ഭൂമി തട്ടിപ്പ്: ജെറ്റ് എയര്‍വേയ്സ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

0
71

ഭൂമി തട്ടിപ്പില്‍ ആരോപണവിധേയനായ ഉന്നത ജെറ്റ് എയര്‍വേയ്സ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ജെറ്റ് എയര്‍വേയ്സ് സുരക്ഷാ വൈസ് പ്രസി‍ഡന്‍റ് കേണല്‍ അവനീത് സിംഗ് ബേദിയാണ് സാഹിബാ ബാദില്‍ ഭൂമി കൈവശപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായത്. അനധികൃതമായി ഭൂമി കൈവശപ്പെടുത്തുകയും വില്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്. ഉത്തര്‍പ്രദേശിലെ സാഹിബാബാദിലാണ് സംഭവം.

ഗാസിയാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സമര്‍പ്പിച്ച പരാതിയില്‍ ബേദിയുടെ പേര് പരാമര്‍ശിച്ചിട്ടുണ്ട്. ദില്ലിയിലെ പഞ്ചശീല്‍ പാര്‍ക്കിലെ വസതിയില്‍ വച്ചായിരുന്നു അറസ്റ്റ്. ഗാസിയാ ബാദ് പോലീസ് സൂപ്രണ്ടിനെ ഉദ്ധരിച്ച് എന്‍ഡിടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. നഗര സഭയുടെ അധീനതയിലുള്ള സ്ഥലം കയ്യേറി വില്‍ക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.

സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജെറ്റ് എയര്‍വേയ്സിന്‍റെ സുരക്ഷാ കാര്യങ്ങളുമായി ബന്ധപ്പെട്ട് താന്‍ മുംബൈയിലാണെന്നാണ് ബേദി പോലീസിനോട് പറഞ്ഞത്. ബേദിയുടെ അധികാരപത്രമുള്‍പ്പെടെയുള്ള രേഖകള്‍ പരിശോധിച്ചുവരികയാണ്. ജെറ്റ് എയര്‍വേയ്സ് ജീവനക്കാരുടെ ഇത്തരം വ്യക്തിപരമായ പ്രശ്നങ്ങളില്‍ ഇടപെടില്ലെന്ന് ജെറ്റ് എയര്‍വേയ്സ് വക്താവ് വ്യക്തമാക്കി.