സമൂഹ മാധ്യമങ്ങളിലൂടെ ജോലി തട്ടിപ്പ്: രണ്ടു പേർ അറസ്റ്റിൽ

0
87

സമൂഹമാധ്യമങ്ങളിലൂടെ വിദേശത്തു ഫാഷൻ ഡിസൈനിങ് ജോലി വാഗ്ദാനം ചെയ്തു 45 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതികളെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ കുന്നംകുളം സ്വദേശി കൃഷ്‌ണേന്ദു (21), സുഹൃത്ത് പുതുക്കാട് സ്വദേശി ജിൻസൺ (27) എന്നിവരാണു പിടിയിലായത്.

ഫാഷൻ ഡിസൈനിങ് രംഗത്തു പ്രവർത്തിക്കുന്ന കൃഷ്‌ണേന്ദു സമൂഹമാധ്യമങ്ങളിലൂടെ യുവാക്കളുമായി സൗഹൃദം സ്ഥാപിച്ചാണു തട്ടിപ്പു നടത്തിയത്. ചാറ്റിങ്ങിലൂടെ അടുപ്പം സ്ഥാപിച്ച ശേഷം ഗൾഫിൽ സ്വന്തമായി തുടങ്ങുന്ന സ്ഥാപനത്തിലെ തൊഴിലവസരം അറിയിച്ചു. സെയിൽസ്മാൻ തസ്തികയിൽ മികച്ച ശമ്പളം വാഗ്ദാനം ചെയ്തു താൽപര്യമുള്ള യുവാക്കളുടെ യാത്രാച്ചെലവ് അടക്കം 53,000 രൂപ വീതം വാങ്ങി. കൃഷ്‌ണേന്ദുവിന്റെയും ജിൻസന്റെയും അക്കൗണ്ടുകളിലാണു പണം നിക്ഷേപിച്ചത്.

വെണ്ണല സ്വദേശിയായ യുവാവാണ് ആദ്യം പരാതി നൽകിയത്. ഇതുവരെ ലഭിച്ച പരാതികൾ അനുസരിച്ച് 83 പേർ തട്ടിപ്പിന് ഇരയായി. തന്ത്രപരമായി വിളിച്ചുവരുത്തിയാണു പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

തട്ടിയെടുത്ത പണം ഇവർ ആർഭാടജീവിതത്തിനു വിനിയോഗിച്ചതായി പൊലീസ് പറഞ്ഞു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. വിദേശത്തെ ഏതെങ്കിലും തൊഴിൽതട്ടിപ്പു റാക്കറ്റുമായി പ്രതികൾക്കു ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നു.