ജിഎസ്ടിക്കു ശേഷമുള്ള 101 സാധനങ്ങളുടെ നികുതി വ്യത്യാസപ്പട്ടിക കാണാം..

0
93


ചരക്ക്, സേവന നികുതി (ജിഎസ്ടി) വന്നതോടെ കേരളത്തിൽ 85 ശതമാനം ഉൽപ്പനങ്ങൾക്കും വില കുറയുകയാണു വേണ്ടതെന്നു ധനമന്ത്രി ടി.എ. തോമസ് ഐസക്. ജിഎസ്ടിക്കു മുമ്പുംശേഷവും സാധനങ്ങളുടെ വിലയിലുണ്ടായ വ്യത്യാസം ഒറ്റനോട്ടത്തിൽ മനസിലാക്കാവുന്ന പട്ടിക പുറത്തിറക്കിയശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജിഎസ്ടി വന്നതോടെ കോഴിയിറച്ചിയുടെ നികുതി പൂർണമായും ഒഴിവായി. നേരത്തേ 14.5 ശതമാനമായിരുന്നു നികുതി. അൺബ്രാന്റഡ് അരി ഉൾപ്പെടെയുള്ള ധാന്യങ്ങൾക്കും നികുതി പൂർണമായും ഒഴിവാക്കി. നികുതിയിളവിന്റെ ഗുണം വിലക്കുറവായി ജനത്തിനു കിട്ടേണ്ടതാണെന്നു തോമസ് ഐസക് പറഞ്ഞു. 29.6 ശതമാനം നികുതിയുണ്ടായിരുന്ന ഹെയർ ഓയിൽ, ടൂത്ത് പേസ്റ്റ്, സോപ്പ് എന്നിവയ്ക്കു 12 % കുറഞ്ഞ് നികുതി 18 ശതമാനമായി. ശർക്കരയ്ക്കുണ്ടായിരുന്ന 7.6 ശതമാനവും ധാന്യപ്പൊടികളുടെ ( ബ്രാൻഡ് ചെയ്യാത്ത ആട്ട, മൈദ) 5.7 ശതമാനവും നികുതി ഇല്ലാതായി.

പാൽക്കട്ടിക്കും മിഠായികൾക്കും സ്‌കൂൾ ബാഗുകൾക്കും എൽപിജി സ്റ്റൗവിനും ആറു ശതമാനമാണു നികുതി കുറഞ്ഞത്. എൽഇഡി ബൾബിനു അഞ്ചു ശതമാനവും പഞ്ചസാര, ചന്ദനത്തിരി, ഹെൽമെറ്റ്, സിമന്റ് തുടങ്ങിയവയ്ക്കു നാലു ശതമാനവും നികുതിയിൽ കുറവുണ്ടായെന്നു മന്ത്രി വ്യക്തമാക്കി. പരമാവധി വിൽപ്പനവിലയേക്കാൾ (എംആർപി) അധികം സാധനങ്ങൾക്കു ഈടാക്കാൻ അനുവദിക്കില്ലെന്നും നിയമം അനുസരിക്കാത്തവർക്കെതിരെ കർശന നടപടി എടുക്കുമെന്നും മന്ത്രി അറിയിച്ചു.