ഭിഷ്ടിനു അഞ്ചു വിക്കറ്റ് ; പാകിസ്ഥാനെ തുരത്തി ഇന്ത്യന്‍ വനിതകള്‍

0
137

വനിതാ ലോകകപ്പിൽ പാകിസ്താനെ നാണം കെടുത്തി ഇന്ത്യ തുടര്‍ച്ചയായ മൂന്നാം ജയം സ്വന്തമാക്കി.പാകിസ്താൻ 74 റൺസിന് ഓൾഔട്ടായപ്പോൾ ഇന്ത്യയ്ക്ക് 95 റൺസിന്റെ തകർപ്പൻ ജയം സ്വന്തമായി. ഇടങ്കൈ സ്പിന്നർ ഏകത ഭിഷ്ടിന്റെ തകർപ്പൻ ബൗളിങ്ങാണ് പാകിസ്താനെ തകർത്ത് തരിപ്പണമാക്കിയത്. പത്തോവറിൽ വേറും 18 റൺസിന് അഞ്ച് വിക്കറ്റാണ് ഭിഷ്ട് വീഴ്ത്തിയത്. മാനസി ജോഷി രണ്ടും ജൂലൻ ഗോസ്വാമി, ദീപ്തി ശർമ, ഹർമൻപ്രീത് കൗറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ടൂർണമെന്റിൽ ഇന്ത്യയുടെ തുടർച്ചയായ മൂന്നാം ജയമാണിത്. ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനെയും രണ്ടാം മത്സരത്തിൽ വെസ്റ്റിൻഡീസിനെയുമാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ടൂർണമെന്റിൽ ആദ്യമായി ബാറ്റിങ് തകർച്ച കണ്ട മത്സരത്തിൽ ഇന്ത്യയ്ക്ക് 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 169 റൺസാണ്
നേടാനായത്. എന്നാൽ, ദുർബലമായ ഈ സ്‌കോർ ലക്ഷ്യമിട്ട് കളിച്ച പാകിസ്താന് തുടക്കത്തിൽ തന്നെ കാലിടറിത്തുടങ്ങി. 38.1 ഓവറിൽ അവർ ഓൾഔട്ടായി. ഏക്ത ഭിഷ്ടിന്റെ കിടിലൻ ബൗളിങ്ങിന് മുന്നിൽ ചീട്ടുകൊട്ടാരം പോലെ അവരുടെ ബാറ്റിങ്‌നിര തകരുന്നതാണ് കണ്ടത്. രണ്ടു പേർക്ക് മാത്രമാണ്
രണ്ടക്കം കടക്കാൻ കഴിഞ്ഞത്. 73 പന്തിൽ നിന്ന് 29 റൺസെടുത്ത് പേരിന് പിടിച്ചുനിൽക്കാൻ ശ്രമിച്ച ക്യാപ്റ്റൻ സന മിറാണ് പാകിസ്താന്റെ ടോപ് സ്‌കോറർ. ഓപ്പണർ നാഹിദ ഖാൻ 62 പന്തിൽ നിന്ന് 23 റൺസെടുത്തു. നാലു പേർ റണ്ണൊന്നുമെടുക്കാതെയാണ് മടങ്ങിയത്.

ആദ്യ രണ്ട് മത്സരങ്ങളിലും ഉജ്വലമായി തിളങ്ങിയ സ്മൃതി മന്ദന അടക്കമുള്ളവർ ബാറ്റിങ്ങിൽ ദയനീയമായി തകരുന്നതാണ് ഇന്ത്യൻ ഇന്നിങ്സിൽ കണ്ടത്. മന്ദയ്ക്ക് പാകിസ്താനതിരെ രണ്ട് റൺ മാത്രമാണ് നേടാനായത്. ആർക്കും അർധസെഞ്ചുറി നേടാനായില്ല. 47 റൺസെടുത്ത ഓപ്പണർ പൂനം റാവത്താണ് ടോപ് സ്‌കോറർ. ദീപ്തി ശർമ 28 ഉം സുഷമ വർമ 33 ഉം റൺസെടുത്തു. ക്യാപ്റ്റൻ മിഥാരി രാജിന് എട്ട് റൺസ് മാത്രമാണ് നേടാനായത്. പത്തോവറിൽ 26 റൺസിന് നാല് വിക്കറ്റുകൾ പിഴുത നഷാര സന്ധുവാണ് ഇന്ത്യയുടെ നടുവൊടിച്ചത്. സന്ധുവിന്റെ ഇരകളിൽ മിഥാലി രാജും റാവത്തും ശർമയും ഉൾപ്പെടും.സാദിയ യൂസുഫ് രണ്ടും അസ്മാവിയ ഇഖ്ബാലും ഡയാന ബെയ്ഗും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.