സിക്കിം അതിർത്തിയിൽ ഇന്ത്യ – ചൈന സൈനിക വിന്യാസം ശക്തമാക്കുന്നു

0
194


ഇന്ത്യ-ചൈന അതിർത്തിയിലെ സംഘർഷം പുതിയ തലത്തിലേക്ക്. ഇരു രാജ്യങ്ങളും സിക്കിം അതിർത്തിയിൽ സൈന്യത്തെ വിന്യസിച്ചു. 3,000 സൈനികരെ വീതമാണ് അതിർത്തിയിലേക്ക് നിയോഗിച്ചത്.
ഗാങ്ങ്‌ടോക്ക് ആസ്ഥാനമായ 17 മൗണ്ടൻ ഡിവിഷൻ, കാലിംപോങ്ങ് ആസ്ഥാനമായ 27 മൗണ്ടൻ ഡിവിഷൻ യൂണിറ്റുകളിലെ സൈനികരെയാണ് ഇന്ത്യ വിന്യസിച്ചത്. കരസേന മേധാവി ജനറൽ ബിപിൻ റാവത്ത് കഴിഞ്ഞ ദിവസം രണ്ട് സൈനിക യൂണിറ്റുകളുടെയും ആസ്ഥാനത്തെത്തി സൈനികരെ കണ്ടിരുന്നു. ഇതിനു ശേഷമാണ് നടപടി.
ഇന്ത്യ, ഭൂട്ടാൻ, ചൈന രാജ്യങ്ങൾ സംഗമിക്കുന്ന ട്രൈ ജംക്ഷനിൽ വരുന്ന മേഖലയിൽ ചൈന തുടങ്ങിയ റോഡ് നിർമാണമാണ് സംഘർഷം രൂക്ഷമാക്കിയത്. ഇതിനെതിരെ ഇന്ത്യ, ഭൂട്ടാൻ സൈന്യങ്ങൾ രംഗത്തെത്തി. ഇവർ പ്രവൃത്തി തടഞ്ഞു. ഇതോടെ, ഇന്ത്യ അതിർത്തി ലംഘിച്ചുവെന്ന് വ്യാജ ആരോപണം ഉന്നയിച്ച് ചൈന നാഥുല ചുരം വഴിയുള്ള കൈലാസ് മാനസ സരോവർ തീർത്ഥാടകരെ തടഞ്ഞു. ഇതിനു പിന്നാലെ, ഇന്ത്യ ഈ മേഖലയിലൂടെയുള്ള കൈലാസ യാത്ര റദ്ദാക്കി. അതിനിടെ, കഴിഞ്ഞ ദിവസം മേഖല സന്ദർശിച്ച കരസേന മേധാവി ചൈനീസ് ഭീഷണി നേരിടാൻ ഇന്ത്യ സജ്ജമെന്നും പ്രഖ്യാപിച്ചു.


റോഡ് നിർമാണം ഇന്ത്യൻ പരമാധികാരത്തിനു നേരെയുള്ള കൈയേറ്റമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യക്ക് ഏറെ തന്ത്രപ്രധാനമാണ് ട്രൈ ജംഗ്ഷൻ ഉൾപ്പെടുന്ന മേഖല. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലേക്കുള്ള തന്ത്രപ്രധാന മേഖലയാണിത്. ഇവിടെ സൈനിക സാന്നിധ്യം ഉറപ്പിച്ച് ഇന്ത്യയെ സമ്മർദ്ദത്തിലാക്കുകയാണ് ചൈനയുടെ ലക്ഷ്യം.റോഡ് നിർമിച്ച് വലിയ ടാങ്കുകൾ അടക്കമുള്ളവ എത്തിച്ച് സൈനിക സന്നാഹം വർധിപ്പിക്കുകയും അവർ ലക്ഷ്യമിടുന്നു.
40 ടൺ ശേഷിയുള്ള വാഹനം കൊണ്ടുപോകാവുന്ന തരത്തിലാണ് നിർമാണം. 35 ടൺ ശേഷിയുള്ള വാഹനം ചൈന പരീക്ഷണാടിസ്ഥാനത്തിൽ ഇതിലൂടെ ഓടിച്ചുവെന്നും റിപ്പോർട്ടുണ്ട്. ഇതു മുന്നിൽക്കണ്ടാണ് കടുത്ത നടപടികളുമായി ഇന്ത്യൻ സൈന്യം രംഗത്തെത്തിയത്.