നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപും പള്സര്സുനിയുമായുള്ള ബന്ധം കൂടുതല്‍ വ്യക്തമാക്കുന്ന തരത്തിലുള്ള തെളിവുകള്‍ വ്യക്തമാക്കുന്ന ചിത്രങ്ങള്‍ പോലീസിനു ലഭിച്ച സാഹചര്യത്തില്‍ പ്രതികരണവുമായി സംവിധായകന് കെ.ബിജു രംഗത്ത്. ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ ലൊക്കേഷനില്‍ പള്‍സര്‍ സുനി വന്നതായി അറിവില്ലെന്നാണ് സംവിധായകന് പറയുന്നത്.
ഡ്രൈവറായോ ലൊക്കേഷനിലെ മറ്റേതെങ്കിലും ജോലിക്കാരനായോ പള്‍സര്‍ സുനിയെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ബിജു പറഞ്ഞു. തൃശൂരിലെ മൂന്ന് ക്ലബ്ബുകളിലായാണ് ഷൂട്ടിങ് നടന്നത്. ഏത് ക്ലബ്ബിലെ ചിത്രമാണ് ഇപ്പോള്‍ ചാനലിലൂടെ പുറത്തു വന്നതെന്ന് അറിയില്ലെന്നും ബിജു ചൂണ്ടിക്കാട്ടി. കൂടുതല്‍ അന്വേഷണം നടത്തിയിട്ട് മാത്രമേ പ്രതികരിക്കാനാവൂ എന്നും ബിജു പറഞ്ഞു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്കിയ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ ലൊക്കേഷനായ തൃശൂര്‍ കിണറ്റിങ്ങല്‍ ടെന്നിസ് അക്കാദമിയിലാണ് പള്‍സര്‍ സുനി എത്തിയത്. ഇതുസംബന്ധിച്ച ഫോട്ടോകള്‍ പോലീസ് പിടിച്ചെടുക്കുകയും ക്ലബിലെ ജീവനക്കാരെ ചോദ്യംചെയ്യുകയും ചെയ്തു.
മുന്‍പ് ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്റെ വീട്ടിലും സ്വകാര്യ സ്ഥാപനത്തിലും പോലീസ് റെയ്ഡ് നടത്തിയിരുന്നു. പള്‍സര്‍ സുനി ഏല്‍പ്പിച്ച മെമ്മറി കാര്‍ഡ് അന്വേഷിച്ചാണ് പോലീസ് എത്തിയത്. മെമ്മറി കാര്‍ഡ് കാവ്യയുടെ സ്ഥാപനത്തില്‍ ഏല്‍പ്പിച്ചെന്ന പള്‍സര്‍ സുനി മൊഴിയെ തുടര്‍ന്നാണ് പോലീസ് റെയ്ഡ് നടത്തിയത്.
പണമിടപാടുകളും കംപ്യൂട്ടറിലെ വിവരങ്ങളും സി.സി.ടി.വി. ദൃശ്യങ്ങളുമാണ് പോലീസ് കാര്യമായി പരിശോധിച്ചത്. കൂട്ടുപ്രതി വീജീഷാണ് മെമ്മറി കാര്‍ഡ് കൈമാറിയെന്ന സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു നടപടിയിലേക്ക് പോലീസ് എത്തിയത്.
ദിലീപും പ്രതി പള്‍സര്‍ സുനിയും ഒരേ ടവര്‍ ലൊക്കേഷന്‍ കീഴില്‍ വന്നു എന്നതിനെ അടിസ്ഥാനമാക്കി പോലീസ് നടത്തിയ അന്വേഷണത്തിലാണ് പള്‍സര്‍ സുനി സിനിമാ ലൊക്കേഷനില്‍ നില്ക്കുന്ന ചിത്രങ്ങള്‍ ലഭിച്ചത്. 2016 നവംബര്‍ 13നാണ് ദിലീപും പള്‍സര്‍ സുനിയും ഒരേ ടവര്‍ ലൊക്കേഷന്‍ കീഴിലെത്തിയത്.