത്തിയത്.

മതിയായ രേഖകളില്ലാതെ വാഹനമോടിച്ച ബിജെപി പ്രാദേശിക നേതാവ് പ്രമോദ് ലോധിയിൽ നിന്ന് പിഴ ഈടാക്കിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം കുറിച്ചത്. പിഴ ചുമത്തപ്പെട്ട ലോധി പോലീസിനോട് അപമര്യാദയായി പെരുമാറിയതിനെ തുടർന്നു അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഈ സംഭവത്തെ തുടർന്നു പാർട്ടിയിലെ 11 എംഎൽഎമാരും എംപിയും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഇതിനു തൊട്ടുപിന്നാലെയാണ് ശ്രേഷ്ഠയെ സ്ഥലംമാറ്റി കൊണ്ടുള്ള ഉത്തരവ് എത്തിയത്.

നടുറോഡിൽ നിയമലംഘനം നടത്തിയ ബിജെപി നേതാക്കൾക്കെതിരെ ശ്രേഷ്ഠ സ്വീകരിച്ച നിലപാട് സാമൂഹമാധ്യമങ്ങളിലും വലിയ വാർത്തയായിരുന്നു.