വ്യാജ മരുന്നുകളെ കണ്ടെത്താൻ അത്യാധുനിക സംവിധാനവുമായി ദുബായ്

0
77

ദുബായ്: ആരോഗ്യ രംഗത്തു വെല്ലുവിളിയായ വ്യാജമരുന്നുകൾ, നിലവാരം കുറഞ്ഞ മരുന്നുകൾ തുടങ്ങിയവ കണ്ടെത്താൻ സഹായിക്കുന്ന അത്യാധുനിക സംവിധാനം യുഎഇയിൽ നടപ്പിലാക്കുന്നു. രാജ്യാന്തര ഡ്രഗ് ഓർഗനൈസേഷന്റെ അംഗീകാരമുള്ള ട്രൂ സ്കാൻ ആർഎം അനലൈസറാണ് തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, പരിശോധന കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ ഉപയോഗിക്കാൻ ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം നിർദേശം നൽകിയത്.

ഹൃദയസംബന്ധമായ രോഗങ്ങൾ, കാൻസർ തുടങ്ങിയവയ്ക്കായുള്ള മരുന്നുകളിലെ വ്യാജനെയും നിലവാരമില്ലാത്തവയെയും കണ്ടെത്താൻ പുതിയ സംവിധാനം ഉപകരിക്കുമെന്ന് അധികൃതർ അറിയിച്ചു. യുഎഇയിലേക്ക് കൊണ്ടുവരുന്ന മരുന്നുകൾ സംബന്ധിച്ച കൃത്യമായ വിവരം കൈമാറാനും പുതിയ സംവിധാനത്തിലൂടെ കഴിയും. പ്രാദേശിക വിപണിയിൽ വ്യാജമരുന്നുകൾ പ്രചരിക്കാതിരിക്കാൻ നടപടികൾ ശക്തമാക്കുകയാണെന്ന് ആരോഗ്യമന്ത്രാലയം പൊതുനയം, ലൈസൻസിങ് അണ്ടർ സെക്രട്ടറി ഡോ. അമിൻ ഹുസൈൻ അൽ അമിരി അറിയിച്ചു. മരുന്നുകളുടെ ഗുണമേൻമ സംബന്ധിച്ച ലബോറട്ടറി, മെഡിക്കൽ, ആരോഗ്യ ഉൽപന്നങ്ങളിൽ ഗവേഷണം തുടങ്ങിയവയും മന്ത്രാലയം നടപ്പാക്കുന്നുണ്ട്.

തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, പോസ്റ്റ് ഓഫിസുകൾ തുടങ്ങിയവ വഴി എത്തുന്ന മരുന്നുകൾ പരിശോധിക്കാനും അവയ്ക്ക് അനുമതി നൽകാനും പ്രാദേശിക തലത്തിൽ ഉദ്യോഗസ്ഥർക്കു പരിശീലനവും ശാക്തീകരണവും നൽകുന്നുണ്ട്. തുറമുഖങ്ങളിൽ പുതിയ പരിശോധന സംവിധാനം നടപ്പാക്കി. കൂടാതെ, മറ്റു കേന്ദ്രങ്ങളിലേക്കും പുതിയ സംവിധാനത്തിന്റെ ഉപയോഗം വ്യാപിപ്പിക്കും. പ്രാദേശിക തുറമുഖങ്ങളിലും ഉപകരണം ഉപയോഗിച്ചു തുടങ്ങും.