അരുന്ധതിക്കെതിരെയുള്ള കോടതിയലക്ഷ്യ നടപടി സ്റ്റേ ചെയ്തു

0
75

ന്യൂഡൽഹി: പ്രശസ്ത എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമായ അരുന്ധതി റോ‍യിക്കെതിരെയുള്ള കോടതിയലക്ഷ്യ നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തു. 2015ൽ ബോംബെ ഹൈകോടതിയാണ് അരുന്ധതിക്കെതിരെ നടപടിക്ക് ഉത്തരവിട്ടത്. ഡൽഹി യൂണിവേഴ്സിറ്റി പ്രഫസർ ജി.എൻ.സായിബാബക്ക് മുൻകൂർജാമ്യം നിഷേധിച്ച സംഭവത്തിലായിരുന്നു കോടതിയലക്ഷ്യ നടപടി. മുംബൈ ഹൈകോടതിയുടെ നാഗ്പൂർ ബെഞ്ചാണ് ഈ കേസ് പരിഗണിച്ചിരുന്നത്.

ഇന്ത്യയെപ്പോലെ സഹിഷ്ണുത നിലനിൽക്കുന്ന ഒരു രാജ്യത്ത് സർക്കാരിനും പൊലീസിനും സായിബാബയെ ഭയമാണെന്നും മജിസ്ട്രേറ്റ് ഒരു ചെറിയ പട്ടണത്തിൽ നിന്നും വരുന്ന ആളാണെന്നും പറയുന്നത് എഴുത്തുകാരിയുടെ മോശപ്പെട്ട മനോഭാവമാണ് വെളിവാക്കുന്നതെന്ന് ജസ്റ്റിസ് എ.ബി ചൗധരി നിരീക്ഷിച്ചിരുന്നു. ബാബു ബജ് റംഗിക്കും മായ കോട്നാനിക്കും അമിത് ഷാക്കും ജാമ്യം നൽകിയ ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി നിയമപീഠത്തെ ചോദ്യം ചെയ്യാനും അപമാനിക്കാനും എഴുത്തുകാരി മുതിർന്നുവെന്നും ജസ്റ്റിസ് ചൗധരി ആരോപിച്ചിരുന്നു.